Home വാണിജ്യം കോവിഡ് പരിശോധന നടത്താന്‍ സ്മാര്‍ട്‌ഫോണ്‍: പുതിയ കണ്ടുപിടുത്തം

കോവിഡ് പരിശോധന നടത്താന്‍ സ്മാര്‍ട്‌ഫോണ്‍: പുതിയ കണ്ടുപിടുത്തം

To avoid microbial contamination: clean your phone. (Photo by: TIROT/BSIP/Universal Images Group via Getty Images)

ര്‍ടി-പിസിആര്‍, ആന്റിജന്‍ ടെസ്റ്റിലൂടെയാണ് ആളുകള്‍ മുഖ്യമായും കോവിഡ് നിര്‍ണയം നടത്തുന്നത്. ഇപ്പോള്‍ ആന്റിജന്‍ കിറ്റ് വാങ്ങി വീടുകളില്‍ ടെസ്റ്റ് ചെയ്യുന്നവരുടെ എണ്ണം കൂടുകയാണ്. സൗകര്യം കണക്കിലെടുത്താണ് ആളുകള്‍ കൂടുതലായി ഇതിലേക്ക് തിരിയുന്നത്. ഇപ്പോള്‍ കോവിഡ് 19 രോഗനിര്‍ണയത്തിന് പുതിയൊരു മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ആളുകള്‍ക്ക് അവരുടെ സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിച്ച് തന്നെ രോഗ നിര്‍ണയം നടത്താന്‍ സാധിക്കുന്ന വിദ്യയാണിത്.

കാലിഫോര്‍ണിയ, സാന്താ ബാര്‍ബറ സര്‍വകലാശാലകളിലെ ഗവേഷകരാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത് എന്നാണ് റിപ്പോര്‍ട്ട് . തുടക്കത്തില്‍ ഇതിനായി 100 ഡോളര്‍ ചെലവ് വരുമെങ്കിലും പരിശോധനയ്ക്ക് ആവശ്യമായ സാധനങ്ങളെല്ലാം ലഭ്യമായി കഴിഞ്ഞാല്‍ പിന്നീടുള്ള ഓരോ പരിശോധനയ്ക്കും 7 ഡോളര്‍ വരെ മാത്രമേ ചെലവ് വരികയുള്ളൂ.

ചൂടുള്ള ഒരു പ്ലേറ്റ്, റിആക്റ്റീവ് സൊലൂഷന്‍, സ്മാര്‍ട്‌ഫോണ്‍ എന്നിങ്ങനെ ലളിതമായ ചില കാര്യങ്ങളാണ് ടെസ്റ്റിങ് കിറ്റ് തയ്യാറാക്കുന്നതിന് വേണ്ടത്. ‘ബാക്ടികൗണ്ട്’ എന്ന പേരിലുള്ള ഒരു സൗജന്യ ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഫോണിലെ ക്യാമറ പകര്‍ത്തുന്ന ഡാറ്റയില്‍ നിന്ന് കോവിഡ് 19 നെഗറ്റീവ് ആണോ പോസിറ്റീവ് ആണോ എന്ന് കണ്ടെത്തുക ഈ ആപ്ലിക്കേഷനാണ്.

ജാമാ നെറ്റ് വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച ‘ അസസ്‌മെന്റ് ഓഫ് എ സ്മാര്‍ട്‌ഫോണ്‍-ബേസ്ഡ് ലൂപ്-മീഡിയേറ്റഡ് ഐസോതെര്‍മല്‍ അസ്സേ ഫോര്‍ ഡിറ്റക്ഷന്‍ ഓഫ് സാര്‍സ്-കോവ്-2 ആന്റ് ഇന്‍ഫ്‌ളുവന്‍സ വൈറസസ്’ എന്ന പഠനത്തില്‍ ഉപഭോക്താവിന് സ്വന്തം ഉമിനീര്‍ ടെസ്റ്റ് കിറ്റില്‍ വെച്ച് കോവിഡ് സാന്നിധ്യം പരിശോധിക്കാമെന്ന് പറയുന്നു.

ഹോട്ട് പ്ലേറ്റില്‍ വെച്ച ഉമിനീരിലേക്ക് റിയാക്ടീവ് സൊലൂഷന്‍ ചേര്‍ക്കുമ്പോള്‍ അതിന്റെ നിറം മാറും. ഇതിന് ശേഷമാണ് ആപ്പ് ഉപയോഗിച്ച് വൈറസിന്റെ സാന്നിധ്യം അളക്കുക. ലായനിയുടെ നിറം മാറുന്ന വേഗം കണക്കാക്കിയാണിത്. സ്മാര്‍ട്-ലാമ്പ് എന്നാണ് ഈ വിദ്യയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. കോവിഡിന്റെ അഞ്ച് പ്രധാന വേരിയന്റുകള്‍ തിരിച്ചറിയാന്‍ ഇതിന് സാധിക്കുമെന്നാണ് പറയപ്പെടുന്നത്.

ഇത്തരം ഒരു വിദ്യ ഗവേഷകര്‍ കണ്ടുപിടിച്ചിട്ടുണ്ടെങ്കിലും ഇത് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ആയിട്ടില്ല. ലക്ഷണങ്ങള്‍ കാണിക്കുന്ന 20 കോവിഡ് രോഗികളിലും ലക്ഷണങ്ങളില്ലാത്ത 30 രോഗികളിലുമാണ് ഗവേഷകര്‍ ഈ വിദ്യയുടെ പരീക്ഷണം നടത്തിയത്. സാംസങ് ഗാലക്‌സി എസ്9 സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിച്ചായിരുന്നു പരീക്ഷണം. ഇനിയുമേറെ കടമ്പകളും പരീക്ഷണങ്ങളും കഴിഞ്ഞതിന് ശേഷം മാത്രമേ ഈ പരീക്ഷണത്തിന്റെ ആധികാരികത തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ.