Home വാണിജ്യം ഇന്ത്യയില്‍ ഉണ്ടായത് ആഴ്ചയില്‍ രണ്ട് ശതകോടീശ്വരന്‍മാര്‍ വീതം; കോവിഡ് കാലം സമ്പന്നര്‍ക്ക് തടസമായില്ല

ഇന്ത്യയില്‍ ഉണ്ടായത് ആഴ്ചയില്‍ രണ്ട് ശതകോടീശ്വരന്‍മാര്‍ വീതം; കോവിഡ് കാലം സമ്പന്നര്‍ക്ക് തടസമായില്ല

കോവിഡ് വ്യാപനത്തിനിടയിലും ഇന്ത്യയില്‍ പുതിയ കോടീശ്വരന്‍മാര്‍ ഉടലെടുക്കുകയാണ്. അതും ശതകോടീശ്വരന്മാരുടെ എണ്ണത്തിലാണ് വര്‍ധനവുണ്ടാകുന്നത്. കോവിഡ് പിടിമുറുക്കിയ 2020ല്‍ 55 പേരാണ് പുതുതായി ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാര്‍ ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമതാണെന്ന് ഹുറുണ്‍ ആഗോള സമ്പന്ന രാജ്യങ്ങളുടെ പട്ടിക വ്യക്തമാക്കുന്നു.

നിലവില്‍ രാജ്യത്ത് 177 ശതകോടീശ്വരന്മാര്‍ ഉണ്ട്. വിദേശത്തുള്ള ഇന്ത്യക്കാരെ കൂടി ഉള്‍പ്പെടുത്തിയാല്‍ ഇത് 209 ആകും. 100 കോടി ഡോളറിനേക്കാള്‍ വരുമാനമുള്ളവരാണ് പട്ടികയിലുള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍. ഏഷ്യയിലെ രണ്ടാമത്തെ കോടീശ്വരനായ മുകേഷ് അംബാനി, ആഗോള റാങ്കില്‍ എട്ടാം സ്ഥാനത്താണെന്നും ഹുറുണ്‍ സമ്പന്ന പട്ടിക പറയുന്നു. 8300 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി.

കഴിഞ്ഞ ദശാബ്ദത്തില്‍ ഏറ്റവും കൂടുതല്‍ സമ്പത്ത് വര്‍ധിച്ചത് 2020ലാണ്. ഓഹരി വിപണിയിലെ അനുകൂല സാഹചര്യമാണ് ഇതിന് കരുത്ത് പകര്‍ന്നത്. ആഴ്ചയില്‍ രണ്ടു ശതകോടീശ്വരന്മാര്‍ എന്ന നിലയിലാണ് കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ സമ്പന്നര്‍ ഉദയം ചെയ്തത്. ഓരോ രണ്ടുദിവസം കൂടുമ്പോഴും മൂന്ന് ശതകോടീശ്വരന്മാര്‍ എന്നതായിരുന്നു ആഗോള ശരാരശി.