പോലീസിന്റെ അതിക്രമത്തെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകന്റെ മൈക്കിന് മുന്നിൽ നീട്ടിത്തുപ്പി അശ്ലീല ആംഗ്യം കാണിച്ച മന്ത്രിയുടെ ദൃശ്യം കാണാത്തവരുണ്ടാവില്ല. നെടുങ്കണ്ടം ഉരുട്ടിക്കൊല കേസ് അന്വേഷണം അട്ടിമറിക്കാൻ മന്ത്രി എം.എം.മണി ഇടപെടുന്നുവെന്ന് പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞത് സംബന്ധിച്ച് പ്രതികരണം ആരായുകയായിരുന്നു റിപ്പോർട്ടർ. വാക്കുകൾ കൊണ്ട് വിവാദം സൃഷ്ടിച്ച മന്ത്രി മണിയുടെ മോശം പെരുമാറ്റം നേരത്തെയും ചര്‍ച്ചയായിട്ടുണ്ട്. ഇത്രയും സംസ്‌കാര ശൂന്യമായ രീതിയില്‍ പ്രതികരിക്കുന്നവരൊക്കെ എങ്ങനെ മന്ത്രിയായെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. എന്തു നല്ല സംസ്‌കാരം എന്തു നല്ല സംസാരരീതി, ഇദ്ദേഹത്തെ ഒക്കെ മന്ത്രിയായി കിട്ടിയ കേരളീയര്‍ പുണ്യം ചെയ്തവരാണ് എന്ന തലക്കെട്ടില്‍ മന്ത്രി മണിയുടെ അശ്ലീല പ്രയോഗം പ്രചരിക്കുമ്പോൾ ലോകത്തിന് മുന്നിൽ തല കുനിച്ചത് മലയാളത്തിന്റെ സംസ്ക്കാരമാണ്. ജനങ്ങളെ ഭരിക്കുന്ന പാര്‍ട്ടിയുടെ മന്ത്രി തന്നെ ഇത്തരത്തില്‍ പെരുമാറുന്നത് വലിയ വീഴ്ചയാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുമ്പോഴും പാർട്ടി ഒന്നും അറിഞ്ഞ മട്ടില്ല. വൺ, ടൂ, ത്രീ…. കേരളം മറന്നിട്ടില്ല മണിയുടെ ആ പ്രസംഗം. ബേബി അഞ്ചേരി, മുട്ടുകാട് നാണപ്പൻ, മുള്ളൻചിറ മത്തായി എന്നീ കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടുളള വെളിപ്പെടുത്തലുകളായിരുന്നു ആ പ്രസംഗത്തിന്റെ ഉളളടക്കം. തൊടുപുഴ മണക്കാട് നടത്തിയ ഈ പ്രസംഗം വിവാദമായിരുന്നു. പെമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരായ മണിയുടെ പരാമർശവും വിവാദമായിരുന്നു. മന്ത്രിയുടെ പ്രസ്താവനയിൽ നിന്ന് വമിക്കുന്ന ദുർഗന്ധം നാടിനെ മുഴുവനുമാണ് നാണം കെടുത്തുന്നത്. മന്ത്രി അപമാനിച്ചത് ആത്മാഭിമാനത്തോടെ നിവർന്നു നില്കാൻ ശ്രമിക്കുന്ന എല്ലാ സ്ത്രീകളേയുമാണെന്ന് നടി മഞ്ജു വാര്യർ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചു. ശബരിമല വിഷയത്തിലും പ്രകോപനപരമായിരുന്നു മണിവാക്കുകൾ – ഞങ്ങൾക്ക് വേണമെങ്കിൽ ഒരു ലക്ഷം യുവതികളെ ശബരിമലയിൽ കയറ്റാനുള്ള കെൽപ്പുണ്ട്. ഒരുത്തനും അത് തടയാൻ ഒന്നും വരില്ല എന്നിങ്ങനെ പോകുന്നു മണി വാചകങ്ങൾ. നടൻ ജോയ് മാത്യു മണി ഭാഷയെക്കുറിച്ച് പറഞ്ഞതിങ്ങനെ- മൈതാന പ്രസംഗത്തിനു കയ്യടി കിട്ടാൻ ചിലപ്പോൾ ഭാഷയെ മണിയുടെ രീതിയിൽ ഉപയോഗിക്കേണ്ടി വന്നേക്കാം. അതൊക്കെ ഒരു രാഷ്ട്രീയപാർട്ടിയുടെ വക്താവാകുമ്പോൾ.
