Home പ്രവാസം ആശുപത്രികളില്‍ വിദേശികള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിച്ച് കുവെെത്ത് സര്‍ക്കാര്‍.

ആശുപത്രികളില്‍ വിദേശികള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിച്ച് കുവെെത്ത് സര്‍ക്കാര്‍.

കുവൈത്തിൽ സർക്കാർ ആശുപത്രികളിലെ എമർജൻസി വാർഡിൽ വിദേശികൾക്കുള്ള പരിശോധന ഫീസ് വർധിപ്പിച്ചു. അഞ്ച് ദിനാറിൽ നിന്ന് 10 ദിനാറായാണ് വർദ്ധിപ്പിച്ചത്. ആരോഗ്യ ഇൻഷുറൻസ് പരിധിയിൽ വരുന്ന വിദേശികൾക്കാണ് നിരക്ക് വർദ്ധന ബാധകമാകുക. ആരോഗ്യമന്ത്രി ഷെയ്ഖ് ബാസിൽ അൽ സബാഹാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

എമർജൻസി വാർഡുകളിലെ തിരക്ക് കുറക്കാനാണ് അത്ര ഗുരുതരമല്ലാത്ത കേസുകളിൽ ഫീസ് ഇരട്ടിയായി വർധിപ്പിക്കാൻ തീരുമാനിച്ചത്. അതേസമയം, അത്യാഹിതവും ഗുരുതരവുമായ കേസുകളിൽ നിരക്ക് വർധന ബാധകമാവില്ല. ആശുപത്രി മേധാവികൾക്ക് ഓരോ കേസുകളും വിലയിരുത്തി ഫീസ് ഇളവ് നൽകാൻ അനുവാദം നൽകിയിട്ടുണ്ട്.

ആരോഗ്യ ഇൻഷുറൻസ് പരിധിയിൽ വരുന്ന സ്ഥിര താമസക്കാർക്ക് മാത്രമാണ് നിരക്ക് വർധന ബാധകമാകുക. സർക്കാർ ആശുപത്രികളിലെ അടിയന്തിര ചികിത്സാ വിഭാഗത്തിൽ അനുഭവപ്പെടുന്ന തിരക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. സർക്കാർ ആശുപത്രികളിലെ ട്രോമാ വിഭാഗത്തെ ആശ്രയിക്കാതെ അവരവരുടെ താമസ സ്ഥലത്തെ പോളിക്ലിനിക്കുകളിൽ ചികിത്സ തേടുന്നതിനായി വിദേശികളെ പ്രേരിപ്പിക്കുക എന്ന ഉദ്യേശവും പുതിയ തീരുമാനത്തിന് പിന്നിലുണ്ട്.

ആരോഗ്യ മന്ത്രാലയത്തിൻെറ വരുമാനവും ഇതിലൂടെ വർധിക്കും. 2017 ഒക്ടോബർ മുതൽ ആണ് വിദേശികളുടെ ചികിത്സാ സേവനങ്ങൾക്ക് ആരോഗ്യമന്ത്രാലയം ഫീസ് ഈടാക്കിത്തുടങ്ങിയത്. സ്ഥിരതാമസക്കാരായ വിദേശികളിൽ നിന്നും സന്ദർശന വിസയിലെത്തുന്നവരിൽ നിന്നും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കി വരുന്നത്.