പ്രശസ്ത ഹോളിവുഡ് നടന്‍ ചാഡ് വിക്ക് ബോസ്മന്‍ അന്തരിച്ചു. 43 വയസായിരുന്നു. ഏറെ നാളായി കാന്‍സര്‍ രോഗബാധിതനായിരുന്നു. ഹിറ്റ് ചിത്രം ബ്ലാക്ക് പാന്തറിലെ നായക വേഷത്തിലൂടെയാണ് ബോസ്മന്‍ ജനപ്രീതിയാര്‍ജ്ജിച്ചത്.
ദി എക്സ്പ്രസ്, ദ കില്‍ ഹോള്‍, 42, ഡ്രാഫ്റ്റ് ഡേ, ഗെറ്റ് ഓണ്‍ അപ്പ്, ഗോഡ്സ് ഓഫ് ഈജിപ്റ്റ്, ക്യാപ്റ്റന്‍ അമേരിക്ക : സിവില്‍ വാര്‍, മാര്‍ഷല്‍, അവഞ്ചേഴ്സ് : ഇന്‍ഫിനിറ്റി വാര്‍ തുടങ്ങിയവയാണ് ചാഡ് വിക്ക് ബോസ്മന്റെ പ്രശസ്ത സിനിമകള്‍. ലിന്‍കണ്‍ ഹൈറ്റ്‌സ് (2008), പേഴ്‌സണ്‍ അണ്‍നൗണ്‍ (2010) എന്നീ ടെലിവിഷന്‍ സീരീസുകളിലും ബോസ്മന്‍ വേഷമിട്ടിട്ടുണ്ട്.
സൗത്ത് കരോലീനയിലെ ആന്‍ഡേഴ്‌സണില്‍ 1977 നവംബര്‍ 29 -നാണ് ബോസ്മന്റെ ജനനം. ആഫ്രിക്കന്‍ അമേരിക്കനായ കാരോലിന്റേയും, ലെറോയ് ബോസ്മാന്റേയും മകനായിരുന്നു. അമ്മ നഴ്‌സും അച്ഛന്‍ ടെക്സ്റ്റയില്‍ ഫാക്ടറി ജോലിക്കാരനുമായിരുന്നു.
ന്യൂയോര്‍ക്ക് സിറ്റിയിലെ ഡിജിറ്റല്‍ ഫിലിം അക്കാദമിയില്‍ നിന്ന് ബിരുദം നേടിയ ബോസ്മന്‍, 2008 ല്‍ അഭിനയ മേഖലയില്‍ കാലുറപ്പിക്കാനായി ലോസ് ആഞ്ചലസ്സിലേക്ക് താമസം മാറി. 2013ല്‍ പുറത്തിറങ്ങിയ 42 എന്ന ചിത്രമാണ് ബോസ്മാനെ ഹോളിവുഡിലെ സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയത്.