Home അറിവ് ഇനി പോസ്റ്റ് ഓഫിസ് സേവിങ്‌സ് അക്കൗണ്ടില്‍ കുറഞ്ഞത് 500 രൂപ വേണം: അല്ലെങ്കില്‍ പിഴ

ഇനി പോസ്റ്റ് ഓഫിസ് സേവിങ്‌സ് അക്കൗണ്ടില്‍ കുറഞ്ഞത് 500 രൂപ വേണം: അല്ലെങ്കില്‍ പിഴ

പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ് 500 രൂപയാക്കി. ഇനി മുതല്‍ 500 രൂപ അക്കൗണ്ടില്‍ നിലനിര്‍ത്തിയില്ലെങ്കില്‍ മെയിന്റിനന്‍സ് ചാര്‍ജ് നല്‍കേണ്ടി വരും. ഡിസംബര്‍ 11 മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വരുക.

ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നത് അനുസരിച്ച്, സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം സേവിങ്സ് അക്കൗണ്ടില്‍ 500 രൂപ മിനിമം ബാലന്‍സ് നിലനിര്‍ത്തിയിട്ടില്ല എങ്കില്‍ അക്കൗണ്ട് മെയിന്റിനന്‍സ് ഫീസ് ആയിട്ട് 100 രൂപ ഈടാക്കും മാത്രമല്ല അക്കൗണ്ടില്‍ ബാലന്‍സ് അവശേഷിക്കുന്നില്ല എങ്കില്‍ അക്കൗണ്ട് സ്വമേധയാ ക്ലോസ് ആകും.

നിലവില്‍ വ്യക്തിഗത, സംയുക്ത പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുകള്‍ക്ക് ലഭ്യമാക്കുന്ന പലിശ നിരക്ക് 4 ശതമാനമാണ്. ഓരോ മാസവും പത്താം തീയതിക്കും മാസത്തിലെ അവസാന തീയതിക്കും ഇടയിലുള്ള മിനിമം ബാലന്‍സ് അടിസ്ഥാനമാക്കിയാണ് പലിശ കണക്കാക്കുന്നത്. എന്നാല്‍ ഇക്കാലയളവിലെ മിനിമം ബാലന്‍സ് 500 രൂപയ്ക്ക് താഴെയാണെങ്കില്‍ പലിശ നല്‍കില്ല .

ഒരു പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട് തുറക്കുന്നതിന് കുറഞ്ഞത് 500 രൂപയുടെ നിക്ഷേപം നടത്തണം. പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുകള്‍ ഒറ്റയ്ക്കും, സംയുക്തമായിട്ടും തുറക്കാം. മൈനറായിട്ടുള്ള കുട്ടിയുടെ പേരിലും അക്കൗണ്ട് തുടങ്ങാം.

പോസ്റ്റ് ഓഫീസ് എസ്ബി അക്കൗണ്ട് തുറക്കുന്നവര്‍ക്ക് ചെക് ബുക്കും എടിഎം സൗകര്യവും ലഭ്യമാക്കും. അക്കൗണ്ട് ഉടമകള്‍ക്ക് നോമിനിയെ നിര്‍ദ്ദേശിക്കാം. പ്രവര്‍ത്തനം ഉറപ്പു വരുത്തുന്നതിനായി മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ കുറഞ്ഞത് ഒരു സാമ്പത്തിക ഇടപാട് ( നിക്ഷേപം അല്ലെങ്കില്‍ പിന്‍വലിക്കല്‍ ) എങ്കിലും നടത്തിയിരിക്കണം.