Home അറിവ് ഡിവോഴ്‌സിന് വേണ്ടി പങ്കാളിയെ ലൈംഗികപ്രശ്‌നമുള്ള ആളായി ചിത്രീകരിക്കരുത്; ഹൈക്കോടതി

ഡിവോഴ്‌സിന് വേണ്ടി പങ്കാളിയെ ലൈംഗികപ്രശ്‌നമുള്ള ആളായി ചിത്രീകരിക്കരുത്; ഹൈക്കോടതി

വിവാഹമോചന കേസുകള്‍ കോടതിയിലെത്തുമ്പോള്‍ വളരെ മോശമായ കാര്യങ്ങളാണ് അങ്ങോട്ടും ഇങ്ങോട്ടും ആരോപിക്കാറുള്ളത്. പലപ്പോഴും വസ്തുതകള്‍ക്ക് അപ്പുറമുള്ള വാദപ്രതിവാദങ്ങളാണ് നടക്കാറുള്ളത്. ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങളും പ്രത്യാരോപണങ്ങളും പിന്നീട് വ്യക്തികളുടെ തുടര്‍ന്നുള്ള ജീവിതത്തെ വൈകാരികമായും സാമൂഹികമായുമെല്ലാം ദോഷകരമായി ബാധിക്കാറുമുണ്ട്.

സുപ്രധാനമായ ഈ വിഷയത്തില്‍ ശ്രദ്ധേയമായ ഉത്തരവ് ഇറക്കിയിരിക്കുകയാണ് കേരള ഹൈക്കോടതി. എറണാകുളത്തുള്ള ദമ്പതികളുടെ വിവാഹമോചനക്കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങളുടെ രൂക്ഷത കണക്കിലെടുത്ത് ഉത്തരവിറക്കിയിരിക്കുന്നത്. പരസ്പരം ലൈംഗികപ്രശ്നങ്ങള്‍ ആരോപിച്ചുകൊണ്ടുള്ള വിവാഹമോചന പരാതിയായിരുന്നു എറണാകുളത്തുള്ള ദമ്പതികള്‍ നല്‍കിയിരുന്നത്.

ഡിവോഴ്സ് അനുവദിച്ചു കിട്ടാന്‍ വേണ്ടി പങ്കാളിക്ക് ലൈംഗികപ്രശ്നങ്ങളുണ്ടെന്ന് വാദിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അങ്ങനെയുള്ള വാദങ്ങള്‍ പരിശോധിക്കുമ്പോള്‍ അത് വസ്തുതാവിരുദ്ധമാണെന്ന് തെളിഞ്ഞുകഴിഞ്ഞാല്‍ മാനസികപീഡനമായി പരിഗണിക്കുമെന്നുമാണ് കോടതി വ്യക്തമാക്കിയത്. ജസ്റ്റിസ് മുമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിറക്കിയത്.