സൗദിയില്‍ നടപ്പായ പുതിയ തൊഴില്‍ നിയമ പ്രകാരം കരാര്‍ അവധി പൂര്‍ത്തിയായാല്‍ ഉടമയുടെ സമ്മതമില്ലാതെ മറ്റൊരു തൊഴിലിടത്തിലേക്ക് മാറാമെന്ന ആനുകൂല്യം പ്രയോജനപ്രദമാകുന്നതു നിലവില്‍ ഇരു കക്ഷികളും തമ്മിലുള്ള കരാറിലെ വ്യവസ്ഥകള്‍ അനുസരിച്ചാണെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഈ വര്‍ഷം മാര്‍ച്ച് 14 മുതാലാണ് ഈ നിയമം പ്രാബല്യത്തില്‍ ആയത്.
തൊഴില്‍ കരാര്‍ മുഖേന തൊഴിലുടമയും ജീവനക്കാരനും തമ്മിലെ ബന്ധം മെച്ചപ്പെടുത്തുക, തൊഴിലുടമയുടെ സമ്മതമില്ലാതെ പ്രവാസികള്‍ക്ക് തൊഴില്‍ മാറാന്‍ അവസരം ഒരുക്കുക തുടങ്ങിയ പ്രത്യേകതകളാണ് നിലവില്‍ പ്രാബല്യത്തില്‍ വന്ന തൊഴില്‍ പരിഷ്‌കാരത്തില്‍ ഉള്ളത്.
തൊഴില്‍ കരാര്‍ അവസാനിക്കുന്ന മുറയ്ക്ക് സ്‌പോണ്‍സറുടെ അനുമതിയില്ലാതെ സ്പോണ്‍സര്‍ഷിപ് മാറാമെന്നതാണ് പുതിയ പരിഷ്‌കാരത്തിലെ പ്രധാന ആനുകൂല്യം.
രാജ്യത്തിനു പുറത്തു പോയി വരുന്നതിന് റീ എന്‍ട്രി വീസ സ്വയം ഇഷ്യൂ ചെയ്യാന്‍ കഴിയുമെന്നതാണു മറ്റൊന്ന്. കരാര്‍ അവസാനിക്കുമ്പോള്‍ ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിട്ടു പോകാനും തൊഴിലാളിക്ക് കഴിയുന്നു. സ്പോണ്‍സര്‍ഷിപ് മാറ്റം സര്‍ക്കാരിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ‘ഖിവ’ വഴിയും രാജ്യത്തു നിന്നുള്ള പോക്കുവരവും രാജ്യം വിടലും ‘അബ്ഷിര്‍’ വഴിയുമാണു സാധ്യമാകുക. എന്നാല്‍ ഇവയെല്ലാം നിലവിലെ കരാര്‍ വ്യവസ്ഥയുമായി ബന്ധപ്പെട്ടാണ് നടക്കുകയെന്നാണു മന്ത്രാലയം സ്ഥിരീകരിക്കുന്നത്.
തൊഴില്‍ വിപണിയിലെ വഴക്കവും ഫലപ്രാപ്തിയും മത്സരശേഷിയും വര്‍ധിപ്പിക്കാന്‍ ഈ സംരംഭം ഉപകരിക്കുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്. സ്‌പോണ്‍സര്‍ വ്യവസ്ഥയില്‍ ഇരുപാര്‍ട്ടികളും ഉണ്ടായിരുന്ന തര്‍ക്കങ്ങളും അവധി, രേഖകള്‍ ശരിയാക്കാന്‍ പോലെയുള്ള ആവശ്യങ്ങള്‍ക്ക് നിലനിന്നിരുന്ന പ്രത്യേക നിയന്ത്രണങ്ങളും ചൂഷണങ്ങളും പുതിയ വ്യവസ്ഥയില്‍ കുറയും. എന്നാല്‍ ഏര്‍പ്പെടുന്ന തൊഴില്‍ കരാറിലെ നിബന്ധനകള്‍ ഈ ആനുകൂല്യങ്ങളെ റദ്ദു ചെയ്യുന്നവയാണോ എന്നു പരിശോധിക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് മന്ത്രാലയത്തിന്റെ ഈ വിശദീകരണത്തിലൂടെ മനസിലാകുന്നത്.
രാജ്യത്തെ തൊഴില്‍ നിയമം അനുശാസിക്കുന്ന വിഭാഗങ്ങളിലെ പ്രൊഫഷന്‍ ഇഖാമയില്‍ രേഖപ്പെടുത്തിയ പ്രവാസികള്‍ക്ക് മാത്രമാണ് ഇങ്ങനെ തൊഴില്‍ മാറ്റം സാധ്യമാകുക. അതോടൊപ്പം തൊഴിലാളി ആദ്യമായി സൗദിയില്‍ എത്തിയവരാണെങ്കില്‍ നിലവിലെ തൊഴിലുടമയുടെ കീഴില്‍ ചുരുങ്ങിയത് 12 മാസമെങ്കിലും പൂര്‍ത്തിയാക്കുക എന്നതും നിര്‍ബന്ധമാണ്.
കൂടാതെ ഒരേ സമയം ഒന്നില്‍ കൂടുതല്‍ തൊഴില്‍ മാറ്റത്തിന് അപേക്ഷിച്ചവരും ആയിരിക്കരുത്. ഒരു അപേക്ഷയില്‍ തീര്‍പ്പ് ആകുന്നത് വരെ മറ്റു തൊഴില്‍ മാറ്റത്തിന് ശ്രമിക്കുന്നത് സാധുവാകില്ല എന്നര്‍ഥം. നിലവില്‍ സമര്‍പ്പിക്കപ്പെട്ട തൊഴില്‍ കരാറിന്റെ അവധി അനുസരിച്ച് അധികൃതര്‍ നല്‍കിയ അറിയിപ്പ് കാലയവളവിനുള്ളിലായിരിക്കും തൊഴില്‍ മാറ്റം സാധ്യമാകുക. വീട്ടു ഡ്രൈവര്‍, ഹോം ഗാര്‍ഡ്, വീട്ടുജോലിക്കാരന്‍, ഇടയന്‍, തോട്ടക്കാരന്‍ അഥവാ കര്‍ഷകന്‍ തുടങ്ങി അഞ്ച് വിഭാഗങ്ങളിലൊഴികെ സ്വകാര്യ മേഖലയിലെ എല്ലാ പ്രവാസി തൊഴിലാളികള്‍ക്കും പുതിയ പരിഷ്‌കാരത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും.