Home വാണിജ്യം ട്വിറ്ററിനെതിരെ കേന്ദ്രസര്‍ക്കാര്‍; നയങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

ട്വിറ്ററിനെതിരെ കേന്ദ്രസര്‍ക്കാര്‍; നയങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ പുതിയ ഐടി നയങ്ങള്‍ അനുസരിക്കാന്‍ ട്വിറ്ററിന് അവസാന അവസരം നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മേയ് 26 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതുക്കിയ ഐടി നയങ്ങള്‍ അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ എന്നും നയങ്ങള്‍ ഇനിയും ട്വിറ്റര്‍ അംഗീകരിച്ചില്ലെങ്കില്‍ അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

വിപുലമായ ഒരു പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് പുതിയ ഐടി നയം സമൂഹ മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങളുടെ സ്വഭാവം നിരീക്ഷിക്കുക, പരാതികള്‍ക്ക് പരിഹാരമുണ്ടാക്കുക, ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുക, പരാതി പരിഹാരവുമായി ബന്ധപ്പെട്ട് പ്രതിമാസ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനായി ഇന്ത്യയില്‍ നിന്ന് തന്നെയുള്ള ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കാനാണ് പുതിയ ഐടി ചട്ടത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പുതിയ ഐടി ചട്ടവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തുടരുന്നതിനിടെ ഉപരാഷ്ട്രപതിയുടെ വ്യക്തിഗത അക്കൗണ്ടിലെ ബ്ലൂ ടിക്ക് ട്വിറ്റര്‍ നീക്കം ചെയ്തത് വിവാദമായിരുന്നു. ഏറെ നാളായി നിഷ്‌ക്രിയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിലെ ബ്ലൂ ടിക്ക് ട്വിറ്റര്‍ നീക്കിയത്. എന്നാല്‍ ഭരണഘടന പദവി വഹിക്കുന്ന വ്യക്തിയുടെ അക്കൗണ്ടില്‍ മാറ്റം വരുത്തിയത് തെറ്റായ നടപടിയാണെന്നും അന്വേഷണം വേണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഐടി മന്ത്രാലയം ഇടപെട്ടതോടെ ട്വിറ്റര്‍ ഇത് പുനഃസ്ഥാപിക്കുകയായിരുന്നു.