Home അറിവ് കോവിഡ് വാക്‌സിന്‍ എടുത്തോ?; ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കുക

കോവിഡ് വാക്‌സിന്‍ എടുത്തോ?; ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കുക

കോവിഡ് 19 എന്ന മഹാമാരി അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന- ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. പുറത്ത് ഇറങ്ങുമ്പോള്‍ അതീവ ശ്രദ്ധയും ജാഗ്രതയും അത്യാവശ്യമാണ്. രോഗം എവിടെ നിന്ന്, എങ്ങനെ പിടിപെടും എന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ പറ്റില്ല. ഇതിനിടെ വാക്സിനേഷന്‍ നടപടികളും പുരോഗമിക്കുന്നുണ്ട്.

വാക്സിന്‍ സ്വീകരിക്കുകയെന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തിനായി ഓരോ പൗരന്മാരും കൈക്കൊള്ളേണ്ട മുന്‍കരുതല്‍. ആരോഗ്യപ്രവര്‍ത്തകര്‍ ഇത് ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തുന്നുമുണ്ട്. കോവിഡ് വാക്സിനേഷന്‍ സ്വീകരിക്കുന്നതിനൊപ്പം ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഒന്ന്

വാക്സിന്‍ സ്വീകരിച്ചുകഴിഞ്ഞാല്‍ വെള്ളം കുടിക്കുന്ന കാര്യത്തില്‍ യാതൊരു മടിയും കണിക്കരുത്. കാരണം ശരീരത്തിലെ നിര്‍ജലീകരണം വാക്സിന്‍ കുത്തിവെക്കപ്പെട്ട ഭാഗത്ത് വേദനയും അസ്വസ്ഥതയും അനുഭവപ്പെടാന്‍ ഇടയാക്കം. കൂടാതെ, പച്ചക്കറി ജ്യൂസുകള്‍, പഴങ്ങളുടെ ജ്യൂസുകള്‍, ജലാംശം കൂടുതലടങ്ങിയ പഴങ്ങള്‍ എന്നിവയെല്ലാം നന്നായി കഴിക്കണം. പ്രതിരോധശേഷി അടക്കം ആരോഗ്യത്തിന്റെ അടിസ്ഥാനപരമായ മിക്ക കഴിവുകളെയും ശരീരത്തിലെ ജലാംശം നേരിട്ട് സ്വാധീനിക്കുന്നുണ്ട്. അതിനാല്‍ വെള്ളം കുടിക്കാന്‍ എപ്പോഴും കരുതലെടുക്കുക.

രണ്ട്

വാക്സിന്‍ എടുക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പും എടുത്ത് ഒന്നോ രണ്ടോ ദിവസത്തേക്കും മദ്യപാനം വേണ്ട. ദീര്‍ഘമായ സമയത്തേക്ക് മദ്യപിക്കാതിരിക്കാന്‍ സാധിക്കുമെങ്കില്‍ അത് ഏറ്റവും ഉത്തമം. ഈ ദിവസങ്ങളില്‍ നിര്‍ബന്ധമായും വേണ്ട എന്നതാണ് നിര്‍ദേശം.
മദ്യപാനം രോഗ പ്രതിരോധ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കാന്‍ കാരണമാവുകയും ചെയ്യുന്നു എന്നതിനാലാണിത്.

മൂന്ന്

വാക്സിനേഷന് മുമ്പും ശേഷം രാത്രിയിലെ ഉറക്കം ശ്രദ്ധിക്കുക. നന്നായി ഉറങ്ങിയെങ്കില്‍ മാത്രമേ പ്രതിരോധ വ്യവസ്ഥ രോഗങ്ങളോട് പോരാടാന്‍ സജ്ജമാകൂ. ഒറ്റ രാത്രിയിലെ ഉറക്കം മോശമായാല്‍ തന്നെ പ്രതിരോധ ശേഷി എഴുപത് ശതമാനത്തോളം ഫലപ്രദമല്ലാതെ വരാന്‍ സാധ്യതയുണ്ടെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്.