Home വാണിജ്യം ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്യുന്നവർ അറിയുവാൻ …

ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്യുന്നവർ അറിയുവാൻ …

99 ശതമാനം വിലക്കിഴിവോടെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റായ ഫ്ളിപ്കാര്‍ട്ടില്‍ സെയില്‍ നടക്കുന്നു എന്നത് ഏറെ പ്രചരിക്കപ്പെട്ടിരുന്നു. അതിനൊപ്പം ഒരു ലിങ്കും നല്‍കിയിണ്ടായിരുന്നു. സന്ദേശം കണ്ട് മൊബൈലില്‍ നേരത്തെ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ള ഫ്ളിപ്കാര്‍ട്ട് ആപ്ലിക്കേഷനിലൂടെ വെബ്സൈറ്റ് സന്ദര്‍ശിച്ചവര്‍ക്ക് ഓഫറൊന്നും കാണാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. എന്നാല്‍ മെസ്സേജില്‍ കൊടുത്ത ലിങ്കിലൂടെ വെബ്സൈറ്റിലെത്തിയ ഉപഭോക്താക്കള്‍ക്ക് 99% വിലക്കിഴിവോടെ നടക്കുന്ന സെയില്‍ കാണാനായി. പക്ഷേ ഇതിന് പിന്നിൽ ഒരു ചതിയുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ ഫ്ളിപ്കാര്‍ട്ടില്‍ അത്തരത്തിലൊരു സെയില്‍ നടക്കുന്നേയില്ല. ഫ്ളിപ്കാര്‍ട്ടിന്റേതെന്ന് തോന്നിക്കുന്ന വ്യാജ വെബ്സൈറ്റാണ് ഈ ഓഫറുമായി പ്രത്യക്ഷപ്പെട്ടത്. യഥാര്‍ത്ഥത്തില്‍ ഫ്‌ളിപ്കാര്‍ട്ടിനോട് കിടപിടിക്കുന്ന രീതിയില്‍ കളര്‍ തീം അടക്കം കോപ്പി ചെയ്ത് രൂപം നല്‍കിയിരിക്കുന്ന ഈ വെബ്സൈറ്റിന്റെ യുആര്‍എല്‍ ശ്രദ്ധിച്ചാല്‍ ഇതിലെ ചതി ആദ്യഘട്ടത്തില്‍ തന്നെ മനസ്സിലാക്കാം.ഇതേ സമയം ഫ്‌ളിപ്പാകാര്‍ട്ട് പോലെ തന്നെ ഇവിടെയും നിരവധി സാധനങ്ങള്‍ വില്‍പ്പനയ്ക്കായി വെച്ചിട്ടുണ്ട്. ഇഷ്ടപ്പെട്ട വസ്തുക്കള്‍ വാങ്ങാനായി കാര്‍ട്ടില്‍ ഇട്ട്, ഒടുവില്‍ ചെക്ക് ഔട്ട് ഓപ്ഷനിലേക്ക് കടക്കുന്നതോടെ അഡ്രസ്സ് ചോദിക്കും.പിന്നീട് ഓര്‍ഡര്‍ കണ്‍ഫേം ചെയ്യാനുള്ള പേജ് വരും. ഇതില്‍ ‘കണ്‍ഫേം’ ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് കഴിഞ്ഞാല്‍ ‘ഇന്‍വൈറ്റ് ഫ്രണ്ട്സ്’ എന്ന ചെറു വിന്‍ഡോ തുറന്നുവരികയും അതില്‍ കാണിച്ചിരിക്കുന്ന ബാറിന്റെ നിറം പൂര്‍ണ്ണമായും നീലയാകുന്നത് വരെ ഇന്‍വൈറ്റ് ബട്ടണ്‍ അമര്‍ത്തിക്കൊണ്ടേയിരിക്കണം. ഇത് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ വ്യാജ ഓര്‍ഡര്‍ നമ്പറടങ്ങുന്ന ഓര്‍ഡര്‍ വിവരങ്ങള്‍ കാണാം. പിന്നീട് പോകുന്നത് ഗൂഗിളിന്റെ പ്ലേ സ്റ്റോറിലേക്കായിരിക്കും. വണ്‍ ആഡ് എന്ന ആപ്ലിക്കേഷന്‍ ഇവിടെ കാണും. ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോട് ചെയ്യിക്കുകയാണ് ഈ വ്യാജ സൈറ്റിന്റെ ലക്ഷ്യം. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡിന്റെ എണ്ണം കൂട്ടാനുള്ള വഴി മാത്രമാണ് വ്യാജ വെബ്സൈറ്റ്. പ്രമുഖ സൈറ്റുകളുടെ വ്യാജൻമാരെ കരുതിയിരിക്കണമെന്നർത്ഥം.