ഗോള്‍ഡന്‍ വീസ ഉടമകള്‍ക്ക് ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് അബുദാബി റസിഡന്റ്സ് ഓഫിസ് (എഡിആര്‍ഒ). ഓട്ടമോട്ടീവ്, റിയല്‍ എസ്റ്റേറ്റ്, ഹെല്‍ത്ത് കെയര്‍, ഹോസ്പിറ്റാലിറ്റി, ആരോഗ്യ ഇന്‍ഷുറന്‍സ്, ബാങ്കിങ് തുടങ്ങിയ മേഖലകളിലാണ് ആനുകൂല്യം. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രമുഖ ബ്രാന്‍ഡുകളുമായും സ്ഥാപനങ്ങളുമായും എഡിആര്‍ഒ കരാറില്‍ ഒപ്പുവച്ചു.
വിലക്കുറവില്‍ വാഹനങ്ങള്‍ വാങ്ങാനും തവണ വ്യവസ്ഥകളുമാണ് ഓട്ടമോട്ടീവിലെ ആനുകൂല്യം. കൂടാതെ ബുക്കിങ്, അറ്റകുറ്റപ്പണി, ലൈസന്‍സ് തുടങ്ങിയ സേവനങ്ങള്‍ക്കും മുന്‍ഗണനയുണ്ട്. ഹോസ്പിറ്റാലിറ്റി മേഖലയില്‍ താമസം, ഭക്ഷണം, സ്പാ, ജിം തുടങ്ങിയവ ആകര്‍ഷക നിരക്കില്‍ ലഭിക്കും. വ്യക്തിക്കും കുടുംബത്തിനും കുറഞ്ഞ പ്രീമിയത്തോടെ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കും.
യുഎഇക്ക് അകത്തും പുറത്തുമുള്ളവര്‍ക്കും ആനുകൂല്യമുണ്ടാകും. അബുദാബിയെ അതിവിദഗ്ധരുടെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി ലോകോത്തര പ്രതിഭകള്‍ക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. കലാ സാഹിത്യ, സാംസ്‌കാരിക, ശാസ്ത്ര, വിജ്ഞാന മേഖലകളില്‍ മികവു പുലര്‍ത്തുന്ന വ്യക്തികള്‍ക്കും സംരംഭകര്‍ക്കും ദീര്‍ഘകാല താമസം അനുവദിക്കുന്ന 5, 10 വര്‍ഷത്തെ ഗോള്‍ഡന്‍ വീസയാണ് നല്‍കുന്നത്.