Home നാട്ടുവാർത്ത മഞ്ചേശ്വരം മുതല്‍ വട്ടിയൂര്‍ക്കാവ് വരെ: ഉപതെരഞ്ഞെടുപ്പ് വരുന്നു.

മഞ്ചേശ്വരം മുതല്‍ വട്ടിയൂര്‍ക്കാവ് വരെ: ഉപതെരഞ്ഞെടുപ്പ് വരുന്നു.

ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ സംസ്ഥാനത്തെ ആറ് മണ്ഡലങ്ങളില്‍ മുന്നണികള്‍ കൂട്ടിക്കിഴിക്കലുകള്‍ ആരംഭിച്ചു. മഞ്ചേശ്വരം, പാല മണ്ഡലങ്ങളില്‍ പി.ബി. അബ്ദുള്‍ റസാഖിന്റേയും കെ.എം. മാണിയുടേയും നിര്യാണത്തെ തുടര്‍ന്നും എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുമാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട ആറ് മണ്ഡലങ്ങളില്‍ അഞ്ച് മണ്ഡലങ്ങൾ യു.ഡി.എഫിന്റേയും ഒരെണ്ണം എല്‍.ഡി.എഫിന്റേയും സിറ്റിങ് സീറ്റാണ്. അത് കൊണ്ട് തന്നെ സ്വന്തം സീറ്റുകളെങ്കിലും നിലനിര്‍ത്തുകയെന്നത് ഇരു മുന്നണികള്‍ക്കും അഭിമാന പ്രശ്‌നമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാനായില്ലെങ്കിലും പലയിടത്തും വോട്ടിംഗ് നില മെച്ചപ്പെടുത്തിയ ബി.ജെ.പിയാകട്ടെ ഉപതെരഞ്ഞെടുപ്പിലെങ്കിലും താമര വിരിയിക്കാന്‍ ശ്രമിക്കും.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ യു.ഡി.എഫ്. തരംഗത്തില്‍ തകര്‍ന്നടിഞ്ഞ എല്‍.ഡി.ഫിനാകട്ടെ സ്വന്തം സീറ്റായ അരൂരിനൊപ്പം യു.ഡി.എഫ് സീറ്റുകള്‍ കൂടി പിടിച്ചെടുത്താലേ വിവാദങ്ങളില്‍ നിന്ന് അല്‍പ്പമെങ്കിലും ആശ്വാസമാകൂ. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലത്തില്‍ തന്നെ എ.എം. ആരിഫ് പിന്നിലായത് ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോയെന്ന ആശങ്കയും സി.പി.എം. ക്യാമ്പിലുണ്ട്. മറ്റ്മണ്ഡലങ്ങളിലും വോട്ടുനില മെച്ചപ്പെടുത്താനായില്ലെങ്കിൽ ഇടതിന് തലവേദനയാകും. അതേസമയം യു.ഡി.എഫ് ഉപതെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലെ കുമ്മനംരാജശേഖരന്റെ രണ്ടാംസ്ഥാനം ബി.ജെ.പിക്കും പ്രതീക്ഷ നല്‍കുന്നുണ്ട്.