തൃശൂർ പൂരം വെടിക്കെട്ടിന് സുപ്രീം കോടതിയുടെ പച്ചക്കൊടി . ജസ്റ്റിസ് ബോബ്‌ഡെയുടെ നിലപാട് നിർണായകമായി.

    ആചാര പ്രകാരം തൃശൂർ പൂരം വെടികെട്ടു നടത്താമെന്ന് സുപ്രീം കോടതി.ക്ഷേത്രങ്ങളിലെ ഒരു ആചാരവും വിലക്കിയിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
    പെസോ അനുവദിക്കുന്ന പടക്കങ്ങൾ ഉപയോഗിക്കാം. എന്നാൽ
    ബേരിയം ഉപയോഗിച്ചുള്ള പടക്കങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് പ്രത്യേക നിർദേശം സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടില്ല.
    ക്ഷേത്രോത്സവങ്ങളുടെ ഭാഗമായുള്ള ആചാരങ്ങൾക്കും ആഘോഷങ്ങൾക്കും ഇളവ് നൽകാം എന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
    തൃശൂർ പൂരത്തിന് പ്രത്യേക ഇളവ് അനുവദിക്കണമെന്നായിരുന്നു സുപ്രീം കോടതിയിൽ കേരള സർക്കാരിന്റെ നിലപാട്.
    സമയ നിയന്ത്രണത്തിലും സുപ്രീം കോടതി ഇളവ് അനുവദിച്ചു

    തൃശൂർ പൂരത്തിന് ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പൂരപ്പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
    2018 ഒക്ടോബറിൽ അർജുൻ ഗോപാൽ കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച പടക്ക നിയന്ത്രണ ഉത്തരവാണ് തൃശൂർ പൂരം വെടിക്കെട്ടിന് തടസ്സമായിരുന്നത്. സുപ്രീം കോടതി നിഷ്കർഷിച്ച സമയ നിയന്ത്രണം കൃത്യമായി പാലിക്കുകയാണെങ്കിൽ ചില സമയങ്ങളിലെ വെടിക്കെട്ട് ഉപേക്ഷിക്കേണ്ടി വന്നേനെ. മാത്രമല്ല എല്ലാ പടക്കങ്ങളും രാത്രി 8 മുതൽ 10 മണി വരെയുള്ള സമയത്തിനുള്ളിൽ പൊട്ടിച്ച് തീർക്കേണ്ടി വന്നേനേ.
    ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസ് ശാന്തന ഗൗഡർ, ജസ്റ്റിസ് ഇന്ദിര ബാനർജി എന്നിവർ അടങ്ങിയ മൂന്നംഗ ബെഞ്ചാണ് തിരുവമ്പാടി -പാറമേക്കാവ് ദേവസ്വങ്ങളുടെ ഹർജി പരിഗണിച്ചത്.

    സമ്പൂർണ്ണ പടക്ക നിരോധനം പാടില്ല എന്ന ജസ്റ്റിസ് ബോബ്‌ഡെയുടെ നിലപാടാണ് നിർണ്ണായകമായത്.. സമ്പൂർണ്ണ പടക്ക നിരോധനം ആ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുത്തും എന്നും, വ്യാപകമായ തൊഴിലില്ലായ്മ സൃഷ്ടിക്കലല്ല കോടതിയുടെ കടമ എന്നും ജസ്റ്റിസ് ബോബ്‌ഡെ നേരത്തേ വ്യക്തമാക്കിയിരുന്നു.
    മതപരവും, സാംസ്കാരികവും ആയ എല്ലാ ആചാരങ്ങളോടും ലിബറൽ സമീപനമാണ് ജസ്റ്റിസ് ബോബ്‌ഡെ ഇത് വരെ സ്വീകരിച്ച് പോന്നിട്ടുള്ളത്.
    പടക്ക നിർമ്മാണ ശാലകൾ അടച്ച് ഇന്ത്യയിൽ തൊഴിലില്ലായ്മ സൃഷ്ടിക്കാൻ കോടതി ആഗ്രഹിക്കുന്നില്ലെന്ന് നേരത്തേ ജസ്റ്റിസ് എസ് എ ബോബ്‌ഡെ നയം വ്യക്തമാക്കിയിരുന്നു.
    എല്ലാവർക്കും പണവും ജോലിയും നൽകാൻ കഴിയില്ല. അതോടൊപ്പം ഉള്ള തൊഴിലുകൾ നശിപ്പിക്കാനും തയ്യാറല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
    രാജ്യ വ്യാപകമായി പടക്കം നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെ ആയിരുന്നു ജസ്റ്റിസ് ബോബ്ഡെയുടെ നിരീക്ഷണം.