Home വിനോദം 1000 രൂപക്കുള്ളില്‍ ഒരു ദ്വീപ് യാത്ര പോയാലൊ!, എങ്ങനെയെന്നറിയാം

1000 രൂപക്കുള്ളില്‍ ഒരു ദ്വീപ് യാത്ര പോയാലൊ!, എങ്ങനെയെന്നറിയാം

യാത്രകള്‍ ഇഷ്ടമില്ലാത്തവര്‍ വളരെ കുറവാണ്. എന്നാല്‍ യാത്രാ ചെലവ് എപ്പോഴും യാത്രകളെ നീട്ടിവെപ്പിക്കാറുണ്ട്. ഏറ്റവും കുറഞ്ഞ ചെലവില്‍ ഒരു അടിപൊളി ദ്വീപ് യാത്രയെ കുറിച്ചാണ് ഈ ഫീച്ചര്‍. അധികം ദൂരത്തൊന്നുമല്ല. കര്‍ണ്ണാടകയിലെ ഉഡുപ്പിയാണ് സ്ഥലം.

ഉഡുപ്പിയിലെ മല്‍പെ എന്ന സ്ഥലത്താണ് മനോഹരമായ സെന്റ് മേരീസ് എന്ന ദ്വീപുള്ളത്. കേരളത്തില്‍നിന്ന് എപ്പോഴും ട്രയിന്‍ സര്‍വീസുള്ള സ്ഥലമാണ് ഉഡുപ്പി. എറണാകുളത്തുനിന്ന് ഏകദേശം 200 രൂപയാണ് ഉഡുപ്പിയിലേക്ക്. ഉഡുപ്പിയില്‍ ട്രയിന്‍ ഇറങ്ങിയാല്‍ ബസ്റ്റാന്റിലേക്ക് പോയാല്‍ മല്‍പെയിലേക്ക് ബസ് ലഭിക്കും. പത്ത് രൂപയാണ് ടികറ്റ് ചാര്‍ജ്.

പിന്നീട് മല്‍പെ ഹാര്‍ബറില്‍ എത്തണം. ഇവിടെ നിന്ന് വെറും ഇരുപത് മിനിറ്റ് ബോട്ട് യാത്ര അല്‍പ്പം സാഹസികത നിറഞ്ഞതാണ്. പാട്ടും ഡാന്‍സും കടലിന്റെ ആര്‍ത്തിരമ്പലുമൊക്കെയായി നല്ലൊരു കടല്‍യാത്രയും അനുഭവിക്കാം. മടക്കയാത്ര ഉള്‍പ്പെടെ 250രൂപയാണ് ടിക്കറ്റിന്.

സെന്റ് മേരീസ് ദ്വീപിലെത്തിക്കഴിഞ്ഞാല്‍ തെങ്ങിന്‍ തോപ്പുകളും ശില്‍പ്പങ്ങള്‍ക്ക് സമാനമായ കരിങ്കല്‍ കൂട്ടങ്ങളും തെളിഞ്ഞ ജലാശയങ്ങളും ഈ അത്ഭുതദ്വീപ് സഞ്ചാരികളുടെ മനം കവരും.

നാല് ദ്വീപുകളുടെ ഒരു സമന്വയമാണ് സെന്റ്‌മേരീസ് ദ്വീപ്. 1498ല്‍ വാസ്‌കോ ഡി ഗാമ കണ്ടെത്തിയതാണ് ഈ ദ്വീപെന്നും ചരിത്രമുണ്ട്. സെപ്തംബര്‍ മുതല്‍ മെയ് മാസം വരെയാണ് സെന്റ് മേരീസ് ഐലന്റ് യാത്രയ്ക്ക് നല്ലത്.

വൈകീട്ട് നാലുമണിയോടെ തിരിച്ചുപോരാം.