ലോക ചായ ദിനമായി ആചരിക്കുന്ന ദിവസമാണ് ഇന്ന്, അതായത് മേയ് 21. എന്നാല്‍ ലോകത്തെ പ്രമുഖ ചായ നിര്‍മ്മാതാക്കളായ ശ്രീലങ്ക, ഇന്ത്യ, ബംഗ്ലാദേശ്, കെനിയ, മലാവി, ഇന്തൊനേഷ്യ, മലേഷ്യ, വിയറ്റ്നാം, ഉഗാണ്ട, ടാന്‍സാനിയ തുടങ്ങിയ രാജ്യങ്ങളെല്ലാം ഡിസംബര്‍ 15നാണ് ചായ ദിനം ആഘോഷിക്കുന്നത്.
നമ്മുടെ നിത്യജീവിതത്തില്‍ ചായയ്ക്കുള്ള പങ്കും ചായയോട് മനുഷ്യര്‍ക്കുള്ള അടുപ്പവുമൊക്കെ കൊണ്ടാണ് ചായക്ക് വേണ്ടി ഒരു ദിനം മാറ്റിവെക്കുന്നത്. മിക്കവരുടെയും ദിവസം തുടങ്ങുന്നത് തന്നെ ഒരു കപ്പ് ചായയുടെ അകമ്പടിയോട് കൂടിയാണ്. അല്‍പം ഉന്മേഷക്കുറവോ, മടുപ്പോ, നിരാശയോ തോന്നിയാല്‍ പോലും ആദ്യം ആശ്രയിക്കുക ചായയെ ആണ്.
അതേസമയം, ആരോഗ്യകാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നവര്‍ ചായ ഒഴിവാക്കുന്നതായും കാണാറുണ്ട്. അങ്ങനെയെങ്കില്‍ ചായ അനാരോഗ്യകരമാണെന്ന് കരുതേണ്ടിവരില്ലേ? ചായ മിതമായ അളവില്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഒരു കോട്ടവും വരുത്തില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ പഞ്ചസാരയുടെ ഉപയോഗം ജാഗ്രതയോടെ മതി. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ ചായയെ അകറ്റിനിര്‍ത്തേണ്ടി വരില്ല. ചായയെ കുറിച്ച് നിലനില്‍ക്കുന്ന ചില അശാസ്ത്രീയമായ വാദങ്ങളെ കുറിച്ച് അറിയാം.
ചായയില്‍ പാല് ചേര്‍ത്താല്‍ അത് ആരോഗ്യത്തിന് നന്നല്ലെന്നുള്ള വാദം മിക്കവരും കേട്ടുകാണും. അതുപോലെ തന്നെ പാല്‍ ചേര്‍ക്കുന്നതോടു കൂടി ചായയുടെ ഗുണങ്ങള്‍ നഷ്ടമാകുമെന്നും ചിലര്‍ വാദിക്കാറുണ്ട്. എന്നാല്‍ ഈ രണ്ട് വാദങ്ങളും സത്യമല്ല. പാല്‍ ചേര്‍ക്കുന്നു എന്നതുകൊണ്ട് തേയിലയുടെ ഗുണങ്ങള്‍ ഒരിക്കലും നഷ്ടപ്പെടില്ല. പാല്‍ ചേര്‍ത്ത് ചായ കഴിക്കുന്നത് ആരോഗ്യത്തിന് വെല്ലുവിളിയുമല്ല. എന്നാല്‍ ചായ അമിതമായി കഴിക്കാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക.
ചായയ്ക്ക് ‘എക്സ്പെയറി ഡെയ്റ്റ്’ ഇല്ല, അഥവാ തേയില കേടുവരാത്ത ഒന്നാണ് എന്ന് പലരും ധരിക്കാറുണ്ട്. അത് സത്യമല്ല. തേയിലയും ഒരു സമയം കഴിഞ്ഞാല്‍- അതല്ലെങ്കില്‍ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിലെല്ലാം ചീത്തയായിപ്പോകുന്നത് തന്നെയാണ്. തേയിലയുടെ പ്രകൃതിദത്തമായ ഗന്ധത്തില്‍ വ്യത്യസ്തമായ ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ തേയില ചീത്തയായതായി മനസിലാക്കാം. പ്രധാനമായും ഗന്ധത്തിലെ വ്യത്യാസത്തിലൂടെ തന്നെയാണ് ഇത് മനസിലാവുക.
വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഗ്രീന്‍ ടീയെ ധാരാളമായി ആശ്രയിക്കുന്നത് കാണാറുണ്ട്. എന്നാല്‍ ഗ്രീന്‍ ടീ കഴിച്ചത് കൊണ്ട് മാത്രം വണ്ണം കുറയ്ക്കാനാകില്ല. ഡയറ്റും വ്യായാമവും ഇതിനൊപ്പം ചെയ്യേണ്ടതുണ്ട്.
ചായയിലടങ്ങിയിരിക്കുന്ന ‘കഫീന്‍’ ഒഴിവാക്കുന്നതിനായി ‘ഡീ- കഫിനേറ്റഡ്’ തേയില വാങ്ങി ഉപയോഗിക്കുന്നവരുണ്ട്. ഈ ‘ഡീ-കഫിനേറ്റഡ്’ തേയിലയിലും ഒരളവ് വരെ ‘കഫീന്‍’ അടങ്ങിയിരിട്ടുണ്ട്. ഇത് പലര്‍ക്കുമറിയില്ല. ഒരു കപ്പ് ചായയാണ് ഇതുവച്ച് തയ്യാറാക്കുന്നതെങ്കില്‍ അതില്‍ ഉദ്ദേശം 2-10 മില്ലിഗ്രാം വരെ ‘കഫീന്‍’ കാണുമത്രേ.