Home അറിവ് തട്ടിപ്പിന് തടയിടാൻ തിളങ്ങുന്ന ലോട്ടറി വരുന്നു

തട്ടിപ്പിന് തടയിടാൻ തിളങ്ങുന്ന ലോട്ടറി വരുന്നു

ഭാഗ്യക്കുറി നമ്പർ തിരുത്തി ചെറിയ സമ്മാനത്തുക തട്ടിയെടുക്കുന്ന വിരുതന്മാരെ തുരത്താൻ സംസ്ഥാനത്ത് തിളങ്ങുന്ന ഭാഗ്യക്കുറി വരുന്നു. ഭാഗ്യക്കുറിയിൽ സമ്മാനത്തുക, നമ്പർ, തീയതി എന്നിവ തിളങ്ങുന്ന (ഫ്ളൂറസെന്റ്) അക്ഷരത്തിലായിരിക്കും.

കളർ ഫോട്ടോസ്റ്റാറ്റ് എടുത്ത് തട്ടിപ്പുനടത്താൻ ശ്രമിച്ചാൽ ഫോട്ടോസ്റ്റാറ്റിൽ തിളക്കമുണ്ടാകില്ല. കറൻസിനോട്ടുകളിലേതിന് സമാനമായ സുരക്ഷാകോഡും ലേബലും പുതിയ ഭാഗ്യക്കുറിയിൽ അച്ചടിക്കും.കാഴ്ചക്കുറവുള്ളവരും പ്രായംചെന്നവരും ഭിന്നശേഷിക്കാരുമായ ഭാഗ്യക്കുറി കച്ചവടക്കാരാണ് തട്ടിപ്പിന് ഏറെയും ഇരയാകുന്നത്. അടുത്തകാലത്തായി ഇത്തരം സംഭവങ്ങൾ വർധിച്ചതോടെയാണ് ഭാഗ്യക്കുറിവകുപ്പ് പുതിയവഴി തേടുന്നത്.

ഭാഗ്യക്കുറിത്തട്ടിപ്പിനെക്കുറിച്ച് വിൽപനക്കാരെ ബോധവത്കരിക്കാൻ വകുപ്പുതല ശ്രമം ആരംഭിച്ചിട്ടുണ്ട്. പുതിയ ഭാഗ്യക്കുറിയുടെ പരീക്ഷണ അച്ചടി ആരംഭിച്ചു. ഇത് വിജയകരമാണെന്നുകണ്ടാൽ മൂന്നുമാസത്തിനകം പുറത്തിറക്കുമെന്ന് ലോട്ടറി ഡയറക്ടറേറ്റ് അധികാരികൾ പറഞ്ഞു. തട്ടിപ്പുതടയാൻ സുരക്ഷാസംവിധാനമുള്ള ഭാഗ്യക്കുറി പുറത്തിറക്കുകയെന്നത് വിൽപനക്കാരും ഏജന്റുമാരും കുറേക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ്.

സമ്മാനാഹർമായ ഭാഗ്യക്കുറിയുടെ ഒന്നിലധികം കളർ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ എടുത്ത് പല കച്ചവടക്കാരിൽനിന്ന് ചെറിയ സമ്മാനത്തുക കൈക്കലാക്കും. 500 രൂപവരെയുള്ള സമ്മാനത്തുക വിൽപനക്കാർ തന്നെയാണ് നൽകുക. ഇത് മുതലെടുത്താണ് തട്ടിപ്പ്. ഭാഗ്യക്കുറി സ്കാൻചെയ്ത് പ്രിന്റ് എടുത്ത് യഥാർഥനമ്പർ മായ്ച്ചശേഷം സമ്മാനർഹമായ നമ്പർ അച്ചടിച്ച് വീണ്ടും പ്രിന്റെടുത്ത് തട്ടിപ്പ് നടത്തുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സമ്മാനാർഹമായ നമ്പറിനോട് സാമ്യമുള്ള നമ്പർ ചുരണ്ടിമാറ്റിയും വിദഗ്ധമായി എഴുതിച്ചേർത്തും തട്ടിപ്പുനടത്തുന്നുവരുമുണ്ട്