നീണ്ട ഇരുപത്തിയഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തങ്ങളുടെ ബ്രൌസര്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്. 2022 ജൂണ്‍ 15ന് ആണ് സേവനങ്ങള്‍ നിര്‍ത്തുന്നതെന്ന് മൈക്രോസോഫ്റ്റ് ഔദ്യോഗികമായി അറിയിച്ചു. ലോകത്ത് ഇന്നുള്ളതില്‍ വെച്ച് ഏറ്റവും പഴക്കം ചെന്ന ഇന്റര്‍നെറ്റ് ബ്രൗസര്‍ ആണിത്.
ഇതിന് പകരമായി ഉപയോക്താക്കള്‍ മൈക്രോസോഫ്റ്റിന്റെ പുതിയ ബ്രൗസറായ എംഎസ് എഡ്ജ് ഉപയോഗിക്കാനാണ് കമ്പനി നിര്‍ദേശിക്കുന്നത്. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിലെ പ്രധാന ഫീച്ചറുകള്‍ കഴിഞ്ഞ വര്‍ഷം തന്നെ മൈക്രോസോഫ്റ്റ് പിന്‍വലിച്ചിരുന്നു. ചില നിയന്ത്രിത ഫീച്ചറുകളുമായാണ് ഇപ്പോള്‍ എക്‌സ്‌പ്ലോറര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് പൂര്‍ണ്ണമായി അടുത്ത വര്‍ഷത്തോടെ അവസാനിപ്പിക്കും.
വരുന്ന നവംബര്‍ 30ന് ഐഇയുമായുള്ള ബന്ധം മൈക്രോസോഫ്റ്റ് ടീം അവസാനിപ്പിക്കും. ഇതിലൂടെ മൈക്രോസോഫ്റ്റ് 365, ഔട്ട് ലുക്ക് മെയില്‍, വണ്‍ ഡ്രൈവ് എന്നീ സേവനങ്ങള്‍ ഐഇ വഴി നടത്താന്‍ സാധിക്കില്ല. ഇപ്പോള്‍ വിരമിക്കല്‍ തീയതി പ്രഖ്യാപിച്ചതാണെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രധാന്യം നഷ്ടപ്പെട്ട ഒരു ബ്രൌസറാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ എന്നാണ് ടെക് ലോകം വിലയിരുത്തുന്നത്.
ലോകത്തെ ഇന്റര്‍നെറ്റ് ചരിത്രത്തിന്റെ ഭാഗമാണ് ഐഇ. ലോകത്ത് ആദ്യമായി ഒരു ടെക് ഭീമനും സര്‍ക്കാര്‍ സംവിധാനവും നേരിട്ട് നിയമപോരാട്ടം നടത്തുന്നതിന് കാരണമായത് ഐഇ ആണ്. യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റും, ഐഇ ഉടമകളായ മൈക്രോസോഫ്റ്റും തമ്മിലുള്ള ഈ നിയമയുദ്ധമാണ് ഇന്ന് ലോകത്തുള്ള ഒട്ടുമിക്ക ബ്രൌസറുകളും സൗജന്യ ഉപയോഗത്തിന് ലഭിക്കുന്നതിലേക്ക് നയിച്ചത്.
2004ല്‍ ലോകത്തിലെ വെബ് ബ്രൌസറുകളില്‍ 90 ശതമാനം ഐഇ ആയിരുന്നു. എന്നാല്‍ 2021ല്‍ എത്തി നില്‍ക്കുമ്പോള്‍ ഉപയോഗത്തില്‍ പോലും 1 ശതമാനത്തിന് അടുത്താണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ സ്ഥാനം.