Home ആരോഗ്യം കോവിഡ് 19 വൈറസ് വെള്ളത്തിലൂടെ പകരുമോ? സംശയങ്ങള്‍ക്ക് മറുപടിയുമായി ഗവേഷകര്‍

കോവിഡ് 19 വൈറസ് വെള്ളത്തിലൂടെ പകരുമോ? സംശയങ്ങള്‍ക്ക് മറുപടിയുമായി ഗവേഷകര്‍

ലോകത്തെ ഡോക്ടര്‍മാര്‍ക്കോ ഗവേഷകര്‍ക്കോ യാതൊരു പരിചയവുമില്ലാത്തൊരു രോഗബാധയാണ് ഇന്ന്് നമ്മളെയോരുരുത്തരേയും കഷ്ടപ്പെടുത്തുന്ന കൊറോണ വൈറസ് എന്ന കോവിഡ് 19. അതിനാല്‍ തന്നെ ഈ രോഗകാരിയുടെ പൂര്‍ണ്ണമായൊരു ചിത്രം ഇപ്പോഴും തയ്യാറാക്കാന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടുമില്ല. ലക്ഷക്കണക്കിന് ആളുകള്‍ കൊറോണ വന്ന് ഇതിനോടകംം മരിച്ച് വീണു. ഇനി എത്ര മരണങ്ങള്‍ എന്നൊരു പിടിയുമില്ല.

ഗവേഷകരൊന്നടങ്കം ഈ സര്‍വ്വനാശിയായ വൈറസിനെ വരുതിയിലാക്കാനുള്ള ശ്രമത്തിലാണ്. ഓരോ ദിവസവും കൊവിഡുമായി ബന്ധപ്പെട്ട പുതിയ പഠനങ്ങളും നിരീക്ഷണങ്ങളും പുറത്തുവരുന്നു. മുമ്പ് കണ്ടെത്തിവച്ച സൂചനകള്‍ തകരുകയും പകരം അതില്‍ നിന്ന് വ്യത്യസ്തമായ സൂചനകള്‍ ഉരുത്തിരിഞ്ഞുവരികയുമാണ്.

എന്തായാലും ഇതുവരെയുള്ള തെളിവുകള്‍ വച്ചുകൊണ്ട് ചില കാര്യങ്ങളെങ്കിലും ഗവേഷകര്‍ക്ക് ഉറപ്പിച്ച് പറയാനാകും. അത്തരത്തില്‍, ഇന്ന് കൊവിഡുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഒരു സംശയത്തെ കുറിച്ച് വിശദീകരിക്കുകയാണ്, ലോകാരോഗ്യ സംഘടനയുടെ വക്താവും പകര്‍ച്ചവ്യാധി വിദഗ്ധയുമായ ഡോ. സില്‍വീ ബ്രയാന്‍ഡ്.

വായുവിലൂടെ കൊവിഡ് പകരാന്‍ സാധ്യതയുണ്ട് എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ വെള്ളത്തിലൂടെയും ഇത് പകരുമോയെന്ന സംശയം ശക്തമായിരുന്നു. അതുപോലെ തന്നെ കാലാവസ്ഥ എത്രമാത്രം കൊവിഡ് വ്യാപനത്തെ സ്വാധീനിക്കുന്നുണ്ട് എന്ന സംശയവും.

എന്നാല്‍ വെള്ളത്തിലൂടെ ഒരു തരത്തിലും കൊവിഡ് 19 പകരുകയില്ലെന്നാണ് ഡോ. സില്‍വീ ഉറപ്പുതരുന്നത്. ഉദാഹരണമായി, ഒരു സാഹചര്യവും ഇവര്‍ വിശദീകരിക്കുന്നു. കൊവിഡ് ബാധിച്ചയാള്‍ കുളിക്കുന്ന ഒരു സ്വിമ്മിംഗ് പൂള്‍. ഇതേ പൂളില്‍ രോഗമില്ലാത്ത ഒരാള്‍ കുളിക്കുന്നു. എന്നാല്‍ അതുകൊണ്ട് രണ്ടാമനില്‍ കൊവിഡ് ബാധയുണ്ടാകില്ലെന്നാണ് ഡോ. സില്‍വീ വ്യക്താക്കുന്നത്.

രണ്ട് പേരും ഒരേ സമയത്ത് കുളിച്ചാല്‍ പോലും രോഗം പകരില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. അതേ സമയം ഇരുവരും അടുത്തിടപഴകിക്കൊണ്ടാണ് പൂളില്‍ സമയം ചിലവിടുന്നതെങ്കില്‍ തീര്‍ച്ചയായും രോഗബാധയുണ്ടായേക്കാമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

സമാനമായിത്തന്നെ, കൊവിഡ് വ്യാപനത്തില്‍ കാലാവസ്ഥയ്ക്ക് കാര്യമായ സ്വാധീനമില്ലെന്നും ഡോക്ടര്‍ പറയുന്നു. ചൂട് കൂടിയ രാജ്യങ്ങളിലും തണുപ്പ് കൂടിയ രാജ്യങ്ങളിലുമെല്ലാം ഒരുപോലെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതേസമയം, തണുപ്പുള്ള മേഖലകളില്‍ വെന്റിലേഷനില്ലാതെ പലരും ഒരേ കെട്ടിടത്തില്‍ താമസിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ അത് രോഗവ്യാപനം എളുപ്പത്തിലാക്കുമെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു.