ഫോണ്‍ ഉപയോഗത്തിനൊപ്പം തന്നെ നമ്മളുടെ ഹെഡ്‌ഫോണ്‍ ഉപയോഗവും കുറവല്ല. പാട്ടു കേള്‍ക്കാനും സിനിമ കാണാനും എല്ലാം ഹെഡ്ഫോണ്‍ വയ്ക്കുന്നവരാണ് നമ്മളില്‍ പലരും. കോവിഡുമായി ബന്ധപ്പെട്ട് വര്‍ക്ക് ഫ്രം ഹോം ആയതോടുകൂടി ഹെഡ്ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടി.
എന്നാല്‍ ഇതുകൊണ്ട് നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് സംഭവിക്കുക. ചെവിയിലേക്ക് ശബ്ദം തുളച്ചു കയറുന്നത് ദോഷകരമാണ്. ശബ്ദം ഒരുപാട് കൂട്ടിവച്ച് ഹെഡ്ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ ഇത് അപകടകരമാണ്. ഉച്ചത്തിലുള്ള ശബ്ദം കാരണം ഏതാണ്ട് നാല്‍പ്പതു ദശലക്ഷം പേര്‍ക്ക് കേള്‍വിശക്തി നഷ്ടപ്പെടുന്നതായി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) പറയുന്നു.
ഹെഡ്ഫോണിന്റെയും ഇയര്‍ ബഡിന്റെയും തുടര്‍ച്ചയായ ഉപയോഗം കുട്ടികളിലും ചെറുപ്പക്കാരിലും കേള്‍വി തകരാറിനു കാരണമാകുമെന്ന് യു എസിലെ ഒരു സംഘം വിദഗ്ധര്‍. ഒരു വര്‍ഷക്കാലം ശരാശരി ശബ്ദ പരിധിയായ 70 ഡെസിബെല്ലിലും കൂടുതല്‍ ശബ്ദത്തില്‍ പാട്ടു കേള്‍ക്കുന്ന കുട്ടികള്‍, കൗമാരക്കാര്‍, ചെറുപ്പക്കാര്‍ എന്നിവര്‍ക്ക് കേള്‍വിത്തകരാര്‍ ഉണ്ടാകാം.
ഓഡിറ്ററി സിസ്റ്റം വികസിക്കുന്നത് പൂര്‍ണമാകാത്തതു കൊണ്ടാണ് കുട്ടികളില്‍ റിസ്‌ക്ക് കൂടുതലാകുന്നത്. ഇങ്ങനെ കേള്‍വിത്തകരാര്‍ സംഭവിക്കുന്നത് സാമൂഹ്യമായ ഒറ്റപ്പെടല്‍, വീഴ്ചകള്‍ക്കും അപകടങ്ങള്‍ക്കുമുള്ള സാധ്യത, കമ്മ്യൂണിക്കേഷന്‍ പ്രശ്‌നങ്ങള്‍, ഡിമന്‍ഷ്യ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയിലേക്കു നയിക്കാം.
ഇയര്‍ഫോണ്‍ കേള്‍വിയെ ബാധിക്കുന്നത് എങ്ങനെ ?
ഉച്ചത്തിലുള്ള ശബ്ദം തുടര്‍ച്ചയായി കേള്‍ക്കുന്നത് മൂലം കേള്‍വി ശക്തി നഷ്ടപ്പെടാം. ഉച്ചത്തിലുള്ള ശബ്ദം പൊതുവെ ചെവികള്‍ക്ക് ദോഷം ചെയ്യും. സാധാരണ ശബ്ദം പ്രേഷണം ചെയ്യപ്പെടുമ്പോള്‍ അത് ഇയര്‍ കനാലില്‍ ഒരുമിച്ചു ചേര്‍ന്ന് നാഡികളിലൂടെ ഇയര്‍ ഡ്രമ്മിലെത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇയര്‍ ബഡ്സ് വയ്ക്കുമ്പോള്‍ ശബ്ദം കൂടിച്ചേര്‍ന്ന് ഇയര്‍ ഡ്രമ്മിലേക്ക് പതിക്കുകയാണ് ചെയ്യുന്നത്.
ഇയര്‍ ബഡ്സിന്റെ ദീര്‍ഘകാല ഉപയോഗം താല്‍ക്കാലികമായതു മുതല്‍ സ്ഥിരമായതു വരെയുള്ള കേള്‍വി തകരാറിനു കാരണമാകും. ഇത് ഇടയ്ക്കിടെയുള്ള തലവേദന, കേള്‍വി ശക്തി നഷ്ടപ്പെടല്‍, ചെവിയില്‍ മൂളല്‍, തലകറക്കം എന്നിവയ്ക്കു കാരണമാകും.
ഉച്ചത്തിലുള്ള ശബ്ദം തുടര്‍ച്ചയായി കേള്‍ക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദം, വര്‍ധിച്ച ഹൃദയമിടിപ്പ്, ഹൃദയസംബന്ധമായ രോഗങ്ങള്‍ ഇവയ്ക്ക് കാരണമാകുമെന്ന് ലോകാരോഗ്യസംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.
ഹെഡ്ഫോണ്‍ ഒരു സമയം ഒരു ചെവിയില്‍ മാത്രം വയ്ക്കുകയും മറ്റേ ചെവിക്ക് വിശ്രമം കൊടുക്കുകയും ചെയ്യുന്നത് ഗുണകരമായിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഉച്ചത്തിലുള്ള ശബ്ദം എത്രമാത്രം അപകടകരമാണെന്ന വിവരം കുട്ടികളോട് പറഞ്ഞു മനസിലാക്കുക. ഹെഡ്‌ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശബ്ദം കൂട്ടിവയ്ക്കാതെ ശ്രദ്ധിക്കണമെന്ന് അവരോട് പറയാം.