Home അറിവ് തെരുവ് നായ്ക്കള്‍ക്ക് സ്ഥിരമായി ഭക്ഷണം നല്‍കുന്ന ആളുകൾ അറിയാൻ

തെരുവ് നായ്ക്കള്‍ക്ക് സ്ഥിരമായി ഭക്ഷണം നല്‍കുന്ന ആളുകൾ അറിയാൻ

തെരുവ് നായ്ക്കള്‍ക്ക് സ്ഥിരമായി ഭക്ഷണം നല്‍കുന്ന ആളുകളെ അവയുടെ പ്രതിരോധ കുത്തിവയ്പ്പിന്റെ ഉത്തരവാദിത്തം ഏല്‍പ്പിക്കാമെന്നും അവ ആളുകളെ ആക്രമിച്ചാല്‍ അതിന്റെ ചെലവ് ഭക്ഷണം നല്‍കുന്ന ആളുകള്‍ വഹിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശം.ജനങ്ങളുടെ സുരക്ഷയും മൃഗങ്ങളുടെ അവകാശവും തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തണമെന്നും ഇക്കാര്യത്തില്‍ ചില പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും സുപ്രീം കോടതി ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.തെരുവ് നായ പ്രശ്നം പരിഹരിക്കാന്‍ യുക്തിസഹമായ പരിഹാരം കാണണമെന്ന് പറഞ്ഞ സുപ്രീം കോടതി, വിഷയം സെപ്റ്റംബര്‍ 28 ന് വാദം കേള്‍ക്കാന്‍ മാറ്റി. വിഷയത്തില്‍ മറുപടി നല്‍കാന്‍ കക്ഷികളോട് ആവശ്യപ്പെട്ടു.

അതേസമയം, 2019 മുതല്‍ ഇന്ത്യയില്‍ തെരുവ് നായ്ക്കളുടെ കടിയേറ്റ 1.5 കോടി കേസുകള്‍ രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയത് ഉത്തര്‍പ്രദേശിലാണ്. 27,52,218 കേസുകള്‍. തമിഴ്‌നാട് (20,70,921), മഹാരാഷ്ട്ര (15,75,606), പശ്ചിമ ബംഗാള്‍ (12,09,232) എന്നിവയാണ് പിന്നില്‍. അതേസമയം, ലക്ഷദ്വീപില്‍ ഇതേ കാലയളവില്‍ ആര്‍ക്കും നായ്ക്കളുടെ കടിയേറ്റതായി രേഖപ്പെടുത്തിയിട്ടില്ല.

2022 ലെ ആദ്യ ഏഴ് മാസങ്ങളില്‍ മാത്രം 14.5 ലക്ഷം കേസുകള്‍ രേഖപ്പെടുത്തി. തമിഴ്നാട്ടിലും (251,510), മഹാരാഷ്ട്രയിലുമാണ് (231,531) ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയത്. ഇന്ത്യയില്‍ ഓരോ വര്‍ഷവും നൂറിലധികം പേവിഷബാധയും മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.