Home വാണിജ്യം ആര്‍ജിടിഎസ്, എന്‍ഇഎഫ്ടി സേവനങ്ങള്‍ ഇനി ബാങ്കിതര സ്ഥാപനങ്ങള്‍ക്കും

ആര്‍ജിടിഎസ്, എന്‍ഇഎഫ്ടി സേവനങ്ങള്‍ ഇനി ബാങ്കിതര സ്ഥാപനങ്ങള്‍ക്കും

ലിയ തോതിലുള്ള പണം കൈമാറ്റാം എളുപ്പമാക്കുന്ന സേവനങ്ങളാണ് ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി
സേവനങ്ങള്‍. ഇത് കൂടുതല്‍ വിപുലമാക്കാന്‍ ഒരുങ്ങുകയാണ് റിസര്‍വ് ബാങ്ക്. നിലവില്‍ ബാങ്കുകള്‍ വഴി മാത്രമേ ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കൂ. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ പുതിയ തീരുമാന പ്രകാരം ബാങ്കിതര പണമിടപാട് സംവിധാനങ്ങള്‍ക്കും ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി പണം കൈമാറ്റത്തിന് സഹായിക്കാം.

വായ്പാവലോകന യോഗത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. ബാങ്കുകള്‍ക്ക് പുറമേ പ്രീപെയ്ഡ് പേയ്മെന്റ് സംവിധാനം ഒരുക്കുന്ന സ്ഥാപനങ്ങള്‍, കാര്‍ഡ് നെറ്റ്വര്‍ക്കുകള്‍, വൈറ്റ് ലേബല്‍ എടിഎം ഓപ്പറേറ്റേഴ്സ് തുടങ്ങി വിവിധ പ്ലാറ്റുഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി സേവനങ്ങള്‍ പ്രയോജനപ്പെടുത്താനാണ് അനുവദിച്ചത്.

ഇടപാടുകാര്‍ക്ക് ബാങ്കിതര സ്ഥാപനങ്ങള്‍ വഴിയും ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി സേവനങ്ങള്‍ പ്രയോജനപ്പെടുത്തി പണം കൈമാറാന്‍ സാധിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള സെന്‍ട്രലൈസ്ഡ് പേയ്മെന്റ് സംവിധാനത്തില്‍ അംഗമായവര്‍ക്ക് മാത്രമാണ് ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കൂ. ബാങ്കുകള്‍ക്ക് മാത്രമാണ് ഇതുവരെ അംഗത്വം നല്‍കിയിരുന്നത്. ഇനി ബാങ്കിതര സ്ഥാപനങ്ങള്‍ക്ക് അംഗത്വം എടുത്ത ശേഷം ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം.

ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വ്യാപനത്തിനും സുരക്ഷ കൂടുതല്‍ ഉറപ്പാക്കാനുമാണ് സേവനങ്ങള്‍ കൂടുതല്‍ വിപുലമാക്കിയതെന്ന് ശക്തികാന്ത ദാസ് അറിയിച്ചു.ഇതോടെ പേടിഎം, ഫോണ്‍ പേ പോലുള്ള വാലറ്റുകള്‍ക്കും ഈ സംവിധാനം ഉപയോഗിച്ച് ബാങ്കുകളിലേയ്‌ക്കോ മറ്റുവാലറ്റുകളിലേയ്‌ക്കോ യുപിഐ സംവിധാനമില്ലാതെ തന്നെ പണം കൈമാറാന്‍ കഴിയും.