Home ആരോഗ്യം കോവിഡിന് പ്രത്യേകമായൊരു മരുന്ന്; മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയായി

കോവിഡിന് പ്രത്യേകമായൊരു മരുന്ന്; മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയായി

കോവിഡ് 19 എന്ന മഹാമാരി രണ്ട് വര്‍ഷത്തോളമായി നമ്മെ വേട്ടയാടി കൊണ്ടിരിക്കുകയാണ്. ഒന്നാം തരംഗവും രണ്ടാം തരംഗവും നമ്മെ അതിഭീകരമായി ബാധിച്ചപ്പോള്‍ മൂന്നാം തരംഗം വലിയ രീതിയില്‍ നാശം വിതച്ചില്ല. അതിന് കാരണം കോവിഡ് വാക്സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ്. മൂന്നാം തരംഗത്തില്‍ കൊവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെയും ജീവന്‍ നഷ്ടപ്പെടുന്നവരുടെയും എണ്ണം കുറവായിരുന്നു.

വാക്സിന്‍ സ്വീകരിച്ചാലും രോഗം പിടിപെടും. . എന്നാല്‍ രോഗതീവ്രത കുറയ്ക്കാനാണ് പ്രധാനമായും വാക്സിന്‍ സഹായകമാകുന്നത്. ഇപ്പോഴും കോവിഡിന് മാത്രമായൊരു ചികിത്സയോ മരുന്നോ നമുക്ക് ലഭ്യമായി തുടങ്ങിയിട്ടില്ല. വാക്സിനെ തന്നെയാണ് നാമിപ്പോഴും ആശ്രയിക്കുന്നത്. ഇതിനിടെ ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ഹെട്ടറോ’ എന്ന മരുന്ന് കമ്പനി കോവിഡിന് മാത്രമായുള്ള മരുന്നില്‍ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ഇവരുടെ മൂന്നാം ഘട്ട പരീക്ഷണവും പൂര്‍ത്തിയായിരിക്കുകയാണ്.

പ്രതീക്ഷയേകുന്ന ഫലമാണ് മൂന്നാം ഘട്ട പരീക്ഷണത്തില്‍ ലഭിച്ചതെന്നാണ് കമ്പനി അറിയിക്കുന്നത്. ‘മോവ്ഫോര്‍’ എന്നാണ് ഈ മരുന്നിന്റെ പേര്. ഈ മരുന്നും രോഗിക്ക് ആവശ്യത്തിന് കരുതലും വിശ്രമവും കൂടി ലഭിക്കുകയാണെങ്കില്‍ കൊവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെടാനുള്ള സാധ്യത 65 ശതമാനത്തോളം കുറയ്ക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

രോഗം ബാധിച്ച ശേഷം, കുറഞ്ഞ സമയം കൊണ്ട് തന്നെ ടെസറ്റ് ഫലം നെഗറ്റീവ് ആയിവരാനും ‘മോവ്ഫോര്‍’ സഹായകമാണെന്ന് കമ്പനി അവകാശപ്പെടുന്നു. അതായത് ശരീരത്തില്‍ നിന്ന് വൈറസിനെ എളുപ്പത്തില്‍ പുറന്തള്ളാന്‍ മരുന്ന് സഹായിക്കുന്നു എന്ന് ചുരുക്കം. അഞ്ച് ദിവസമേ ഇതിന് വേണ്ടിവരികയുള്ളൂ എന്നാണ് കമ്പനി അറിയിക്കുന്നത്.

പരീക്ഷണഘട്ടത്തില്‍ ആരിലും മരുന്ന്, ഗുരുതരമായ മറ്റ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചില്ലെന്നും മൂന്നാം ഘട്ടത്തില്‍ 1,218 രോഗികളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തതെന്നും ‘ഹെട്ടറോ’ അറിയിച്ചു. ‘മോവ്ഫോര്‍’ 800 എംജി, ദിവസവും രണ്ട് നേരമാണ് രോഗികള്‍ക്ക് നല്‍കിയിരുന്നത്.