Home അറിവ് ‘സ്റ്റേക്കേഷൻ’ ടൂറിസത്തിലെ പുത്തൻ ട്രെൻഡ്.

‘സ്റ്റേക്കേഷൻ’ ടൂറിസത്തിലെ പുത്തൻ ട്രെൻഡ്.

ദീര്‍ഘദൂര യാത്രകള്‍ക്കു പകരം കുറച്ചു ദിവസങ്ങള്‍ വീട്ടില്‍ നിന്നും മാറി നിന്ന് സുരക്ഷിതമായി ആസ്വദിക്കുന്നതാണ് സ്റ്റേക്കേഷന്‍ എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. സ്റ്റേയും വെക്കേഷനും(stay+ Vacation) ചേരുന്നതാണ് സ്റ്റേക്കേഷന്‍. ഒരു അവധിക്കാലം പോലെ, പ്രത്യേകിച്ച് ഓഫീസ് തിരക്കുകളും ചിട്ടകളും ബഹളങ്ങളുമില്ലാതെ, നമ്മുടേത് മാത്രമായ കുറച്ച് സമയമാണ് സ്റ്റേക്കേഷനിലൂടെ ലഭിക്കുന്നത്

അധികം ദൂരെയല്ലാത്ത ഒരിടമാണ് മിക്കപ്പോഴും സ്റ്റേക്കേഷനു തിരഞ്ഞെടുക്കുക. ഇത് നമ്മുടെ സൗകര്യത്തിനു ചെയ്യാം. റിസോര്‍ട്ടുകളും മറ്റും മികച്ച ഓഫറുകള്‍ ഇപ്പോള്‍ സ്റ്റേക്കേഷനു നല്കുന്നുണ്ട്. ഒന്നോ രണ്ടോ ദിവസം മുതല്‍ ഒരാഴ്ചയും ഒരു മാസവും നീളുന്ന ഓഫറുകളാണ് സ്റ്റേക്കേഷനായി നല്കുന്നത്. ഇതനുസരിച്ച് കൂട്ടുകാര്‍ക്കോ കുടുംബത്തിനൊപ്പമോ അല്ലെങ്കില്‍ തനിച്ചോ കുറച്ചധികം നാള്‍ ഇവിടെ ചിലവഴിക്കാം. സമയവും സൗകര്യവും പോലെ അടുത്തുള്ള ചെറിയ ഇടങ്ങളിലേക്ക് യാത്ര പോവുകയും ചെയ്യാം.കേരളത്തിൽ വാഗമൺ, അതിരപ്പിള്ളി, മൂന്നാർ എന്നിവിടങ്ങളിൽ സ്റ്റേക്കേഷൻ പാക്കേജ് നൽകുന്ന ഇടങ്ങൾ ഒരുപാട് ഉണ്ട്.

കുറഞ്ഞ ദിവസങ്ങള്‍ക്കായി ഹോട്ടലുകള്‍ നല്കുന്ന സ്റ്റേക്കേഷന്‍ ഓഫറുകള്‍ വലിയ സാധ്യതകളാണ്. കുടുംബത്തോടൊപ്പം യാതൊരുവിധ അല്ലലുകളുമില്ലാതെ, ഭക്ഷണത്തിന്‍റെയോ മറ്റു സൗകര്യങ്ങളുടെയോ ടെന്‍ഷന്‍ ഇല്ലാതെ ആഗ്രഹിച്ച പോലുള്ള വെക്കേഷന്‍ ആയിരിക്കും ഇത്. വെറുതെ അലസമായിരിക്കുവാനും പണിയുടെ തിരക്കുകളില്ലാതെ സമയം ഇഷ്ടം പോലെ ചിലവഴിക്കുവാനും ഇത് സഹായിക്കും

വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കോ ആള്‍ക്കൂട്ടങ്ങളിലേക്കോ അല്ലാതെ നമ്മുടെ തന്നെ ഇടത്തിരുന്നുള്ള ആഘോഷങ്ങളായതിനാല്‍ പൂര്‍ണ്ണമായും സുരക്ഷിതമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.യാത്രകളെ അപേക്ഷിച്ച് കുറഞ്ഞ ചിലവും ഒരുമിച്ചുള്ള കൂടുതല്‍ സമയവുമാണ് സ്റ്റേക്കേഷനുകളുടെ പ്രത്യേകത.

ഫ്ലൈറ്റ് ടിക്കററ് ബുക്ക് ചെയ്ത്, അല്ലെങ്കില്‍ ഒരുപാട് ദൂരം സഞ്ചരിച്ച് പോകേണ്ട ആവശ്യമൊന്നും ഇവിടെയില്ല. യാത്ര ചെയ്ത് ക്ഷീണിക്കാത്ത ദൂരത്തിലുള്ള ഹോട്ടലിലേക്ക് ഉള്ള യാത്രയും എല്ലാവരും കൂടി ചിലവഴിക്കുന്ന കുറേയേറെ സമയവും ചിലവ് കുറയ്ക്കും എന്നു മാത്രമല്ല, സന്തോഷം കൂടുതല്‍ നല്കുകയും ചെയ്യും.