Home ആരോഗ്യം സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; പിഎംഎസിനെ മറികടക്കാന്‍ ചെയ്യേണ്ട കാര്യങ്ങളും കഴിക്കേണ്ട ആഹാരവും

സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; പിഎംഎസിനെ മറികടക്കാന്‍ ചെയ്യേണ്ട കാര്യങ്ങളും കഴിക്കേണ്ട ആഹാരവും

ര്‍ത്തവത്തോടനുബന്ധിച്ച് ചില സ്ത്രീകളില്‍ കാണുന്ന ശാരീരിക- മാനസിക അസ്വസ്ഥതകളാണ് ‘പിഎംഎസ്’ അഥവാ ‘പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം’. ശരീരവേദന, സ്തനങ്ങളില്‍ വേദന, ദഹനപ്രശ്നം, മലബന്ധം, പെട്ടെന്ന് മാറിവരുന്ന മാനസികാവസ്ഥ, ദേഷ്യം എന്നീ പ്രശ്നങ്ങളെല്ലാം പിഎംഎസിന്റെ ചില ലക്ഷണങ്ങളാണ്. ഇതില്‍ പറയാത്ത ലക്ഷണങ്ങളും ഉണ്ടാകാം.

ആര്‍ത്തവം ആരംഭിക്കുന്നതോടെ ഈ ലക്ഷണങ്ങള്‍ ഇല്ലാതാവുകയും ചെയ്യും. എന്നാല്‍ ചിലരില്‍ ഇത് ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കാറുണ്ട്. അമിതവണ്ണം, വ്യായാമമില്ലായ്മ, മാനസിക പിരിമുറുക്കം എന്നിവയൊക്കെ പിഎംഎസിലേക്ക് വഴിയൊരുക്കുന്ന കാരണങ്ങളാകം.

ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരു പരിധിവരെ പിഎംഎസിന്റെ അസ്വസ്ഥതകള്‍ കുറയ്ക്കാനാകും. മാനസികപിരിമുറുക്കം കുറയ്ക്കുന്നതും വ്യായാമം ചെയ്യുന്നതും ഗുണം ചെയ്യും. രാത്രിയില്‍ കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം.

പഞ്ചസാര, ഉപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കുക. ധാരാളം വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മഗ്‌നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക. ഇലക്കറികള്‍, ഡാര്‍ക്ക് ചോക്ലേറ്റ്, ബദാം എന്നിവയില്‍ മഗ്‌നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.

മലബന്ധം തുടങ്ങിയ സാധാരണ പിഎംഎസ് ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ സഹായിക്കും. മാത്രമല്ല സിങ്ക് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളും ഈ സമയങ്ങളില്‍ ഉള്‍പ്പെടുത്തുക. മത്തന്‍ കുരു, വെള്ളക്കടല, മറ്റ് പയറുവര്‍ഗങ്ങള്‍ എന്നിവയെല്ലാം ധാരാളമായി കഴിക്കാം.