Home അറിവ് ഓഗസ്റ്റില്‍ ലഭിച്ചത് 44 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മഴ; ജൂലൈയില്‍ 10 ശതമാനം കുറവ്

ഓഗസ്റ്റില്‍ ലഭിച്ചത് 44 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മഴ; ജൂലൈയില്‍ 10 ശതമാനം കുറവ്

1976ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മഴയാണ് രാജ്യത്ത് ഈ വര്‍ഷം പെയ്തതെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍. പതിവിലും 25 ശതമാനം അധികം മഴയാണ് ഈ മാസം ലഭിച്ചത്. അതേസമയം ജൂലൈയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ പത്തു ശതമാനം കുറവു മഴയാണ് ലഭിച്ചത്. ഇതിനു പിന്നാലെയാണ് ഓഗസ്റ്റിലെ റെക്കോര്‍ഡ് മഴ.

നാല്‍പ്പത്തിനാലു വര്‍ഷത്തിനിടയിലെ റെക്കോഡ് ആണ് ഇതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. സെപ്റ്റംബറില്‍ മഴ കുറയുമെന്നാണ് പ്രവചനം. മണ്‍സൂണുമായി ബന്ധപ്പെട്ട് ഇത്തവണത്തെ പ്രവചനം ഇതുവരെ ശരിയായിട്ടുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഓഗസ്റ്റ് ഒന്ന് മുതല്‍ 28 വരെ 296.2 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഓഗസ്റ്റിലെ പതിവു ശരാശരി 237.2 മില്ലിമീറ്റര്‍ ആണ്. 25 ശതമാനമാണ് ഈ ഓഗസ്റ്റില്‍ ലഭിച്ച അധിക മഴ.

ഇതിനു മുന്‍പ് 1976ലാണ് ഇതേ അളവില്‍ മഴ ലഭിച്ചിട്ടുള്ളത്. അന്ന് ശരാശരിയേക്കാള്‍ 28.4 ശതമാനം മഴയാണ് അധികമായി ലഭിച്ചത്. 1926ല്‍ ആണ് ഓഗസ്റ്റില്‍ ഏറ്റവുമധികം മഴ ലഭിച്ചിട്ടുള്ളത്. അന്ന് 33 ശതമാനം അധികമഴയാണ് പെയ്തത്.