ഗര്‍ഭസ്ഥ ശിശുക്കളുടെ പ്ലാസന്റയില്‍ ചെറിയ പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയത് ഗവേഷകരെ ഉത്കണ്ഠപ്പെടുത്തുന്നു. നിരവധി കുട്ടികളുടെയും അവരുടെ അമ്മമാരുടെയും ശരീരത്തില്‍ പ്ലാസ്റ്റിക് കഷ്ണങ്ങള്‍ കണ്ടെന്നും ഇത് ഉത്കണ്ഠപ്പെടുത്തുന്നതാണെന്നും ഗവേഷകര്‍ അറിയിച്ചു. ആറ് ഗര്‍ഭിണികളായ സ്ത്രീകളുടെ പ്ലാസന്റ ശേഖരിച്ച് നടത്തിയ പഠനമാണ് ഈ കണ്ടെത്തലിന് വഴിതെളിച്ചത്.
പ്ലാസ്റ്റിക് സാന്നിധ്യം കുട്ടികളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു. പഠനത്തിനായി ശേഖരിച്ച ആറ് പേരുടെ പ്ലാസന്റയില്‍ നാലിലും വ്യത്യസ്ത വലുപ്പത്തിലുള്ള 12 പ്ലാസ്റ്റിക് തുണ്ടുകള്‍ കണ്ടെന്ന് പഠനത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
മൂന്ന് പ്ലാസ്റ്റിക് കഷ്ണങ്ങള്‍ പോളിപ്രൊപ്പലിന്‍ ആണെന്ന് കണ്ടെത്തി. മറ്റ് ഒന്‍പത് കഷ്ണങ്ങളില്‍ വിവിധ തരം ആവരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പെയിന്റ് , പശ, നെയില്‍പോളിഷ് തുടങ്ങിയ മനുഷ്യനിര്‍മ്മിത ആവരണങ്ങളാണ് ഇവയില്‍ കണ്ടെത്തിയത്. റോം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അന്റോണിയോ റഗുസയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പഠനം നടത്തിയത്.