Home ആരോഗ്യം സംസ്ഥാനത്ത് ഒരാള്‍ക്ക് സിക്ക വൈറസ്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് ഒരാള്‍ക്ക് സിക്ക വൈറസ്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് ആദ്യമായി ഒരാള്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 കാരിയായ ഗര്‍ഭിണിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്നുമയച്ച 19 സാമ്പിളുകളില്‍ 13 പേര്‍ക്ക് സിക്ക പോസിറ്റീവാണെന്നുള്ള സംശയവും നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ എന്‍ഐവി പൂനയില്‍ നിന്നും ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇതാദ്യമായാണ് സിക്ക കണ്ടെത്തുന്നത്. പനിയും ശരീരത്തില്‍ ചുവന്ന പാടുകളുമാണ് വൈറസിന്റെ ലക്ഷണങ്ങള്‍.

ഡെങ്കി, ചിക്കുന്‍ ഗുനിയ വൈറസുകള്‍ പകരുന്ന അതേ ഇനമായ ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുക് പരത്തുന്ന രോഗമാണ് സിക്ക വൈറസ്. സിക്ക വൈറസ് ആദ്യം തിരിച്ചറിഞ്ഞത് 1947 ല്‍ ഉഗാണ്ടയിലെ കുരങ്ങുകളില്‍, പക്ഷേ ഇത് ആഫ്രിക്ക, ഏഷ്യ, പസഫിക് ദ്വീപുകള്‍, തെക്ക്, മധ്യ അമേരിക്ക എന്നിവിടങ്ങളിലെ ആളുകളെ ബാധിച്ചു.

പനി, ചുവന്ന പാടുകള്‍, തലവേദന, ഛര്‍ദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഗര്‍ഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. ഗര്‍ഭകാലത്തുള്ള സങ്കീര്‍ണതയ്ക്കും ഗര്‍ഭഛിത്രത്തിനും കാരണമായേക്കാം. കുട്ടികളിലും മുതിര്‍ന്നവരിലും സിക്ക ബാധിച്ചാല്‍ നാഡീസംബന്ധമായ പ്രശങ്ങളിലെത്തിക്കും.

രോഗ ലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങള്‍ കൂടുന്നെങ്കില്‍ ചികിത്സ തേടേണ്ടതാണ്. സിക്ക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗര്‍ഭിണികള്‍ പരിശോധനയും ചികിത്സയും തേടേണ്ടതാണ്.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

കൊതുക് കടിയില്‍ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാന മാര്‍ഗം.

ഗര്‍ഭിണികള്‍, ഗര്‍ഭധാരത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കുക.

ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗര്‍ഭിണികളും പകല്‍ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കില്‍ കൊതുക് വലയ്ക്ക് കീഴില്‍ ഉറങ്ങണം.

വീടും പരിസരവും സ്ഥാപനങ്ങളും വെള്ളം കെട്ടിനില്‍ക്കാതെ നോക്കുക. മാത്രമല്ല ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കുക.