Home പ്രവാസം യുഎഇയിലേക്ക് പോകാം ദാ ഇങ്ങനെ…..

യുഎഇയിലേക്ക് പോകാം ദാ ഇങ്ങനെ…..

സന്ദർശകർക്കുള്ള ഇ- വീസകൾ

യുഎഇയിലെ താമസ കുടിയേറ്റ വകുപ്പുകള്‍ വഴി വിതരണം ചെയ്യുന്നതാണ് ഇ- വിസകൾ. സ്വകാര്യ സ്ഥാപനങ്ങൾ , സുഹൃത്തുക്കൾ , യുഎഇയിലുള്ള ബന്ധുക്കൾ വഴി ഇ – വീസകിട്ടാൻ അപേക്ഷിക്കാം. രാജ്യത്തിനു പുറത്തുള്ള കുടുംബാംഗങ്ങളെ കൊണ്ടുവരാനായി ഇത്തരം വീസയ്ക്ക് അപേക്ഷിക്കാൻ അധികൃതർ അനുമതി നൽകിയിട്ടുണ്ട്. വരുന്ന വ്യക്തിയും അപേക്ഷകനും തമ്മിലുള്ള ബന്ധം അപേക്ഷാസമയത്ത് വ്യക്തമാക്കണം.
വിവിധ എമിറേറ്റുകളിലുള്ള താമസ കുടിയേറ്റ വകുപ്പ് കാര്യാലയങ്ങളിൽ കയറിയിറങ്ങാതെ വീസയ്ക്ക് അപേക്ഷിക്കാം എന്നതാണ് ഇ-വിസയുടെ നേട്ടം.ഇതിനുപുറമേ , യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്‍മാർട്ട് സംവിധാനമായ ആപ്പ് പ്രയോജനപ്പെടുത്തിയും വിസാ വഴികൾ തുറക്കാം.

രണ്ടു തരം സന്ദർശന വിസകളാണ് ആഭ്യന്തര മന്ത്രാലയം നൽകുന്നത്. 30 ദിവസം കാലാവധിയുള്ളതും, 90 ദിവസം കാലാവധിയുള്ളതുമായ വീസകളാണിത്.
ഓരോ വീസയ്ക്കും നൽകേണ്ട നിരക്ക്, വീസ ലഭിക്കാൻ എടുക്കുന്ന സമയം, പണമടക്കേണ്ടേ രീതി, ആവശ്യമായ രേഖകള്‍ , അനുബന്ധ വ്യവസ്ഥകള്‍ തുടങ്ങിയ മുഴുവൻ സേവന വിവരങ്ങളും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ സ്പോണ്‍സര്‍ നല്‍കിയ ഇ–മെയില്‍ വിലാസത്തില്‍ വിസ അയച്ച് നൽകും.

ശ്രദ്ധിക്കുക:
വെബ്സൈറ്റ് വഴിയുള്ള ഇ -വിസാ സേവനങ്ങള്‍ക്കും സ്മാര്‍ട്ട് സംവിധാനം പ്രയോജനപ്പെടുത്തിയുള്ള അപേക്ഷകള്‍ക്കും അപേക്ഷകന്‍ നേരത്തെ വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തിരിക്കണം എന്ന വ്യവസ്ഥയുണ്ട്.

ഇ – ചാനല്‍ വഴിയുള്ള വീസകള്‍..
താമസ കുടിയേറ്റ വകുപ്പിന്റെ ഇ- ചാനലുകളാണ് വീസാ അപേക്ഷിക്കാനുള്ള മറ്റൊരു വഴി. ആഭ്യന്തര മന്ത്രാലയത്തിന്റെ സ്മാർട്ട് ഗേറ്റിൽ റജിസ്റ്റർ ചെയ്ത ടൈപ്പിങ് സെന്ററുകൾ അടക്കമുള്ള കാര്യാലയങ്ങള്‍ ഇ- ചാനലുകളാണ്. താമസ കുടിയേറ്റ വകുപ്പുകളുടെ ഉപഭോക്‌തൃ സേവന സെന്ററുകൾ സന്ദർശിക്കാതെ അപേക്ഷകർക്ക് വീസാ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും.

