Home അന്തർദ്ദേശീയം ഇന്റര്‍നെറ്റ് ചാര്‍ജ് ഏറ്റവും കുറവ് ഇന്ത്യയില്‍!!!

ഇന്റര്‍നെറ്റ് ചാര്‍ജ് ഏറ്റവും കുറവ് ഇന്ത്യയില്‍!!!

ലോകത്ത് ഇന്റര്‍നെറ്റ് ചാര്‍ജ് ഏറ്റവും കുറഞ്ഞ രാജ്യം ഇന്ത്യയെന്ന് റിപ്പോർട്ട്. ഒരു ജിബി ഡാറ്റയ്ക്ക് ആഗോള ശരാശരി 600 രൂപയാണെങ്കില്‍ ഇന്ത്യയിൽ ചെലവ് വെറും 18.5 രൂപ മാത്രം. ഡാറ്റ താരിഫിനെക്കുറിച്ച് താരതമ്യ പഠനം നടത്തുന്ന കേബിള്‍ ഡോട്ട് യുകെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്തു വന്നത്.

ഒരു ഗിഗാബൈറ്റ് ഡാറ്റയ്ക്ക് ആഗോള ശരാശരി 8.53 യുഎസ് ഡോളറാണെന്നാണ് 230 രാജ്യങ്ങളിലെ ഇന്റര്‍നെറ്റ് ചാര്‍ജ് പഠന വിധേയമാക്കിയ കേബിള്‍ ഡോട്ട് യുകെയുടെ റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇത് 0.26 ഡോളര്‍ മാത്രമാണ്. അമേരിക്കയില്‍ 12.37 ഡോളറും ബ്രിട്ടനില്‍ 6.66 ഡോളറുമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

2016ല്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ആണ് ഡാറ്റ സേവന രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കിയത്. 4ജി ഇന്റര്‍നെറ്റ് സേവനങ്ങളുമായി വിപണിയിലെത്തിയ ജിയോ, സൗജന്യ ഫോണ്‍, സൗജന്യ കോളുകള്‍, കുറഞ്ഞ നിരക്കിലുള്ള മൊബൈല്‍ ഡാറ്റ എന്നിവയിലൂടെ വിപണി കീഴടക്കുകയായിരുന്നു. 28 കോടിയിലധികം വരിക്കാരെയാണ് ചുരുങ്ങിയ കാലയളവില്‍ ജിയോ സ്വന്തമാക്കിയത്.
ജിയോയുടെ ഈ ഇളവിനെ പ്രതിരോധിക്കാന്‍ മറ്റ് മൊബൈല്‍ സേവന ദാതാക്കള്‍ക്ക് ഡാറ്റ ചാര്‍ജ് കുറയ്ക്കുകയല്ലാതെ മാർഗമുണ്ടായിരുന്നില്ല. ഇന്ത്യയിലെ ഡാറ്റ ചാര്‍ജ് ഇത്രയേറെ കുറയാന്‍ ഈ മല്‍സരമാണ് കാരണമായത്.

പഠനപ്രകാരം ബ്രിട്ടനില്‍ ഒരു ജിബി ഡാറ്റയ്ക്ക് 6 ഡോളര്‍ ആണ് ചിലവ്. അമേരിക്കയില്‍ ഇത് 12.37 ഡോളറാണ്. സിംബാബ്വേയിലാണ് ഏറ്റവും കൂടിയ നിരക്ക് ഇവിടെ ഒരു ജിബി നെറ്റിന്‍റെ ചാര്‍ജ് 75 ഡോളറാണ്.