Home അറിവ് ശ്വസിക്കുന്ന വായുവിലൂടെ അകത്ത് കയറും, സൂക്ഷിക്കണം ബ്ലാക്ക് ഫംഗസിനെ; മുന്‍കരുതലുകള്‍ അറിയാം

ശ്വസിക്കുന്ന വായുവിലൂടെ അകത്ത് കയറും, സൂക്ഷിക്കണം ബ്ലാക്ക് ഫംഗസിനെ; മുന്‍കരുതലുകള്‍ അറിയാം

കോവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ രൂക്ഷമായി തുടരുകയാണ്. ഇതിനിടെ ബ്ലാക് ഫംഗസ് രോഗികളുടെ എണ്ണവും ഉയരുന്നത് ആശങ്കകള്‍ക്ക് ഇടയാക്കുകയാണ്. വീടുകള്‍ക്ക് അകത്തും പുറത്തുമായി പൊതുവേ കാണുന്ന മ്യൂകര്‍മൈസറ്റിസ് എന്നു വിളിക്കപ്പെടുന്ന പൂപ്പലുകളില്‍ നിന്നാണ് മ്യൂകര്‍മൈകോസിസ് അഥവാ ബ്ലാക് ഫംഗസ് എന്ന രോഗബാധയുണ്ടാകുന്നത്.

രോഗം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ബ്ലാക് ഫംഗസ് ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്നും എന്ത് മുന്‍കരുതലുകളാണ് സ്വീകരിക്കേണ്ടതെന്നും അറിയാം.

മൂക്ക്, കണ്ണ് എന്നീ അവയവങ്ങളെയാണ് ബ്ലാക് ഫംഗസ് ഏറ്റവും കൂടുതലായി ബാധിക്കുന്നത്. ഇതുകൊണ്ട് തന്നെ എല്ലാതരം മൂക്കടപ്പും ബ്ലാക് ഫംഗസ് ആണെന്ന് സംശയിക്കുന്നവരാണ് അധികവും. കോവിഡ് മാറിക്കഴിഞ്ഞാലും സൈനസൈറ്റിസ് തുടരുന്നതാണ് പലരെയും ഈ ആശങ്കയിലേക്കെത്തിക്കുന്നത്. സൈനസൈറ്റിസിന്റെ ലക്ഷണങ്ങള്‍ ബ്ലാക്ക് ഫംഗസ് ബാധിതരില്‍ കാണപ്പെടാറുണ്ടെങ്കിലും ദീര്‍ഘനാള്‍ ഐസിയുവില്‍ കിടന്ന് സ്റ്റിറോയിഡ് എടുത്തവര്‍, പ്രതിരോധം കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, പ്രമേഹ രോഗികള്‍, അര്‍ബുദ രോഗികള്‍, അവയവ മാറ്റം കഴിഞ്ഞ് മരുന്നു കഴിക്കുന്നവര്‍, എച്ച്‌ഐവി രോഗ ബാധിതര്‍ തുടങ്ങിയവരാണ് സൂക്ഷിക്കേണ്ടത്.

മൂക്കടപ്പ്, മൂക്കിന്റെ പുറത്ത് വേദന, കണ്ണ് വീര്‍ക്കുക, മുഖത്തിന്റെ ഒരു വശം തന്നെ വീര്‍ത്ത് അവിടെ വേദനയും മരവിപ്പും ഒക്കെ അനുഭവപ്പെടുക എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം. ചികിത്സ വൈകുമ്പോഴാണ് മൂക്കിന്റെ പുറത്തെ തൊലിയും മുഖത്തെ തൊലിയുമൊക്കെ പോയി അവിടെ കറുപ്പ് നിറം വരുന്നത്. അവിടുത്തെ രക്തക്കുഴലുകള്‍ അടയുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

കേരളത്തിലെ ഈര്‍പ്പം കൂടിയ കാലാവസ്ഥയില്‍ ഈ ഫംഗസ് വളരെയധികം അന്തരീക്ഷ വായുവില്‍ നില്‍ക്കും. ശ്വസിക്കുന്ന വായുവിലൂടെയാണ് ഈ ഫംഗസ് ശരീരത്തിലേക്ക് കയറുന്നുത്. അതുകൊണ്ട് ഓരോരുത്തരുടെയും പ്രതിരോധ ശക്തിയാണ് ഫംഗസിനെ ചെറുക്കാന്‍ സഹായിക്കുന്നത്. പ്രതിരോധം സാധ്യമല്ലാത്ത പ്രമേഹ രോഗികള്‍, അവയവ മാറ്റം നടത്തിയവര്‍, കാന്‍സര്‍ രോഗികള്‍ തുടങ്ങിയവരില്‍ കൂടുതല്‍ ശ്രദ്ധ വേണം. പ്രമേഹം അനിയന്ത്രിതമാകുന്ന സാഹചര്യങ്ങളിലാണ് ഫംഗസ് ശരീരത്തിനുള്ളില്‍ കയറിപ്പറ്റുന്നത്, അതിനാല്‍ ഷുഗര്‍ ലെവല്‍ നിയന്ത്രിതമായിത്തന്നെ നിര്‍ത്തണം.

മാലിന്യം കൂട്ടിയിടുന്ന സ്ഥലങ്ങള്‍, നിര്‍മാണം നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഈ ഫംഗസ് ഉണ്ട്. സുരക്ഷിതമായ ചുറ്റുപാടുകളില്‍ താമസിച്ച് സ്വയം സുരക്ഷ ഉറപ്പാക്കുകയാണ് വേണ്ടത്.