നായ പേടിയിൽ കേരളം വിറക്കുന്നു. ദിവസേന നിരവധിപേർക്കാണ് തെരുവുനായ കടിയേൽക്കുന്നത്. തെരുവ് നായ്ക്കളുടെ സ്വഭാവം മാറിപ്പോയിട്ടുണ്ടോ?
ഇണങ്ങിജീവിക്കുന്ന നായ്ക്കളെപ്പോലെയല്ല തെരുവിലെ നായ്ക്കൾ. കൂട്ടംകൂടി നടക്കുന്ന ഇവയുടെ സ്വഭാവം വേറെയാണ്. വന്യമായ ശീലങ്ങളിലേക്ക് തിരിച്ചുനടക്കുകയാണിവ. ഈ വർഷംമാത്രം സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഏതാണ്ട് 1.84 ലക്ഷം പേർക്ക് പരിക്കേറ്റുവെന്നതുതന്നെ അവയുടെ ആക്രമണസ്വഭാവത്തിന് തെളിവാണ്.
നായകൾ മനുഷ്യരുമായി വളരെ ഇണങ്ങിജീവിക്കും. എന്നാൽ വീട്ടിലെ സാഹചര്യമല്ല തെരുവുനായകൾക്ക്. ആ വ്യത്യാസം സ്വഭാവത്തിലും കാണിക്കും -മണ്ണുത്തി വെറ്ററിനറി കോളേജിലെ അസോ. പ്രൊഫസർ ഡോ. ഷിബു സൈമൺ പറയുന്നു.
അടിസ്ഥാനപരമായി കൂട്ടമായി ജീവിക്കുന്നവയാണ് നായ്ക്കൾ. കാർണിവോറ വിഭാഗത്തിലെ നീണ്ട കോമ്പല്ലുള്ള ജീവി. ഓടിച്ചുപിടിക്കാൻ കഴിയുന്ന ജീവികളെ പിന്തുടർന്ന് പിടിക്കും. ചോരകലർന്ന പച്ചമാംസം ഭക്ഷിക്കും. മാംസഭുക്കാണ്.നായക്കൂട്ടത്തിന് ഒരു നേതാവുണ്ടാകും. അതിനെ പിന്തുടർന്ന് കൂട്ടം നീങ്ങും. കൂട്ടമായി തെരുവിൽ നീങ്ങുന്ന നായ്ക്കൾക്ക് വന്യസ്വഭാവം കൂടും. വീട്ടിലെ നായകൾക്ക് കൃത്യസമയത്ത് ഭക്ഷണം കിട്ടും, ശ്രദ്ധ കിട്ടും. യജമാനനോട് വിധേയത്വവും കാട്ടും. എന്നാൽ തെരുവിലെ നായകൾക്ക് ഭക്ഷണം കൃത്യമായി കിട്ടില്ല. അലഞ്ഞുതിരിഞ്ഞ് ഭക്ഷണം കണ്ടെത്തണം. ഈ അലച്ചിലും മത്സരവും അവയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്.നായക്കൂട്ടം അലഞ്ഞുനടന്ന് മാംസാവശിഷ്ടങ്ങളും മറ്റും തിന്നുശീലിക്കുന്നു. ചെറുജീവികളെയും മറ്റും പിന്തുടർന്ന് കൊന്നു തിന്നുന്നു. ചോരയോടെ പച്ചമാംസം കഴിച്ചു ശീലിക്കുമ്പോൾ നായ്ക്കളുടെ പഴയ വന്യസ്വഭാവത്തിലേക്ക് മടങ്ങുകയാണ്. ഇങ്ങനെ ശീലിച്ചാൽ, പ്രത്യേകിച്ച് ഇരയെ ഓടിച്ചിട്ട് പിടിച്ച് ചുടുചോരയും പച്ചമാംസവും ശീലിച്ചാൽ സ്വഭാവം മാറ്റിയെടുക്കുക പ്രയാസകരമാകും-ഡോ. ഷിബു സൈമൺ പറഞ്ഞു.
നായകളെ മനുഷ്യനോട് അടുപ്പിച്ചതിൽ ഏറ്റവും പ്രധാനമായ ഒരു കാരണം അന്നജമടങ്ങിയ ഭക്ഷണം ശീലിച്ചുവെന്നതാണ്. പിന്നെ വേവിച്ച മത്സ്യമാംസാദികളും. നായ്ക്കളുടെ സ്വഭാവപരിണാമത്തിന് കാരണമായ ജീൻവ്യതിയാനങ്ങളെ സ്വീഡനിൽ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയിരുന്നു. അന്നജം ദഹിപ്പിക്കാനുള്ള നായ്ക്കളുടെ കഴിവിന് ആധാരമായ 10 ജീനുകളാണ് പ്രധാന മാറ്റമായി പഠനത്തിൽ കണ്ടെത്തിയത്. വീട്ടിൽ വളർത്തുന്ന നായകളുടെ സ്വഭാവത്തെക്കുറിച്ച് ഇത് കൃത്യമായ സൂചനകൾ തരുന്നുണ്ട്.