സന്ദർശക, ഗാർഹിക വീസകൾക്ക് അപേക്ഷിക്കാവുന്ന വിഭാഗം
സ്വദേശികൾ : സ്പോൺസർഷിപ്പിൽ വിസാഅപേക്ഷകൾ പൂർത്തിയാക്കാം.
യുഎഇയിൽ താമസിക്കുന്ന വിദേശികൾ : താമസ കുടിയേറ്റ വകുപ്പുകളുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തി വീസാ അപേക്ഷകൾ സമർപ്പിക്കുകയും പുതുക്കുകയും റദ്ദാക്കുകയും ചെയ്യാം.
ജിസിസി പൗരന്മാർ : അവരുടെ സ്പോൺസർഷിപ്പിൽ വീസാ അപേക്ഷകൾ സമർപ്പിക്കാം.
ജിസിസി രാജ്യങ്ങളിലുള്ള വിദേശികൾ : സന്ദർശക വീസയ്ക്കുള്ള ഇ – വിസകൾക്ക് അപേക്ഷിക്കാം. എന്നാൽ അവർ യു എ ഇ യിലേക്ക് വരുന്നതിനു മുൻപുതന്നെ അപേക്ഷകൾ സമർപ്പിക്കണമെന്നാണ് ചട്ടം. വിസാ അനുമതി വരാതെ പുറപ്പെടരുതെന്നും നിർദേശമുണ്ട്. ഇവരുടെ കൂടെ ബന്ധുക്കളോ ഉറ്റവരോ ഉണ്ടെങ്കിൽ അവരുടെ യാത്ര, അപേക്ഷകൻറെ കൂടെ ആയിരിക്കണം. ഒന്നിച്ചു അപേക്ഷിച്ച ആശ്രിത വിസകളിൽ തനിച്ചുള്ള യാത്ര അനുവദിക്കുന്നതല്ല.

സന്ദർശകർ : സന്ദർശക വീസയ്ക്ക് വ്യവസ്ഥകളോടെ അപേക്ഷിക്കാം.

ആശ്രിത വീസകൾ:
യുഎഎയിലുള്ള ബന്ധുക്കൾ, രക്തബന്ധമുള്ളവർ , സുഹൃത്തുക്കൾ എന്നിവർക്കെല്ലാം 30,90 ദിവസം കാലാവധിയുള്ള വീസകൾക്ക് അപേക്ഷിക്കുന്നതിന് അനുമതിയുണ്ട്. അപേക്ഷകൻ വീസയ്ക്കായി സുരക്ഷാ തുക താമസ കുടിയേറ്റ വകുപ്പിൽ നൽകണം എന്നത് വിസ ലഭിക്കാൻ വ്യവസ്ഥയാണ്. സന്ദർശകൻ രാജ്യം വിടുമ്പോൾ ഈ തുക തിരിച്ചു നൽകും.

വീസാ നടപടികൾ ഇങ്ങനെ:
അംഗീകാരമുള്ള ടൈപ്പിങ് സെന്ററിൽ നിന്നും വീസാ അപേക്ഷകൾ ടൈപ്പ് ചെയ്യുക .താമസ കുടിയേറ്റ വകുപ്പ് കാര്യാലയങ്ങളിലെ വീസാ വകുപ്പിൽ അപേക്ഷ നൽകുക

വീസയുടെ പകർപ്പ് വിദേശത്ത് നിന്നു വരുന്ന വ്യക്തിക്ക് അയച്ചു കൊടുക്കുക. ഒറിജിനൽ വിസ ഏതു വിമാന ത്താവളം വഴിയാണോ വരുന്നത് അവിടത്തെ വിസ വിഭാഗത്തിൽ 48 മണിക്കൂറിനു മുൻപ് നൽകാം.

ടൂറിസ്റ്റ് വീസകൾ:
ലോകത്തുള്ള ഏതൊരു വിനോദ സഞ്ചാരിക്കും യുഎഇയിൽ എത്താനുള്ളതാണ് ആഭ്യന്തര മന്ത്രാലയം ആവിഷ്കരിച്ച ടൂറിസ്റ്റ് വീസ.
30 ദിവസം ഇവിടെ തങ്ങാൻ കഴിയുന്നതാണിത്. നിശ്ചിത വിമാന കമ്പനികൾ, ഹോട്ടലുകൾ, ടൂറിസ്റ്റ് മേഖലയിലെ സംഘടനകൾ എന്നിവയ്ക്ക് ടൂറിസ്റ്റു വീസയ്ക്ക് അപേക്ഷിക്കാം. ഇതിനുള്ള നിരക്ക് ഇടപാടുകൾ നടത്തുന്ന ടൂറിസ്റ്റ് ഏജൻസികളാണ് അടയ്‌ക്കേണ്ടത്.

യുഎഎയിലെ വീസ നൽകുന്ന വിമാനക്കമ്പനികൾ:
എമിറേറ്റ്സ് എയർലൈൻസ്, ഇത്തിഹാദ്, ഫ്‌ളൈ ദുബായ് , എയർ അറേബ്യ എന്നിവയ്ക്കാണ് ടൂറിസ്റ്റ് വിസകൾ വിതരണം ചെയ്യാൻ അധികൃതര്‍ അനുമതി നൽകിയത്. ഇതിനു പുറമേ ലൈസൻസുള്ള ടൂറിസ്റ്റ് ഏജൻസികൾക്കും വീസയ്ക്ക് അപേക്ഷിക്കാൻ അനുമതിയുണ്ട്. ഹോട്ടലുകൾ വഴിയാണ് വീസ എടുക്കുന്നതെങ്കിൽ ടിക്കറ്റും ഹോട്ടൽ ബുക്കിങ്ങും അപേക്ഷകർ വഴിയാകണമെന്നും നിർബന്ധമുണ്ട്.

