Home അന്തർദ്ദേശീയം ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോര്‍ഡ് താഴ്ചയിലേക്ക്

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോര്‍ഡ് താഴ്ചയിലേക്ക്

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ ഇടിഞ്ഞ് 79.03 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.ഇതാദ്യമായാണ് ഡോളറിന്റെ മൂല്യം 79 രൂപ കടക്കുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ച് വിപണികളില്‍ നിന്ന് ഡോളര്‍ പിന്‍വലിച്ചതാണ് രൂപയുടെ മൂല്യം ഇത്രയധികം ഇടിയാന്‍ കാരണമാകുന്നത്.

വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ) ബുധനാഴ്ച മാത്രം 1,244.5 കോടി രൂപയുടെ ഓഹരികള്‍ ഓഹരി വിപണിയില്‍ നിന്ന് വിറ്റു. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ യുഎസ് ഡോളര്‍ വീണ്ടും ശക്തി പ്രാപിക്കുകയാണ്. ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കുന്നതും രൂപയെ ദുര്‍ബലപ്പെടുത്തുന്നു. ബുധനാഴ്ച ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 79.05ല്‍ എത്തിയിരുന്നു. ചൊവ്വാഴ്ച 48 പൈസ കുറഞ്ഞ് 78.85 രൂപയായി. ഈ മാസം ഇതുവരെ രൂപയുടെ മൂല്യം 1.97 ശതമാനം ഇടിഞ്ഞു. 2022 ന്റെ തുടക്കം മുതല്‍ 6.39 ശതമാനം മൂല്യം ഇടിഞ്ഞു.രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയിലും പ്രതിഫലിച്ചു. ബുധനാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ സെന്‍സെക്സ് 150.48 പോയിന്റ് ഇടിഞ്ഞ് 53,026.97 ല്‍ എത്തി. നിഫ്റ്റി 51.10 ഇടിഞ്ഞ് 15,799.10 ല്‍ ക്ലോസ് ചെയ്തു. ഒരു ഘട്ടത്തില്‍ നേട്ടമുണ്ടാക്കിയ സൂചികകള്‍ വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളില്‍ ഇടിഞ്ഞു. അതേസമയം, ബ്രെന്റ് ക്രൂഡ് 0.34 ശതമാനം ഉയര്‍ന്ന് ബാരലിന് 118.38 ഡോളറിലെത്തി.

യുഎസ് പലിശ നിരക്ക് ഉയര്‍ത്തിയതോടെ, ഡോളറിന്റെ ഡിമാന്‍ഡ് ഒരു പരിധിവരെ ഉയര്‍ന്നു. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍, വരും ദിവസങ്ങളിലും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയാന്‍ സാധ്യതയുണ്ട്.