Home പ്രവാസം യുഎഇയിലെ ആദ്യ വനിതാ സ്‌കൂള്‍ബസ് ഡ്രൈവര്‍ ആയി മലയാളി; ഏറെ ആഗ്രഹിച്ച് കിട്ടിയ ജോലിയെന്ന് സുജ

യുഎഇയിലെ ആദ്യ വനിതാ സ്‌കൂള്‍ബസ് ഡ്രൈവര്‍ ആയി മലയാളി; ഏറെ ആഗ്രഹിച്ച് കിട്ടിയ ജോലിയെന്ന് സുജ

യുഎഇയിലെ ആദ്യത്തെ വനിതാ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട സന്തോഷത്തിലാണ് സുജ എന്ന 33കാരി. ഏറെ സൂക്ഷ്മയതോടെ ചെയ്യേണ്ട ജോലിയാണ് കുട്ടികളുമായുള്ള യാത്ര. അതുപക്ഷേ, താന്‍ ഏറെ ആസ്വദിക്കുന്നുവെന്ന് സുജ പറയുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30നാണ് സുജയ്ക്ക് ഹെവി ഡ്രൈവിങ് സൈലന്‍സ് കിട്ടിയത്. ഏറെ നാളത്തെ ആഗ്രഹമാണ് ഇതിലൂടെ സഫലമായത്. ബസില്‍ കണ്ടക്ടറായി ജോലി ചെയ്യുമ്പോഴൊക്കെ തന്റെ കണ്ണ് ഡ്രൈവറുടെ കൈകളുടെ ചലനത്തോടൊപ്പം കറങ്ങുമായിരുന്നുവെന്ന് സുജ പറയുന്നു. പക്ഷേ, ആ സീറ്റിലിരിക്കാന്‍ ഏറെ പരിശ്രമം വേണമെന്നും ഇവര്‍ക്ക് അറിയാമായിരുന്നു. ഇപ്പോള്‍ ആത്മാര്‍ഥ പരിശ്രമത്തിലൂടെ സുജ അത് സ്വന്തമാക്കി.

സുജയുടെ അമ്മാവന്‍ നാട്ടില്‍ വലിയ വാഹനത്തിന്റെ ഡ്രൈവറായിരുന്നു. അദ്ദേഹം ഓടിക്കുന്നത് കണ്ടതു മുതലാണ് സുജയ്ക്ക് വലിയ വാഹനങ്ങള്‍ ഓടിക്കുന്നതിനോട് പ്രിയമേറുന്നത്. കോളജ് പഠനത്തിന് ശേഷം നാലു വര്‍ഷം മുന്‍പാണ് സുജ ജോലി തേടി യുഎഇയിലെത്തിയത്. അന്ന് ലഭിച്ചത് സ്‌കൂള്‍ ബസിലെ കണ്ടക്ടര്‍ ജോലിയായിരുന്നു.

അന്നുമുതല്‍ ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈന്‍സ് നേടുക എന്നത് സുജയുടെ ആഗ്രഹമായിരുന്നു. ഇക്കാര്യം ദുബായില്‍ നഴ്‌സായ സഹോദരന്‍ ഡൊമിനിക്കിനോടും പിതാവ് തങ്കച്ചന്‍, അമ്മ ഗ്രേസി എന്നിവരോടും പങ്കുവച്ചപ്പോള്‍ അവരുടെ ഭാഗത്ത് നിന്നും സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും പൂര്‍ണ പിന്തുണ ലഭിച്ചു.

പ്രിന്‍സിപ്പല്‍ അംബിക ഗുലാത്തി, അധ്യാപകരായ ശ്രീജിത്, റീത്ത ബെല്ല, ബസ് ഡ്രൈവര്‍മാര്‍, മറ്റു ജീവനക്കാര്‍ എന്നിവരെല്ലാം നിറഞ്ഞ പ്രോത്സാഹനം നല്‍കി. മാസങ്ങള്‍ക്ക് മുന്‍പ് ദുബായിലെ അല്‍ അഹ് ലി ഡ്രൈവിങ് സെന്ററില്‍ ചേര്‍ന്നപ്പോള്‍ ഡ്യൂട്ടി സമയവും പഠന സമയവും തമ്മില്‍ പ്രശ്‌നമായി. സ്‌കൂള്‍ എംഎസ്ഒ അലക്‌സ് സമയം ക്രമീകരിച്ചു കൊടുത്തതോടെ ആ കടമ്പയും കടന്നു. ഒടുവില്‍ സുജ തന്റെ ഗോള്‍ നേടിയെടുത്തു.