വിവാഹം കഴിക്കാനുള്ള സമ്മര്‍ദ്ദം കൂടിയപ്പോള്‍ വീടുവിട്ടിറങ്ങി; ട്യൂഷനെടുത്തും ചെറു ജോലികള്‍ ചെയ്തും പഠനം, ഇന്ന് പിസിഎസ് ഉദ്യോഗസ്ഥ

    നമ്മുടെ സമൂഹത്തില്‍ സത്രീയുടെ സ്വാതന്ത്ര്യം എന്നാല്‍ സാമ്പത്തിക സ്വാതന്ത്ര്യം കൂടിയാണ്. ഇത് കൈവരിക്കാതെ ഒന്നും നേടാനാകില്ല എന്ന സാഹചര്യത്തിലും വീട്ടുകാര്‍ പെണ്‍കുട്ടികളെ ജോലി സമ്പാദിക്കുന്നതിന് മുന്‍പേ കല്യാണം കഴിപ്പിച്ച് വിടാറുണ്ട്. എന്നാല്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ ത്രാണിയുള്ളപ്പോള്‍ മാത്രമേ വിവാഹം കഴിക്കൂ എന്ന് ആത്മവിശ്വാസത്തോടെ പറയുന്നവരുണ്ട്. വീട്ടുകാരുടെ അടിച്ചേല്‍പ്പിക്കലുകള്‍ക്ക് മുന്നില്‍ മറുത്തൊന്നും പറയാന്‍ കഴിയാതെ സ്വപ്നങ്ങള്‍ ത്യജിച്ച് ചെറുപ്രായത്തിലേ വിവാഹത്തിന് സമ്മതം മൂളുന്നവരുമുണ്ട്.

    എന്നാല്‍ ഒന്നിനു മുന്നിലും തന്റെ സ്വപ്നങ്ങള്‍ അടിയറവു വെക്കില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറിയ മീററ്റ് സ്വദേശിയായ പെണ്‍കുട്ടിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഒരുപാട് പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാവുകയാണ് സഞ്ജു എന്ന ഈ പെണ്‍കുട്ടി. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതോടെ സഹോദരിയെ വിവാഹം കഴിപ്പിച്ചതുപോലെ സഞ്ജുവിനേയും വിവാഹം കഴിപ്പിക്കാനായിരുന്നു മാതാപിതാക്കളുടെ തീരുമാനം.

    സഞ്ജു പ്രതിഷേധം പ്രകടിപ്പിച്ചപ്പോഴെല്ലാം വീട്ടുകാരുടെ എതിര്‍പ്പ് കൂടിവന്നു. അതൊന്നും വകവെക്കാതെ സഞ്ജു ബിരുദം പൂര്‍ത്തിയാക്കിയെങ്കിലും വീണ്ടും വിവാഹം കഴിക്കാനുള്ള നിര്‍ബന്ധങ്ങള്‍ ഏറിവന്നു. അങ്ങനെ സഞ്ജു വീട്ടില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു.

    ആദ്യപടിയെന്നോണം സാമ്പത്തികമായി സ്വതന്ത്രയാവാന്‍ ചെറിയ കുട്ടികള്‍ക്ക് ട്യൂഷനെടുത്തു തുടങ്ങി, ഒപ്പം ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലിക്ക് ചേരുകയും ചെയ്തു. ഇതിനിടയിലെല്ലാം സഞ്ജു പിസിഎസ്( പ്രൊവിന്‍ഷ്യല്‍ സിവില്‍ സര്‍വീസസ് എക്സാമിനേഷന്‍) നു പരിശീലിക്കുന്നുമുണ്ടായിരുന്നു. 2013 മുതല്‍ പരിശീലനം തുടങ്ങിയ സഞ്ജു ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം താന്‍ സ്വപ്നം കണ്ടത് നേടിയെടുക്കുക തന്നെ ചെയ്തു. ഇനി യുപിഎസ്സിക്കു വേണ്ടി തയ്യാറെടുക്കാനും ഭാവിയിലെ കളക്ടറാകാനുമാണ് സഞ്ജുവിന്റെ ആഗ്രഹം.