Home അറിവ് ഡിസംബറോടെ കെ.എസ്​.ആർ.ടി.സി 100 പുതിയ ബസുകൾ നിരത്തിലിറക്കുമെന്ന് മന്ത്രി

ഡിസംബറോടെ കെ.എസ്​.ആർ.ടി.സി 100 പുതിയ ബസുകൾ നിരത്തിലിറക്കുമെന്ന് മന്ത്രി

ഡിസംബറോടെ കെ.എസ്​.ആർ.ടി.സി 100 പുതിയ ബസുകൾ നിരത്തിലിറക്കുമെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എട്ട്​ വോൾവോ എസി സ്ലീപ്പർ ബസ്സും 20 എസി ബസ്സും ഉൾപ്പെടെ 100 ബസുകളാണ് ഡിസംബറിൽ ലഭിക്കുന്നത്.

പരിസ്ഥിതി സൗഹൃദ ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 310 സിഎൻജി ബസുകളും 50 ഇലക്ട്രിക് ബസുകളും വാങ്ങും. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി ആന്റണി രാജു.

നിലവിലുള്ള ഡീസൽ എൻജിനുകൾ സിഎൻജിയിലേക്ക് മാറ്റുന്നതിനുള്ള നടപടികളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കെ.എസ്​.ആർ.ടി.സി ബസ് റൂട്ടുകൾ അനുവദിക്കുന്നത് ലാഭത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ലെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ സാമൂഹ്യപ്രതിബദ്ധത കൂടി കണക്കിലെടുത്താണ് കെ.എസ്​.ആർ.ടി.സി ബസ് റൂട്ടുകൾ നിശ്ചയിക്കുന്നത്. എന്നാൽ സ്ഥിരമായി വലിയ നഷ്ടം വരുത്തുന്ന റൂട്ടുകൾ തുടർച്ചയായി നടത്തിക്കൊണ്ടുപോകാൻ കഴിയില്ല.

ഓരോ റൂട്ടും പ്രത്യേകമായി വിലയിരുത്തി തുടർച്ചയായി വൻ നഷ്ടത്തിലാകുന്ന സർവീസുകൾ ഇനിയും തുടരാനാവില്ല. എന്നാൽ ആദിവാസികൾ താമസിക്കുന്നത് പോലുള്ള ചില മേഖലകളിൽ സാമൂഹിക പ്രതിബദ്ധത മുൻനിർത്തി സർവീസ് തുടരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരോടും പെൻഷൻകാരോടും അനുഭാവപൂർണമായ സമീപനമാണ് സർക്കാരിന്റേതെന്നും ഹൈക്കോടതി വിധിക്ക് വിധേയമായി എം പാനൽ ജീവനക്കാരെ സഹായിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കൂടുതൽ ലാഭകരമായ സിഎൻജി ബസുകൾക്ക് മുൻഗണന നൽകാനാണ് കെ.എസ്​.ആർ.ടി.സി ഉദ്ദേശിക്കുന്നതെന്നും ഇലക്ട്രിക് ബസുകൾ ലീസിന് എടുത്തത് നഷ്ടത്തിൽ ആയതിനാൽ കരാർ റദ്ദാക്കുകയാണെന്നും മന്ത്രി പറഞ്ഞു.