Home ആരോഗ്യം ഷിഗല്ല നിസാര രോഗമല്ല; കുടല്‍ അഴുകിപ്പോകും, അപസ്മാരത്തിനും അബോധാവസ്ഥയ്ക്കും വരെ ഇടയാക്കുമെന്ന് വിദഗ്ധര്‍

ഷിഗല്ല നിസാര രോഗമല്ല; കുടല്‍ അഴുകിപ്പോകും, അപസ്മാരത്തിനും അബോധാവസ്ഥയ്ക്കും വരെ ഇടയാക്കുമെന്ന് വിദഗ്ധര്‍

സംസ്ഥാനത്ത് ഭീതി വിതച്ച് ഷിഗെല്ല രോഗബാധ. കോഴിക്കോട്, എറണാകുളം ജില്ലകള്‍ക്ക് പുറമെ കണ്ണൂരിലും ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശിയായ ആറു വയസുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. ഇത് നിസാരമായി തള്ളിക്കളയാവുന്ന രോഗമല്ല എന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.

വെള്ളത്തിലൂടെ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്ന ഷിഗല്ല ബാക്ടീരിയ ശരീരത്തിനുള്ളില്‍ കടന്ന് പരമാവധി ഏഴു ദിവസത്തിനുള്ളില്‍ തന്നെ ( സാധാരണയായി രണ്ടാം ദിനം തന്നെ ) രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങും. വയറിളക്കം, അതിസാരം, പനി, ഓക്കാനം, ചര്‍ദ്ദില്‍, വയറുവേദന, ദഹനക്കുറവ്, പുറത്തേക്കൊന്നും പോകാന്‍ ഇല്ലാതിരിക്കുന്ന അവസ്ഥയില്‍ പോലും തുടരെത്തുടരെ മലവിസര്‍ജ്ജനം നടത്തണമെന്ന തോന്നല്‍ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

വെറും നൂറില്‍ താഴെ ഷിഗല്ല ബാക്ടീരിയ ഒരു വ്യക്തിയുടെ ശരീരത്തിനുള്ളില്‍ കടന്നാല്‍ തന്നെ ഈ രോഗാണുബാധയുള്ള സാധ്യത വളരെയധികമാണ്. കുടലിനുള്ളില്‍ പ്രവേശിച്ചതിനു ശേഷം കുടലിലെ ശ്ലേഷ്മസ്തരത്തിനുള്ളിലേക്ക് നുഴഞ്ഞുകയറുന്ന ബാക്ടീരിയകള്‍ അവിടെ കോശങ്ങള്‍ക്കുള്ളില്‍ വച്ചുതന്നെ പെറ്റുപെരുകുകയും, ചില വിഷപദാര്‍ത്ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു.

അവയുടെ പ്രവര്‍ത്തനം കുടലിന്റെ സ്വാഭാവികമായ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും, കുടലിലെ സ്തരത്തിന്റെ ഏറ്റവും മുകള്‍ഭാഗം അഴുകി മലത്തോടൊപ്പം പുറത്തേക്ക് പോകുന്നതിനും കാരണമാകുന്നു. ഇതാണ് മലത്തോടൊപ്പം രക്തവും ഞോളയും പഴുപ്പും പുറത്തേക്ക് പോകുന്നു എന്ന അവസ്ഥയ്ക്ക് കാരണം.

പത്ത് ശതമാനത്തില്‍ താഴെ വയറിളക്ക രോഗങ്ങളില്‍ മലത്തില്‍ രക്തവും കഫവും കലര്‍ന്നിരിക്കും. ഇത്തരം വയറിളക്കങ്ങളെ അക്യൂട്ട് ഡിസെന്‍ട്രി എന്ന് പറയുന്നു. ഷിഗെല്ല എന്ന ബാക്ടീരിയയാണ് ഇത്തരം വയറിളക്കത്തിന് പ്രധാന കാരണം. രോഗം ബാധിച്ച രോഗിയുടെ മലം കുടിവെള്ളത്തില്‍ കലരുന്നത് വഴിയാണ് ഈ രോഗം മറ്റൊരു വ്യക്തിയിലേക്ക് പടരുന്നത്.

തുടര്‍ച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന നിര്‍ജ്ജലീകരണം ‘ഷോക്ക്’ എന്ന അവസ്ഥയിലേക്കും, മരണത്തിലേക്കും വരെ നയിച്ചേക്കാം. ചെറിയ കുട്ടികളില്‍ ജന്നി വരാനുള്ള സാധ്യതയും അധികമാണ്. തുടര്‍ച്ചയായ വയറിളക്കം മൂലം വന്‍കുടലിന്റെ ഉള്ളിലെ ശ്ലേഷ്മസ്തരം മലദ്വാരത്തിലൂടെ പുറത്തേക്ക് തള്ളി ഇറങ്ങുന്ന അവസ്ഥ ഉണ്ടായേക്കാമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

കൃത്യമായ ചികിത്സ ലഭിക്കാത്ത പക്ഷം ചിലരില്‍ രക്തത്തിലെ ചുവന്ന രക്താണുക്കളുടെയും പ്ലേറ്റ്ലെറ്റുകളുടെയും എണ്ണത്തില്‍ ക്രമാതീതമായ കുറവുണ്ടാകുകയും അതുവഴി വൃക്കകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. ഷിഗെല്ല എര്‍സെഫലൈറ്റിസ് ഷിഗെല്ല രോഗാണു ഉണ്ടാക്കുന്ന ഒരു ടോക്സിന്‍ തലച്ചോറിനെ ബാധിക്കുന്നതിനാല്‍ അപസ്മാരം, പൂര്‍ണ്ണ ബോധമില്ലായ്മ, അബോധാവസ്ഥ എന്നീ പ്രശ്നങ്ങളുണ്ടാകുന്നു. ഇത് മരണകാരണമായേക്കാം.

ഷിഗെല്ല പ്രതിരോധത്തിനായി വേണ്ടത് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും കര്‍ശനമായി പാലിക്കുക എന്നതാണ്. കൈകള്‍ ഇടയ്ക്കിടെ വൃത്തിയായി കഴുകി സൂക്ഷിക്കുക. കുടിവെള്ളം തിളപ്പിച്ചാറിയതിനു ശേഷം മാത്രം ഉപയോഗിക്കുക. കൃത്യമായ ഇടവേളകളില്‍ കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തുക. പൊതു കുളങ്ങളില്‍ നിന്നും കിണറുകളില്‍ നിന്നും സ്വിമ്മിംഗ് പൂളുകളില്‍ നിന്നും വെള്ളം വയറ്റിനുള്ളില്‍ ചെല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക.

1897ല്‍ ജാപ്പനീസ് മൈക്രോബയോളജിസ്റ്റ് ആയ ‘കിയോഷി ഷിഗ’ ആണ് ഈ രോഗാണുവിനെ തിരിച്ചറിഞ്ഞത്. അക്കാലത്ത് ജപ്പാനില്‍ പൊട്ടിപ്പുറപ്പെട്ട ചുവന്ന വയറിളക്കം എന്ന അസുഖത്തെ കുറിച്ചുള്ള പഠനത്തില്‍ നിന്നാണ് ഈ രോഗാണുവിനെ തിരിച്ചറിയുന്നത്. ഇതിന് ‘ബാസില്ലസ് ഡിസെന്‍ട്രിയേ’ എന്ന പേരു നല്‍കിയെങ്കിലും പിന്നീട് 1930 അത് ‘ഷിഗല്ല’ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.