Home ആരോഗ്യം രാവിലെയുള്ള ഈ ശീലങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കൂ; വണ്ണം കുറയും

രാവിലെയുള്ള ഈ ശീലങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കൂ; വണ്ണം കുറയും

ണ്ണം കുറയ്ക്കാന്‍ വേണ്ടി കിണഞ്ഞ് ശ്രമിച്ചിട്ടും ചിലര്‍ക്ക് മികച്ച ഫലം ലഭിക്കാറില്ല. അതിന് വേണ്ടി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും ഉണ്ടാക്കിയെടുക്കുകയാണ് വേണ്ട്ത്. അല്ലെങ്കില്‍ ഒന്നും നടക്കില്ല. ചിട്ടയായ ഭക്ഷണരീതിയിലൂടെയും ശരിയായ വ്യായാമത്തിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കണം. ഒപ്പം കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം. രാവിലെയുള്ള ചില ശീലങ്ങള്‍ ഒഴിവാക്കിയാല്‍ തന്നെ വണ്ണം കുറയ്ക്കാന്‍ കഴിയും. അത് എന്തൊക്കെയാണെന്ന് നോക്കാം.

പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന ശീലം ശരീരഭാരം കൂടാന്‍ കാരണമാകും. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം കഴിക്കണം. പ്രഭാത ഭക്ഷണം മുടക്കിയാല്‍ വ്യായാമം ചെയ്യാനുള്ള ഊര്‍ജ്ജവും ഉണ്ടാകില്ല. വിശപ്പ് കൂടാനും സാധ്യതയുണ്ട്. ഇത് വണ്ണം കൂടാന്‍ കാരണമാകും. അതിനാല്‍ പ്രഭാത ഭക്ഷണം ഒരിക്കലും മുടക്കരുത്.

രാവിലെ തന്നെ ജങ്ക് ഫുഡ് കഴിക്കുന്നത് ഒഴിവാക്കുക. പകരം പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വയറ് നിറഞ്ഞതായി തോന്നിപ്പിക്കും. അത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ഉന്മേഷത്തോടെയിരിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

രാവിലെ ടിവിയും കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഉപേക്ഷിക്കുക. ഭക്ഷണം കഴിക്കുമ്പോള്‍ ടിവി കാണുന്നത് നിങ്ങളെ കൂടുതല്‍ കഴിക്കാനും കുറച്ച് ചവയ്ക്കാനും ഇടയാക്കും. ഇങ്ങനെ ചെയ്യുന്നത് ശരീരഭാരം വര്‍ധിപ്പിക്കും.

ഒരു വ്യായാമവുമില്ലാതെ വണ്ണം കുറയ്ക്കാന്‍ സാധിക്കില്ല എന്ന കാര്യം ഓര്‍മ്മയില്‍ ഉണ്ടായിരിക്കണം. പ്രത്യേകിച്ച് രാവിലെ വ്യായാമം മുടക്കുന്നത് ശരീരഭാരം കൂടാന്‍ ഇടയാക്കാം. വെറും വയറ്റില്‍ വ്യായാമം ചെയ്യുന്നത് ശരീരത്തിലെ കൊഴുപ്പ് കൂടുതല്‍ കത്തിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.