Home പ്രവാസം അനധികൃത താമസക്കാര്‍ക്ക് പിഴ അടയ്ക്കാതെ യുഎഇ വിടാം; പുതിയ നിര്‍ദേശങ്ങള്‍

അനധികൃത താമസക്കാര്‍ക്ക് പിഴ അടയ്ക്കാതെ യുഎഇ വിടാം; പുതിയ നിര്‍ദേശങ്ങള്‍

വിസാ കാലാവധി കഴിഞ്ഞ് അനധികൃതമായി യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് ഡിസംബര്‍ 31 വരെ പിഴ ഒടുക്കാതെ നാട്ടിലേയ്ക്ക് മടങ്ങാം. ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ദുബായ് വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ 48 മണിക്കൂര്‍ മുന്‍പ് ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പില്‍ (ഐസിഎ) വിവരം അറിയിക്കണം. ഇതടക്കമുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അധികൃതര്‍ പുറത്തിറക്കി.

ദുബായിക്ക് പുറത്തുള്ള വിമാനത്താവളങ്ങളില്‍ 6 മണിക്കൂര്‍ മുന്‍പെത്തണം. മാര്‍ച്ച് ഒന്നിന് മുന്‍പ് സന്ദര്‍ശക, ടൂറിസ്റ്റ്, റസിഡന്‍സി വീസാ കാലാവധി കഴിഞ്ഞവര്‍ പിഴയില്‍ ഇളവിന് അര്‍ഹരാണ്. ഇവര്‍ ഡിസംബര്‍ 31ന് മുന്‍പ് രാജ്യം വിട്ടാല്‍ പിഴ ഒഴിവാക്കിക്കിട്ടും. അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്ന, മാര്‍ച്ച് ഒന്നിന് മുന്‍പ് വീസാ കാലാവധി കഴിഞ്ഞവര്‍ ചുരുങ്ങിയത് യാത്രയ്ക്ക് 6 മണിക്കൂര്‍ മുന്‍പെങ്കിലും വിമാനത്താവളത്തിലെത്തി ഹ്രസ്വകാല പൊതുമാപ്പിന്റെ ഇളവ് സ്വന്തമാക്കണം.

ദുബായ്, അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ ദുബായ് സിവില്‍ ഏവിയേഷന്‍ സെക്യുരിറ്റി സെന്ററില്‍ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുന്‍പ് റിപോര്‍ട് ചെയ്യണം.

കൂടാതെ, റസിഡന്‍സ് വീസ കാലാവധി കഴിഞ്ഞവര്‍ ഈ മാസം 31ന് മുന്‍പ് മടക്കയാത്രയ്ക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും അറിയിച്ചു. ടിക്കറ്റും പാസ്‌പോര്‍ട്ടുമായി ഇവര്‍ യാത്രയ്ക്ക് 4 മണിക്കൂര്‍ മുന്‍പെങ്കിലും വിമാനത്താവളത്തിലെത്തുകയും വേണം. മേയ് 14ന് ആരംഭിച്ച ഹ്രസ്വകാല പൊതുമാപ്പ് നവംബര്‍ 17നായിരുന്നു അവസാനിക്കേണ്ടിയിരുന്നത്.