Home വിശ്വാസം ഹായ് വിഷുക്കൈനീട്ടം!

ഹായ് വിഷുക്കൈനീട്ടം!

വിഷുവിന് കാരണവന്മാര്‍ നല്‍കുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം. കൈനീട്ടം ഒരു വര്‍ഷത്തെ സമൃദ്ധിയുടെ സൂചകമായി കാണുന്നവരുണ്ട്.
അച്ഛനോ മുത്തശ്ശനോ അമ്മാവനോ വീട്ടിലെ മുതിര്‍ന്നവരോ ആണ് കൈനീട്ടം നല്‍കുക. കണി ഉരുളിയിലെ നെല്ലും അരിയും കൊന്നപ്പൂവും സ്വര്‍ണ്ണവും ചേര്‍ത്തുവേണം വിഷുക്കൈനീട്ടം നല്‍കാന്‍. നാണയമാണ് കൈനീട്ടമായി നല്‍കുക.


കൈയില്‍ കിട്ടിയ നാണയമെടുത്ത് സ്വര്‍ണ്ണവും ധാന്യവും തിരിച്ചു വയ്ക്കും. കൊന്നപ്പൂ കണ്ണോടു ചേര്‍ത്ത് തലയില്‍ ചൂടും.
ഉച്ചയ്ക്ക് മുന്‍പ് കണിയാർ വീട്ടിലെത്തി വിഷുഫലം പറയുന്ന പതിവ് നാട്ടിൻ പുറങ്ങളിലുണ്ടായിരുന്നു.
വിഷുവിന് കൃഷിപ്പണി തുടങ്ങണമെന്നാണ് സങ്കല്‍പം. അതുകൊണ്ട് അരിമാവണിയിച്ച് പൂജിച്ച കലപ്പയും കൈക്കോട്ടുമായി ആണുങ്ങള്‍ കാരണവരുടെ നേതൃത്വത്തില്‍ വയലിലേക്ക് ഇറങ്ങുന്ന പതിവും നേരത്തേ ഉണ്ടായിരുന്നു.
നേദിച്ച അട വയലില്‍ സമര്‍പ്പിച്ച ശേഷം ചെറു ചാലുകള്‍ കീറി ചാണകവും പച്ചിലയും ഇട്ട് മൂടുന്നു. ഇതിനെ വിഷുച്ചാല്‍ കീറുക എന്നാണ് പറയുക.