Home പ്രവാസം പ്രവാസികള്‍ക്കുള്ള പുതിയ നിര്‍ദേശങ്ങളുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്

പ്രവാസികള്‍ക്കുള്ള പുതിയ നിര്‍ദേശങ്ങളുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബായ് പ്രവാസി ഇന്ത്യക്കാര്‍ക്ക് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. 17 കാര്യങ്ങളാണ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രവാസി ക്ഷേമകാര്യ പദ്ധതിയായ പ്രവാസി ഭാരതീയ സഹായത കേന്ദ്ര വഴി (പിബിഎസ്‌കെ) പ്രസിദ്ധീകരിച്ചത്.

യുഎഇയിലെ തൊഴില്‍ നിയമങ്ങള്‍ മനസിലാക്കി വയ്ക്കുക. പൊലീസ്, അഗ്‌നിശമന വിഭാഗം, ആംബുലന്‍സ്, ആശുപത്രികള്‍, ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് ഇന്ത്യന്‍ അസോസിയേഷനുകള്‍ എന്നിവയുമായി ബന്ധപ്പെടേണ്ട നമ്പരുകള്‍ കുറിച്ചുവയ്ക്കുക.

ശാരീരിക പീഡനമോ, ഗാര്‍ഹിക പീഡനമോ മറ്റോ ഉണ്ടായാല്‍ എത്രയും പെട്ടെന്ന് പൊലീസിനെ അറിയിക്കുക. ജോലി സംബന്ധമായ എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കല്‍ തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ മാനവ വിഭവശേഷി- സ്വദേശിവത്കരണ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യുക, ഈ കാലയളവിനപ്പുറം യുഎഇ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 6 അനുസരിച്ച് സമയപരിധി ഏര്‍പ്പെടുത്തുന്നതിനാല്‍ മന്ത്രാലയം പരാതികള്‍ റജിസ്റ്റര്‍ ചെയ്‌തേക്കില്ല.

പ്രവാസികളുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍, പാസ്‌പോര്‍ട് പകര്‍പ്പ്, വീസാ പകര്‍പ്പ്, തൊഴില്‍ കരാര്‍, ഫിനാന്‍ഷ്യല്‍ റെക്കോര്‍ഡ്, കമ്പനി വിവരങ്ങള്‍, താമസ സ്ഥലത്തെ മേല്‍വിലാസം തുടങ്ങിയവ ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാന്‍ കൈയില്‍ കരുതുകയോ അടുത്ത ബന്ധുക്കളെ ഏല്‍പിക്കുകയോ ചെയ്യുക, ശരിയായ മാര്‍ഗത്തില്‍ മാത്രം പണം നാട്ടിലേയ്ക്ക് അയക്കുക, ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ ഉപകാരപ്രദമാകും വിധം ജോലി ആരംഭിക്കുന്ന വേളയില്‍ തന്നെ കൃത്യമായ പെന്‍ഷന്‍ സ്‌കീം തുടങ്ങിവയ്ക്കുക, ഏതെങ്കിലും ബിസിനസില്‍ പണം നിക്ഷേപിക്കുമ്പോള്‍ ഉത്പന്നത്തെക്കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ അറിഞ്ഞുവയ്ക്കുക, സിം കാര്‍ഡ്, പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് എഡി, ഇ-മെയില്‍ അക്കൗണ്ട് തുടങ്ങിയവ ഉപയോഗിച്ചുള്ള തട്ടിപ്പിനിരയാകാതിരിക്കാന്‍ എപ്പോഴും ജാഗ്രത പുലര്‍ത്തുക.

ആരോഗ്യകരമായ ജീവിതത്തിന് യുഎഇയിലും ഇന്ത്യയിലും ലഭ്യമാകുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ ശ്രമിക്കുക. ജീവിതശൈലിയിലും ജോലിക്കാര്യത്തിലും സൂക്ഷ്മത പുലര്‍ത്തുക. പതിവായി വ്യായാമം ചെയ്യുക, യുഎഇ കോടതി സ്വീകരിക്കുംവിധം കൈമാറ്റപ്രമാണം കരുതിവയ്ക്കുക എന്നിവയാണ് പിബിഎസ്‌കെ പ്രവസികളെ ഉണര്‍ത്തുന്നത്.

മറ്റുള്ളവര്‍ക്ക് എതിരായി വരുന്ന മതപരമായ കാഴ്ചപ്പാടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാതിരിക്കുക. മറ്റുള്ളവരുടെ സംസ്‌കാരം, പാരമ്പര്യം, പൈതൃകം എന്നിവ ഹനിക്കാതിരിക്കുക. അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ ചെന്ന് ചിത്രങ്ങള്‍ എടുക്കരുത്. വ്യക്തികളുടെ ചിത്രമോ വിഡിയോയോ എടുത്ത് അവരുടെ സമ്മതം കൂടാതെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യരുത്. ഒടിപി (OTP), പാസ് വേര്‍ഡ്, എടിഎം പിന്‍ തുടങ്ങിയ ബാങ്കുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും മറ്റുള്ളവര്‍ക്ക് കൈമാറരുത്. പൊതുയിടങ്ങളില്‍ മദ്യപിക്കരുത്. അനുവദനീയമായ സ്ഥലങ്ങളിലും മറ്റുമിരുന്ന് മാത്രമേ മദ്യപിക്കാവൂ. സ്‌പോണ്‍സറുടെ അരികെ നിന്ന് ഒളിച്ചോടരുത്. ഒളിച്ചോടിയാല്‍ MOHRE (80060) ഇന്ത്യന്‍ എംബസി/കോണ്‍സുലേറ്റ് എന്നിവയുമായി ബന്ധപ്പെടുക. എന്നിവയും ശ്രദ്ധിക്കാന്‍ പിബിഎസ്‌കെ പറയുന്നു.