Home കൃഷി ഇത്തിരി മണ്ണ് സ്വന്തമായുണ്ടോ? റെഡ് ലേഡി പപ്പായ ലാഭം തരും.

ഇത്തിരി മണ്ണ് സ്വന്തമായുണ്ടോ? റെഡ് ലേഡി പപ്പായ ലാഭം തരും.

രുചിയും ഔഷധ ഗുണവുമുള്ള പഴമാണ് പപ്പായ. കപ്ലങ്ങ, കറുമൂസ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. അടുക്കളയ്ക്ക് സമീപം ഒന്നോ രണ്ടോ പപ്പായ മരം പണ്ടൊക്കെ വീടുകളിൽ സ്ഥിരമായിരുന്നു. എന്നാല്‍ വീടും മുറ്റവുമെല്ലാം ചുരുങ്ങിയതോടെ പപ്പായ മരത്തിന്റെ സ്ഥാനം നഷ്ടപ്പെട്ടു. എങ്കിലും ഇത്തിരി മണ്ണുണ്ടോ? റെഡ് ലേഡി പപ്പായ നടൂ. ചെറിയ മരമായതിനാല്‍ കായ പറിച്ചെടുക്കാനും വളര്‍ത്താനും എളുപ്പമാണ്. റെഡ് ലേഡിയുടെ പഴങ്ങള്‍ രണ്ടാഴ്ചയോളം കേടുകൂടാതെ സൂക്ഷിക്കാം. നട്ടു കഴിഞ്ഞു എട്ട് മാസത്തിനുള്ളില്‍ പഴങ്ങള്‍ ലഭിക്കുമെന്നത് റെഡ് ലേഡിയുടെ ഗുണമാണ്.
ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലാണ് റെഡ് ലേഡിയുടെ തൈകള്‍ മുളപ്പിക്കാന്‍ നല്ലത്. ഒരു മീറ്റര്‍ വീതിയില്‍ അരയടി പൊക്കത്തില്‍ പണകള്‍ ഒരുക്കിയോ ചെറിയ പോളിത്തീന്‍ ബാഗുകളിലോ പപ്പായ വിത്ത് പാകാം. മണലും കാലിവളവും വൃത്തിയാക്കിയ മണ്ണും ചേര്‍ത്തിളക്കി തയാറാക്കിയ പണയിലോ ബാഗുകളിലോ പപ്പായ വിത്ത് അഞ്ച് സെന്റി താഴ്ചയില്‍ കുഴിച്ചു വയ്ക്കുക. ആവശ്യാനുസരണം നനച്ചു കൊടുക്കണം. രണ്ടു മാസം പ്രായമായ തൈകള്‍ മാറ്റി നടാം, മെയ്- ജൂണ്‍ മാസങ്ങളില്‍ മാറ്റി നടുന്നതാണ് ഉത്തമം. രണ്ട് മീറ്റര്‍ അകലത്തില്‍ അര മീറ്റര്‍ സമചതുരത്തില്‍ തയാറാക്കിയ കുഴികളില്‍ മേല്‍മണ്ണും ജൈവവളവും കൂട്ടിയിളക്കിയ മണ്ണില്‍ വേരുകള്‍ പൊട്ടാതെ മാറ്റിനടുക. വൈകുന്നേരമാണു തൈ നടാന്‍ പറ്റിയ സമയം. മഴയ്ക്ക് മുന്‍പ് ജൈവവളക്കൂട്ടോ, കോഴിവളമോ ഇട്ടുകൊടുത്താല്‍ മതി. തൈകളുടെ തടത്തില്‍ വെള്ളം കെട്ടികിടക്കാന്‍ സമ്മതിക്കരുത്.
ഒന്നു രണ്ടു മാസമായാല്‍ വളപ്രയോഗം നല്‍കണം.
ആറുമാസംകൊണ്ട് ഒരു മരത്തിൽനിന്ന് ശരാശരി 20 കായ് ലഭിക്കും. ഒന്നിനു നാലര കിലോവരെ തൂക്കം ലഭിക്കാമെങ്കിലും വളപ്രയോഗം നിയന്ത്രിച്ച് ശരാശരി ര‌ണ്ട് കിലോയിൽ തൂക്കം ഒതുക്കാം.. ഒരു പപ്പായയ്ക്ക് 70-80 രൂപ എന്ന വിലയ്ക്കു വിൽക്കാൻ കഴിഞ്ഞാലേ ഉപഭോക്താക്കളെ ആകർഷിക്കാനാവൂ.
വെള്ളമാണ് പപ്പായയുടെ ശത്രുവും മിത്രവും. ചുവട്ടിൽ 24 മണിക്കൂറിലേറെ വെള്ളം കെട്ടിനിന്നാൽ മരം ചീയും. അതേസമയം മഴക്കാലത്തൊഴികെ ഒരു മരത്തിന് ദിവസം പത്തു ലിറ്റര്‍ വെള്ളം വേണം താനും. വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ചുവട്ടിൽ ചെറിയ ഉയരത്തിൽ മണ്ണ് കൂമ്പൽ കോരുന്നതാണ് പരിഹാരം.