Home ആരോഗ്യം അറിയാം ഗ്രീന്‍ മെഡിറ്റേറിയന്‍ ഡയറ്റിനെക്കുറിച്ച്; ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്

അറിയാം ഗ്രീന്‍ മെഡിറ്റേറിയന്‍ ഡയറ്റിനെക്കുറിച്ച്; ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്

റെഡ് മീറ്റിന്റെ ഉപയോഗം പരമാവധി കുറച്ച് സസ്യ ഭക്ഷണങ്ങളുടെ അളവ് കൂട്ടിയുള്ള ഡയറ്റ് ആണ് ഗ്രീന്‍ മെഡിറ്റേറിയന്‍ ഡയറ്റ്. ഇറച്ചിയില്‍ നിന്ന് ലഭിക്കുന്ന പ്രോട്ടീന് പകരം പ്രോട്ടീന്‍ ധാരാളം അടങ്ങിയ സസ്യഭക്ഷണങ്ങള്‍ ഉപയോഗിക്കും.
ആരോഗ്യ ഗുണങ്ങള്‍ കൂടുതലുള്ള ഡയറ്റ് ആണിതെന്നാണ് ആരോഗ്യ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്.

സസ്യഭക്ഷണങ്ങള്‍, മുഴുധാന്യങ്ങള്‍, നട്‌സ് ഇവ ധാരാളം ഉള്‍പ്പെടുന്നതിനാല്‍ നാരുകളുടെ അളവും ഈ ഡയറ്റില്‍ കൂടുതലാണ്. ഇത് ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. അതുവഴി ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താനും സാധിക്കും.

മെഡിറ്ററേനിയന്‍ ഡയറ്റില്‍ നട്‌സുകള്‍ പ്രധാനപ്പെട്ട ആഹാരമാണ്. ആരോഗ്യപരമായ കൊഴുപ്പുകളും ആന്റിഓക്‌സിഡന്റുകളും ഇതിലൂടെ ലഭിക്കും. ഇത് ആരോഗ്യകരമായ കൊളസ്ട്രോള്‍ നില നിലനിര്‍ത്താനും ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

മിതമായ അളവില്‍ മുഴുധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ ഇവയും ഗ്രീന്‍ മെഡിറ്ററേനിയന്‍ ഡയറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് അമിതമായ അളവില്‍ കാലറി അകത്തു ചെല്ലുന്നതിനെ തടയുന്നു. അങ്ങനെ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉപയോഗവും പൊണ്ണത്തടി വരാതെ തടയും.

ഗ്രീന്‍ മെഡിറ്ററേനിയന്‍ ഡയറ്റില്‍ ഉള്‍പ്പെട്ട ഭക്ഷണങ്ങള്‍ മിക്കതും സസ്യഭക്ഷണം ആണ്. അതുകൊണ്ട് തന്നെ ഈ ഭക്ഷണങ്ങളിലടങ്ങിയത് നാച്വറല്‍ ഷുഗര്‍ ആണ്. ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

ഗ്രീന്‍ മെഡിറ്ററേനിയന്‍ ഡയറ്റില്‍ ഉള്‍പ്പെട്ട ഭക്ഷണങ്ങള്‍

  1. ബെറിപ്പഴങ്ങള്‍- ബ്ലൂബെറി, ബ്ലാക്ക്‌ബെറി (ഞാവല്‍പ്പഴം), നെല്ലിക്ക (goose berry) ഇവയെല്ലാം ആന്റിഓക്‌സിഡന്റുകളും നാരുകളും പോളിഫിനോളുകളും ധാരാളം അടങ്ങിയതു കൊണ്ട് ശരീരത്തിന് നിരവധി ഗുണങ്ങള്‍ നല്‍കും.
  2. ബീന്‍സ് – പ്രോട്ടീന്‍, നാരുകള്‍, ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം ഇവ ബീന്‍സില്‍ ധാരാളം ഉണ്ട്. ശരീരഭാരം നിയന്ത്രിക്കാനും ഹൃദയത്തിന് ആരോഗ്യമേകാനും പ്രമേഹം നിയന്ത്രിക്കാനും ഇത് സഹായിക്കും.
  3. നട്‌സ് – അണ്ടിപ്പരിപ്പുകളില്‍ ആന്റിഓക്സിഡന്റുകള്‍, നാരുകള്‍, ഒമേഗ 3 ഫാറ്റി ആസിഡ് കൂടാതെ ആരോഗ്യകരമായ കൊഴുപ്പുകള്‍ ഇവ ധാരാളം ഉണ്ട്. ഹൃദയത്തിന് ആരോഗ്യമേകാനും ശരീരഭാരം നിയന്ത്രിക്കാനും ഇവ സഹായിക്കും. നിലക്കടല, വാള്‍നട്ട്, കശുവണ്ടി, ബദാം തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
  4. സോയ – സോയ അടങ്ങിയ ഭക്ഷണത്തില്‍ ആന്റിഓക്സിഡന്റുകള്‍, ഇരുമ്പ്, സിങ്ക്, ഒമേഗ 3 കൊഴുപ്പുകള്‍ മറ്റ് അവശ്യ പോഷകങ്ങള്‍ ഇവയുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് മികച്ചതാണ്.
  5. പച്ചക്കറികള്‍- ഉരുളക്കിഴങ്ങ്, കാരറ്റ്, ചീര, ബ്രക്കോളി തുടങ്ങി വ്യത്യസ്തയിനം പച്ചക്കറികള്‍ പോഷകങ്ങള്‍ അടങ്ങിയവയാണ്. ഇലക്കറികളും, ക്രൂസിഫെറസ് പച്ചക്കറികളും എല്ലാം ശരീരത്തിന് ആവശ്യമാണ്. ഇവ ഉപയോഗിക്കാന്‍ മടിക്കേണ്ട.