Home പ്രവാസം നമ്പർപ്ലേറ്റുകൾക്ക് ദുബായിൽ റോബോട്ടിക്ക് സംവിധാനം!

നമ്പർപ്ലേറ്റുകൾക്ക് ദുബായിൽ റോബോട്ടിക്ക് സംവിധാനം!

റോബോട്ടുകൾ ഉപയോഗിച്ച് വണ്ടികളുടെ നമ്പർപ്ലേറ്റ് നിർമിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനം ദുബായിൽ തുടങ്ങി. ഒരു ദിവസം 33,000 നമ്പർപ്ലേറ്റുകൾ നിർമിക്കുന്ന ഫാക്ടറി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ചെയർമാൻ മാതർ അൽ തായർ ഉദ്ഘാടനം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികത ഉപയോഗിച്ച് മനുഷ്യ ഇടപെടലുകൾ ഇല്ലാതെയാണ് ഇവിടെ നമ്പർപ്ലേറ്റുകൾ പ്രിന്റ് ചെയ്തെടുക്കുന്നത്.
ദേരയിലെ സേവനകേന്ദ്രത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. പഴയരീതിയിൽ ഒരു ദിവസം നിർമിച്ചിരുന്നത് 3000 പ്ലേറ്റുകളാണ്. ഇത് പത്തിരട്ടി കൂടിയെന്നത് മാത്രമല്ല ഒരു ചെറിയ പിശക് പോലുമുണ്ടാകാത്തത്ര സാങ്കേതികമികവോടെയാണ് പ്ലേറ്റുകൾ നിർമിക്കുന്നതും. ഓരോ 15 സെക്കൻഡിലും ഒരു പ്ലേറ്റ് വീതം നിർമിക്കും. മാത്രമല്ല ഒരേസമയം ആറ് തരം പ്ലേറ്റുകൾ പ്രിന്റ് ചെയ്യാനുള്ള സംവിധാനവും ഇതോടൊപ്പമുണ്ട്. ജർമൻ കമ്പനി ടോൺജെസ് മിഡിൽ ഈസ്റ്റ് ആണ് ഇതിനുവേണ്ട ഡിസൈനും സാങ്കേതികതയും ഒരുക്കിയത്. പുതിയ ഫാക്ടറിയിൽ ഇ-ലൈസൻസിങ് സംവിധാനം വഴി റോബോട്ടുകൾ പ്രിന്റിങ് ഓർഡർ സ്വീകരിക്കും, അതിന് ശേഷം മനുഷ്യസഹായമില്ലാതെ ത്തന്നെ പ്ലേറ്റ് പ്രിന്റ് ചെയ്യുകയും ചെയ്യും. പ്ലേറ്റിലുള്ള ക്യു.ആർ. കോഡിൽനിന്ന് കാലാവധി ട്രാക്ക് ചെയ്യാനും സാധിക്കും.