എന്നാൽ നികുതിദായകരുടെ ചെലവിൽ ജീവിക്കുമ്പോൾ വാക്കുകൾക്കും വാചകങ്ങൾക്കും മണികെട്ടേണ്ടതുണ്ട്.ഒരു സംശയം ബാക്കി, കേന്ദ്ര നേതാക്കളായ പ്രകാശ് കാരാട്ടിനോടും യെച്ചൂരിയോടുമൊക്കെ ഇതേ ഗ്രാമീണഭാഷയിലാണോ മണി ആശാൻ സംസാരിക്കുക? അല്ലെങ്കിൽ കോടതിയിൽ? അതുമല്ലെങ്കിൽ സ്വന്തം കുടുംബാംഗങ്ങളോട്? പക്ഷേ ആരെന്ത് പറഞ്ഞിട്ടും മണി മാറിയില്ല. പരിസ്ഥിതി എന്ന വാക്കുകേട്ടാല്‍ കാതുപൊത്തുകയും അശ്ലീലമെന്നു വാദിക്കുകയും ചെയ്യുന്നവര്‍ കയ്യേറ്റക്കാരാണ്. ഭൂമിയെ ലാഭത്തിനുവേണ്ടിമാത്രം കാണുന്ന വന്‍കിട മുതലാളിമാരുടെ ഭാഷയാണു മണിക്കെന്ന് പറഞ്ഞത് സിപിഐ നേതാവ് ബിനോയ് വിശ്വമാണ്. പ്രളയംഡാം തുറന്നത് മൂലമല്ലേ എന്ന് ഒരു മാദ്ധ്യമപ്രവർത്തക ചോദ്യം ആരംഭിച്ചപ്പോൾ ‘എനിക്ക് നിങ്ങളോട് ഒന്നും പറയാനില്ല നിങ്ങൾ പോ.. പോകാൻ പറഞ്ഞാൽ പോണം. ഞാൻ പ്രതികരിക്കാനില്ലെന്ന് പറഞ്ഞാൽ പിന്നെ നിങ്ങളെന്തിനാ എന്നെ ബുദ്ധിമുട്ടിക്കുന്നത്. കാര്യം പറഞ്ഞാ മനസിലാവില്ലേ.. ‘എന്നായിരുന്നു എം.എം മണിയുടെ പ്രതികരണം. അതൊന്ന് പറഞ്ഞാൽ മതിയെന്ന് മാദ്ധ്യമപ്രവർത്തക ആവർത്തിച്ചപ്പോൾ ‘ഇല്ല ഇല്ല’ എന്നായിരുന്നു മന്ത്രിയുടെ മറുപടി. ”നിങ്ങളോട് പറയേണ്ടത് എന്താണ്, എനിക്കും കൂടി തോന്നണം പറയണമെങ്കിൽ. എന്റെ വീട്ടിൽ വന്ന് എന്നെ ശല്യം ചെയ്യരുത് മേലാൽ.”- എന്നായിരുന്നു വിരൽ ചൂണ്ടിക്കൊണ്ട് മന്ത്രി പ്രതികരിച്ചത്. ഇതാണോ ഒരു മന്ത്രി? ഇങ്ങനെയാണോ ഒരു മന്ത്രി ആവേണ്ടത്. മണിയുടേത് നാട്ടുഭാഷയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പക്ഷേ ഇടുക്കിക്കാർ പോലും പറയുന്നു – തങ്ങളാരും ഈ ഭാഷ പ്രയോഗിക്കാറില്ലെന്ന്.