Home അറിവ് കോവിഡ് 19 പോസീറ്റീവ് ആയോ? ഉടന്‍ ചെയ്യേണ്ട നാല് കാര്യങ്ങള്‍

കോവിഡ് 19 പോസീറ്റീവ് ആയോ? ഉടന്‍ ചെയ്യേണ്ട നാല് കാര്യങ്ങള്‍

കോവിഡ് 19 വ്യാപകമായി തുടരുന്ന സാഹചര്യത്തില്‍ ടെസ്റ്റ് ഫലം പൊസിറ്റീവായാല്‍ പെട്ടെന്ന് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഓരോരുത്തര്‍ക്കും വ്യക്തമായ ദാരണ ഉണ്ടാകേണ്ടതാണ്. അങ്ങനെയുള്ള നാല് കാര്യങ്ങളെക്കുറിച്ച് അറിയാം.

രോഗമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടാല്‍ ആദ്യം തന്നെ സ്വയം ഐസൊലേറ്റ് ചെയ്യുക. വീട്ടില്‍ മറ്റാരെങ്കിലും താമസിക്കുന്നുണ്ടെങ്കില്‍ അവരെ മാറ്റിത്താമസിപ്പിക്കാനോ, സ്വയം മാറിത്താമസിക്കാനോ ശ്രമിക്കാം. ഇതിന് പറ്റാത്ത സാഹചര്യമാണെങ്കില്‍ ബാത്ത്റൂം പ്രത്യേകമുള്ള മുറിയില്‍ ഐസൊലേഷനിലാകാം. ഓര്‍ക്കുക, താമസിക്കുന്ന മുറിക്ക് വെന്റിലേഷന്‍ നിര്‍ബന്ധമായിരിക്കണം.

ടെസ്റ്റ് ഫലം പൊസിറ്റീവായാല്‍ വൈകാതെ തന്നെ ഓണ്‍ലൈനായി ഒരു ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യണം. ആരോഗ്യകാര്യങ്ങളെ കുറിച്ച് ഡോക്ടറോട് വിശദമായി പറയണം. തുടര്‍ന്ന് ചെയ്യേണ്ട ചികിത്സയെ കുറിച്ചും ശ്രദ്ധിക്കേണ്ട വിഷയങ്ങളെ കുറിച്ചും അദ്ദേഹം നിര്‍ദേശം നല്‍കും.

രോഗം സ്ഥിരീകരിക്കപ്പെടുന്നതിന് ഒരാഴ്ച മുന്‍പ് വരെയെങ്കിലും നേരിട്ട് ബന്ധപ്പെട്ട ആളുകളോട് ഇക്കാര്യം അറിയിക്കേണ്ടതുണ്ട്. എല്ലാവരും കൃത്യമായി ക്വാറന്റൈന്‍ പാലിക്കുകയും ടെസ്റ്റ് നടത്തുകയും ചെയ്യേണ്ടതുണ്ട്.

രോഗലക്ഷണങ്ങള്‍ ആദ്യം കാണപ്പെടുന്നതിന് സമാനമായിത്തന്നെ ആയിരിക്കില്ല പിന്നീടുണ്ടാകുന്നത്. വൈറസ് ബാധയുണ്ടായി 5 മുതല്‍ 10 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രധാനപ്പെട്ട ലക്ഷണങ്ങളെല്ലാം കണ്ടിരിക്കും. എട്ട്- ഒമ്പത് ദിവസങ്ങള്‍ വളരെ പ്രധാനമാണ്. ‘ഇമ്മ്യൂണിറ്റി’ ദുര്‍ബലമാകുന്നതിനെ തുടര്‍ന്ന് ഈ ദിവസങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ കാണപ്പെട്ടേക്കാം. അതിനാല്‍ ലക്ഷണങ്ങള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കണം.