സ്വദേശങ്ങളിലെ പ്രാദേശിക ടൂറിസ്റ്റു ഏജൻസികളും ഗൈഡുകളും വഴി യുഎഇയിലെ വിനോദ യാത്രയെ കുറിച്ച് മനസ്സിലാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. അതത് രാജ്യങ്ങളിലെ യുഎഇ സ്ഥാനപതി കാര്യാലയങ്ങളും യാത്ര സംബന്ധിച്ച വിവരങ്ങൾ നൽകാൻ സഹായിക്കും.

ടൂറിസ്റ്റ് വിസയും കാലാവധിയും:
30 ദിവസം കാലാവധിയുള്ള വിസയിലാണ് വരുന്നതെങ്കിലും ഇത് ആവശ്യമെങ്കിൽ പത്തു ദിവസം കൂടി പുതുക്കാൻ കഴിയും. അങ്ങനെ മൊത്തം 40 ദിവസം വരെ തങ്ങാനാകും.

14 ദിവസം കാലാവധിയുള്ള സേവന വീസയും ഈ മേഖലയിൽ നൽകുന്നുണ്ട്. 30 ദിവസം കാലാവധിയുള്ള ടൂറിസ്റ്റ് മേഖലയിലെ സന്ദർശക വീസയിലാണ് വരവെങ്കിൽ ഇതു 30 ദിവസം കൂടി പുതുക്കി നൽകും. വ്യാപാര, വാണിജ്യാവശ്യാർത്ഥം പലതവണ യുഎഇയിൽ വന്നുപോകേണ്ട ഒരാൾക്ക് അതിനു സാധിക്കുന്ന മൾട്ടി എൻട്രി വീസകളുമുണ്ട്. വിസ ഇഷ്യൂ ചെയ്ത തീയതി മുതൽ ആറു മാസം വരെയാണ് ഇതിന്റെ കാലാവധി. ഒരു വരവിൽ 30 ദിവസത്തിൽ കൂടുതൽ താമസിക്കാൻ പാടില്ലെന്നും മൾട്ടി എൻട്രി വിസയ്ക്ക് വ്യവസ്ഥയുണ്ട്.

96 മണിക്കൂർ ട്രാൻസിറ്റ് വീസ:
യാത്രാ മധ്യേ യുഎഇയിൽ ഇറങ്ങി ഒന്നു കറങ്ങണമെങ്കിലും വിസ റെഡി. യുഎഇ വിമാന കമ്പനികളാണ് 96 മണിക്കൂർ കാലാവധിയുള്ള ട്രാൻസിറ്റ് വീസകൾ നൽകുന്നത്. വേണമെങ്കിൽ ഇതു 14 ദിവസം കാലാവധിയുള്ളതാക്കാനും കഴിയും. അപേക്ഷകന്റെ പാസ്പോർട്ടിലുള്ള വിസയിലെ തസ്തിക വിസ ലഭിക്കാൻ പ്രധാനമാണ്. വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങുന്ന ഇവർ ഹോട്ടൽ ബുക്കിങ്ങും ഉറപ്പാക്കണം. നിശ്ചിത വിസാ കാലാവധിക്കുള്ള മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട വിമാനത്തിൽ രാജ്യം വിടണം എന്നതും വ്യവസ്ഥയാണ്.

നിരക്ക് മാറിക്കൊണ്ടിരിക്കും:
അപേക്ഷിക്കുന്ന വിസയുടെ തരം അനുസരിച്ച് നിരക്കിലും വ്യത്യാസം വരും. ഓരോ എമിറേറ്റിലെയും താമസ കുടിയേറ്റ വകുപ്പ് വെബ് സൈറ്റ് പരിശോധിച്ച് പുതിയ വിവരങ്ങൾ അറിയാം.

തിരിച്ചുപോക്ക് വൈകിയാല്‍ പിഴയുണ്ട്:
കൈപ്പറ്റിയ വിസയുടെ കാലാവധി തീരുന്നതിനു മുൻപ് രാജ്യം വിടണം. ഇതിൽ വീഴ്ച വരുത്തുന്നവർ രാജ്യം വിടുന്ന സമയത്ത് വിമാനത്താവളങ്ങളിൽ പിഴ അടയ്‌ക്കേണ്ടി വരും. എത്ര ദിവസം അധികം താമസിച്ചു എന്നത് അടിസ്ഥാനമാക്കിയാണ് പിഴ ഈടാക്കുക.