Home ആരോഗ്യം കോവിഡ് ഭേദമായ മൂന്നില്‍ ഒരാളെ മാനസിക പ്രശ്‌നങ്ങളും ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങളും അലട്ടുന്നു

കോവിഡ് ഭേദമായ മൂന്നില്‍ ഒരാളെ മാനസിക പ്രശ്‌നങ്ങളും ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങളും അലട്ടുന്നു

കോവിഡ് 19 വൈറസ് ബാധിച്ച് ഭേദമായവരില്‍ മൂന്നിലൊരാള്‍ക്ക് നാഡീസംബന്ധമായ പ്രശ്‌നങ്ങളും മാനസികപ്രശ്‌നങ്ങളും ഉണ്ടായതായി തെളിയിക്കുന്ന പഠനങ്ങള്‍ പുറത്ത്. അണുബാധയുണ്ടായി ആറുമാസത്തിനകമാണ് രോഗാവസ്ഥ കണ്ടുവരുന്നത്. 2,30,000 ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇവരില്‍ പതിമൂന്ന് ശതമാനം പേര്‍ക്കും മുന്‍പ് മാനസിക സംബന്ധമായതോ നാഡീസംബന്ധമായതോ ആയ രോഗനിര്‍ണയം വേണ്ടിവന്നിട്ടില്ലെന്നും പഠനത്തില്‍ വ്യക്തമാണ്.

ദ ലാന്‍സറ്റ് സൈക്യാട്രി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാര്‍സ് കോവ് 2 വൈറസ് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ടെന്നും ഇത് നാഡീവ്യവസ്ഥയെ ബാധിക്കുന്നുണ്ടെന്നും പഠനം നടത്തിയ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല ഗവേഷകര്‍ പറയുന്നു. ഇതിനാല്‍ തന്നെ കോവിഡ് 19 ഭേദമായി മാസങ്ങള്‍ പിന്നിട്ടാലും രോഗികള്‍ക്ക് ആരോഗ്യം കുറയുന്ന അവസ്ഥയാണെന്ന് ഗവേഷകര്‍ പറയുന്നു.

കോവിഡ് 19 രോഗികള്‍ക്ക് അണുബാധയുണ്ടായി ആദ്യ മൂന്ന് മാസങ്ങള്‍ കഴിയുമ്പോള്‍ തന്നെ മൂഡ് ഡിസോര്‍ഡറുകളും ഉത്കണ്ഠാ രോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ളതായി ഗവേഷകര്‍ നേരത്തേ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഹെല്‍ത്ത് റിസര്‍ച്ച് നെറ്റ് വര്‍ക്കായ TriNetX network ആണ് ആറുമാസക്കാലയളില്‍ 2,36,379 രോഗികളില്‍ പഠനം നടത്തിയത്. ലാന്‍സറ്റ് പഠനം ആണ് ആദ്യമായി ഈ ഡാറ്റ വിശകലനം ചെയ്തത്.

2020 ജനുവരി 20 ന് ശേഷം വൈറസ് ബാധിതരായതും രോഗം ഭേദപ്പെട്ട് 2020
ഡിസംബര്‍ 13 വരെ ജീവിച്ചിരുന്നതുമായ പത്ത് വയസ്സിന് മുകളില്‍ പ്രായമുള്ളവരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്.

പുതിയ പഠന പ്രകാരം, കോവിഡ് 19 ബാധിച്ചവരില്‍ 34 ശതമാനം പേര്‍ക്ക് അണുബാധയുണ്ടായി ആറുമാസത്തിനകം നാഡീസംബന്ധമായ തകരാറുകളോ മാനസിക സംബന്ധമായ തകരാറുകളോ ഉണ്ടായിട്ടുണ്ട്. ഇതില്‍ 13 ശതമാനം പേര്‍ക്കും നാഡീസംബന്ധമായ തകരാറുകളോ മാനസിക സംബന്ധമായ തകരാറുകളോ കണ്ടെത്തുന്നത് ആദ്യമായിട്ടായിരുന്നുവെന്നും പഠനസംഘത്തലവന്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പോള്‍ ഹാരിസന്‍ പറഞ്ഞു.

പഠനത്തില്‍ പങ്കെടുത്ത 17 ശതമാനം രോഗികള്‍ക്കും ഉത്കണ്ഠാരോഗങ്ങളും 14 ശതമാനം പേര്‍ക്ക് മൂഡ് ഡിസോര്‍ഡറും ഏഴുശതമാനം പേരില്‍ സബ്സ്റ്റാന്‍സ് മിസ് യൂസ് ഡിസോര്‍ഡറുകളും (substance misuse disorders) അഞ്ചുശതമാനം പേരില്‍ ഇന്‍സൊമ്‌നിയയും കണ്ടെത്താനായി. നാഡീസംബന്ധമായ പ്രശ്‌നങ്ങളില്‍ 0.6 ശതമാനം ബ്രെയിന്‍ ഹെമറേജ്, 2.1 ശതമാനം ഇസ്‌ക്കീമിക് സ്‌ട്രോക്ക്, 0.7 ശതമാനം ഡിമെന്‍ഷ്യ എന്നിങ്ങനെയായിരുന്നു.