Home വാഹനം നാണമില്ലാതെ നികുതി വെട്ടിക്കുന്നവർ – ഒരു പോണ്ടിച്ചേരി കഥ.

നാണമില്ലാതെ നികുതി വെട്ടിക്കുന്നവർ – ഒരു പോണ്ടിച്ചേരി കഥ.

Pondicherry registration car plying on roads of Mangalore.

പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലെ നിരത്തിൽ ഓടുന്ന വാഹനങ്ങൾ നിര വധിയാണ്. ഒരു വേള നിയമം പിടിമുറുക്കിയപ്പോൾ ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധിയാളുകൾ കുടുങ്ങിയിരുന്നു. ഇവരിൽ പലരും കോടതി കയറി. പിഴയുമടച്ചു. നികുതി വെട്ടിപ്പായിരുന്നു ഇവരുടെ ലക്ഷ്യം.ഒരുകോടി വിലയുള്ള വാഹനം പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്താൽ 19 ലക്ഷം രൂപയാണ് ഉടമയ്ക്കു ലാഭിക്കാന്‍ സാധിക്കുക. ഇതേ വാഹനത്തിന് കേരളത്തിൽ 20 ലക്ഷം രൂപ നികുതി നൽകണം. നികുതി വെട്ടിക്കാൻ പ്രേരിപ്പിക്കുന്നതിലും ഒത്താശ ചെയ്യുന്നതിലും ഡീലർമാർക്കും പങ്കുണ്ട്.
നോട്ടിസ് നൽകിയിട്ടും പിഴയും നികുതിയും അടയ്ക്കാത്ത പുതുച്ചേരി റജിസ്ട്രേഷൻ വാഹനങ്ങൾ പിടിച്ചെടുക്കാനും റവന്യു റിക്കവറി ആരംഭിക്കാനും നിർദേശമുണ്ടെങ്കിലും പലരും മുങ്ങി നടക്കുകയാണ്. കാർ ഉടമകളുമായി ഉദ്യോഗസ്ഥർക്കുള്ള അവിശുദ്ധ കൂട്ടുകെട്ടുകളും നടപടി ഇല്ലാതാക്കുന്നു. നേരത്തെ പുതുച്ചേരിയിൽ വ്യാജവിലാസത്തിൽ വാഹനം റജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ച 2356 ആഡംബര കാറുകളിൽ അറുനൂറിലേറെ എണ്ണത്തിന്റെ ഉടമകൾക്ക് മോട്ടോർവാഹന വകുപ്പ് നോട്ടിസ് നൽകിയിരുന്നു.
പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യാനായി കേരളത്തില്‍ താത്കാലികമായി രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യ പടി. വാഹനത്തിന് താത്കാലിക പെര്‍മിറ്റ് എടുക്കുമ്പോള്‍ത്തന്നെ സ്ഥിരം രജിസ്ട്രേഷനുള്ള വിലാസം നല്‍കണം. കേരളത്തില്‍നിന്ന് താത്കാലിക രജിസ്ട്രേഷന്‍ എടുക്കുമ്പോള്‍ പോണ്ടിച്ചേരിയിലെ വ്യാജവിലാസം നല്‍കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് വണ്ടി പോണ്ടിച്ചേരിയിലെത്തിച്ച് രജിസ്റ്റര്‍ ചെയ്യും.
20 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള ആഢംബര കാറുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിയമപ്രകാരം 20 ശതമാനത്തോളം നികുതി അടക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഏത് കാറിനും 55,000 രൂപയാണ് പോണ്ടിച്ചേരിയില്‍ ഫ്‌ളാറ്റ് ടാക്‌സ്. മിക്ക ആംഢംബര കാറുകളും രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ 14-15 ലക്ഷം രൂപ വരെ നികുതിയിനത്തില്‍ നല്‍കേണ്ടി വരുമ്പോള്‍ പോണ്ടിച്ചേരിയില്‍ ഏകദേശം ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതിയാകും. കേരളത്തില്‍നിന്ന് താത്കാലിക രജിസ്ട്രേഷന്‍ എടുത്തശേഷം വണ്ടി പോണ്ടിച്ചേരിയിലെത്തിച്ച് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു പതിവ്. ഒരുകോടി രൂപ വിലയുള്ള വണ്ടി ഇങ്ങനെ രജിസ്റ്റര്‍ ചെയ്താല്‍ 19 ലക്ഷം രൂപയോളം നികുതിയിനത്തില്‍ ലാഭിക്കാം. ആഢംബര കാറുകള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു നികുതിവെട്ടിപ്പു നടത്താന്‍ സൗകര്യം ഒരുക്കുന്ന വന്‍ റാക്കറ്റ് തന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഒരാള്‍ക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും വാഹനം രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ അവിടെ സ്ഥിര താമസക്കാരനാണെന്നു തെളിയിക്കുന്ന വ്യക്തമായ വിലാസവും രേഖകളും വേണമെന്നു മാത്രം. എന്നാല്‍ കേരളത്തിനു പുറത്തുള്ള വാഹനങ്ങള്‍ ഇവിടെ സ്ഥിരമായി ഓടിക്കണമെങ്കില്‍ ഇവിടുത്തെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. നികുതി വെട്ടിപ്പുകള്‍ പതിവായതോടെയാണ് ഈ നിയമം കര്‍ശനമാക്കിയത്. പോണ്ടിച്ചേരിയില്‍ താമസിക്കുന്ന ആളുടെ പേരില്‍ മാത്രമേ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ എന്നാണ് നിയമം എന്നിരിക്കെ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്. അതായത് നികുതി വെട്ടിച്ച് പോണ്ടിച്ചേരി രജിസ്ട്രേഷൻ വാഹനം നിരത്തിലിറക്കുന്നവർ ക്രിമിനൽ കേസിൽ വിചാരണ നേരിടേണ്ടവരാണെന്നർത്ഥം.