Home ആരോഗ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം; ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം; ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ

പ്രമേഹമുള്ളവര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അനിയന്ത്രിതമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരവധി സങ്കീര്‍ണതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ടൈപ്പ് -2 പ്രമേഹം നിയന്ത്രിക്കുന്നതില്‍ ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും വലിയ പങ്കാണ് വഹിക്കുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പ്രമേഹരോഗികള്‍ ദിവസവും കഴിക്കേണ്ട നാല് ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്നെന്ന് നോക്കാം.

വൈവിധ്യമാര്‍ന്ന ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. അവയ്ക്ക് ധാരാളം ഔഷധഗുണങ്ങളും ആരോഗ്യഗുണങ്ങളും ഉണ്ട്. സുഗന്ധവ്യഞ്ജനങ്ങളില്‍ ചിലത് പ്രമേഹം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.

അത്തരത്തിലുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍. മഞ്ഞളിലെ ‘കുര്‍ക്കുമിന്‍’ എന്ന ആന്റിഓക്സിഡന്റാണ് പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നത്. ശരീരത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കാന്‍ മഞ്ഞളിന് കഴിയും. ഭക്ഷണത്തില്‍ മഞ്ഞള്‍ പല വിധത്തില്‍ ചേര്‍ക്കാം. ദിവസവും മഞ്ഞളിട്ട വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും കാര്‍ബോഹൈഡ്രേറ്റുകളുടെ ആഗിരണം മന്ദഗതിയിലാക്കുകയും ചെയ്യും. ഉലുവ ഹൃദയത്തിനും നല്ലതാണ്. കാരണം അവ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും.

തുളസി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ശരീരത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ തുളസിയ്ക്ക് കഴിയുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞതാണ്. തുളസിയിലെ ആന്റിഓക്സിഡന്റുകള്‍ക്ക് ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാന്‍ കഴിയും. മാനസികാരോഗ്യം മെച്ചപ്പെടുത്താനും തുളസിയ്ക്ക് സാധിക്കും. ദിവസവും തുളസിയിട്ട വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്.

കറുവപ്പട്ടയ്ക്ക് ആന്റി വൈറല്‍, ആന്റി ബാക്ടീരിയല്‍, ഫംഗസ് വിരുദ്ധ ഗുണങ്ങളുണ്ട്. ഇതില്‍ ആന്റിഓക്സിഡന്റുകളും ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും അടങ്ങിയിരിക്കുന്നു. കറുവപ്പട്ട ടൈപ്പ് -2 പ്രമേഹ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.