Home Uncategorized വിക്രാന്തിന്റെ ബേസില്‍ ട്രയല്‍സ് പൂര്‍ത്തിയായി; സീ ട്രയല്‍സ് ഉടന്‍ കൊച്ചിയില്‍

വിക്രാന്തിന്റെ ബേസില്‍ ട്രയല്‍സ് പൂര്‍ത്തിയായി; സീ ട്രയല്‍സ് ഉടന്‍ കൊച്ചിയില്‍

ന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനിക്കപ്പലാണ് വിക്രാന്ത് ബേസില്‍. ഇതിന്റെ കമ്മിഷനിങ്ങിനു മുന്നോടിയായുള്ള സമുദ്ര സഞ്ചാരക്ഷമത പരിശോധന (സീ ട്രയല്‍സ്) വൈകാതെ നടക്കും. കൊച്ചി ഷിപ്യാഡില്‍ നിര്‍മാണം പുരോഗമിക്കുന്ന വിക്രാന്തിന്റെ ബേസിന്‍ ട്രയല്‍സാണ് കഴിഞ്ഞ മാസം അവസാനത്തില്‍ നടന്നത്.

നേരത്തെ ആസൂത്രണം ചെയ്ത പോലെ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ ഈ മാസം അവസാനത്തില്‍ തന്നെ സീ ട്രയല്‍സ് നടന്നേക്കുമെന്നാണ് വിവരം. പ്രൊപ്പല്ലര്‍ പ്രവര്‍ത്തിപ്പിച്ച് കപ്പലിന്റെ ചലനവും വൈദ്യുതി സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമതയുമാണ് ബേസിന്‍ ട്രയല്‍സിലൂടെ പരിശോധിച്ചത്. അടുത്ത ഘട്ടത്തിലാണ് ഏറ്റവും നിര്‍ണായകമായ സീ ട്രയല്‍സ്.

അടുത്ത വര്‍ഷം കമ്മിഷനിങ് ലക്ഷ്യമിട്ടാണു നിര്‍മാണം പുരോഗമിക്കുന്നത്. പുതിയ വിമാനവാഹിനി കപ്പിലില്‍ നിന്ന് പറന്നുയരാന്‍ ഇന്ത്യയുടെ റാഫാല്‍ പോര്‍വിമാനങ്ങളും ഉണ്ടായിരിക്കുമെന്നാണ് കരുതുന്നത്. വിവിധ പോര്‍വിമാനങ്ങള്‍ക്ക് ടേക്ക് ഓഫിനും ലാന്‍ഡിങ്ങിനും സാധ്യമാക്കുന്ന രീതിയിലാണ് വിക്രാന്ത് നിര്‍മിച്ചിരിക്കുന്നത്.

ഇന്ത്യന്‍ നാവികസേനയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍ (ഐഎസി -1) വിക്രാന്തിന്റെ ബേസിന്‍ ട്രയല്‍സ് പൂര്‍ത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്. അടുത്ത വര്‍ഷം ആദ്യത്തിലോ ഡിസംബര്‍ അവസാനത്തിലോ കപ്പലിന്റെ വിപുലമായ കടല്‍ പരീക്ഷണങ്ങള്‍ നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

പ്രതിരോധ പബ്ലിക് റിലേഷന്‍സ് ഉദ്യോഗസ്ഥര്‍ വിമാനവാഹിനിക്കപ്പലിന്റെ ഫോട്ടോകള്‍ ട്വിറ്ററില്‍ പങ്കിട്ടു. ‘നിര്‍മാണത്തിലിരിക്കുന്ന ഐഎസി 1 ന്റെ ബേസിന്‍ ട്രയലുകള്‍ നവംബര്‍ 30 ന് കൊച്ചിയിലെ സിഎസ്എല്ലില്‍ വിജയകരമായി നടത്തി. വൈസ് അഡ്മിറല്‍ എ.കെ ചൗള, സിഎന്‍സി എസ്എന്‍സി, കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ലിമിറ്റഡ് സിഎംഡി മധു നായര്‍ എന്നിവരുടെ സാന്നിധ്യത്തില്‍’ ഇതായിരുന്നു ട്വീറ്റ്.

കപ്പലിന്റെ പ്രൊപ്പല്‍ഷന്‍, ട്രാന്‍സ്മിഷന്‍, ഷാഫ്റ്റിങ് സിസ്റ്റങ്ങള്‍ എന്നിവ പരിശോധിക്കുന്നതിനായാണ് ബേസിന്‍ ട്രയലുകള്‍ നടത്തുന്നത്. കപ്പല്‍ 2021 ന്റെ അവസാനത്തിലോ 2022 ന്റെ തുടക്കത്തിലോ കമ്മിഷന്‍ ചെയ്യാനൊരുങ്ങുകയാണ്. 30 പോര്‍വിമാനങ്ങള്‍, പത്തോളം ഹെലികോപ്ടറുകള്‍ ഒരേസമയം ലാന്‍ഡ് ചെയ്യിക്കാന്‍ വിക്രാന്തിന് ശേഷിയുണ്ട്. അമേരിക്കന്‍ എംഎച്ച് -60 ആര്‍, കമോവ് കെ -31, സീ കിങ് എന്നിവ ഉള്‍പ്പെടുന്ന പത്തോളം റോട്ടറി വിങ് വിമാനങ്ങള്‍ക്കും ഇതില്‍ ലാന്‍ഡ് ചെയ്യാന്‍ കഴിയും. നാവികസേനയുടെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററിന്റെ (ALH) ധ്രുവിന് വരെ ലാന്‍ഡ് ചെയ്യാന്‍ കഴിയും.

40,000 ടണ്‍ ഭാരമുള്ള സ്റ്റോബാന്‍ വിഭാഗത്തില്‍പെട്ട ഐഎന്‍എസ് വിക്രാന്തിന് 3,500 കോടി രൂപയാണ് നിര്‍മാണച്ചെലവ്. കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മിച്ച ഈ വിമാനവാഹിനിക്കപ്പലിന് ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ പേര് തന്നെയാണ് നല്‍കിയിരിക്കുന്നത്. നിര്‍മാണം ആരംഭിച്ച ശേഷം റഷ്യയില്‍ നിന്നും ഉരുക്കെത്തിക്കാനുള്ള പദ്ധതി ആദ്യം തകിടം മറഞ്ഞു.

ഡിആര്‍ഡിഒയുടെ സഹായത്തില്‍ കപ്പലിന് ആവശ്യമായ ഉരുക്ക് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കുകയാണ് ഇന്ത്യ ചെയ്തത്. ഈ തടസ്സങ്ങളൊക്കെ നീങ്ങിയപ്പോഴേക്കും 2011ല്‍ നിശ്ചയിച്ചിരുന്ന നീറ്റിലിറക്കല്‍ 2013 ഓഗസ്റ്റ് 12 വരെ നീണ്ടു. ഇതിനു പിന്നാലെയാണ് റഷ്യയില്‍ നിന്നുള്ള ഏവിയേഷന്‍ സാമഗ്രികളുടെ ഇറക്കുമതിയിലുണ്ടായ കാലതാമസം വീണ്ടും ഐഎന്‍എസ് വിക്രാന്തിനെ വൈകിപ്പിച്ചത്. വിക്രാന്ത് കൂടി വരുന്നതോടെ കടലില്‍ ചൈനയ്‌ക്കെതിരെ വന്‍ വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിക്കും.