Home അറിവ് 40 വയസിന് ശേഷം പുരുഷന്‍മാരില്‍ ഈ ലക്ഷണങ്ങള്‍ കാണുന്നുണ്ടോ?; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

40 വയസിന് ശേഷം പുരുഷന്‍മാരില്‍ ഈ ലക്ഷണങ്ങള്‍ കാണുന്നുണ്ടോ?; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

പ്രായം കൂടുത്തതിനൊപ്പം സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം ഒരുപോലെ ആരോഗ്യപ്രശ്‌നങ്ങളും കണ്ടുവരാം. എന്നാല്‍ ലിംഗവ്യത്യാസത്തിന് അനുസരിച്ച് ചില പ്രശ്നങ്ങള്‍ വ്യത്യാസപ്പെട്ടും. ഉദാഹരണത്തിന് സ്ത്രീകളിലെ ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പുരുഷന്‍മാരെ അപേക്ഷിച്ച് വ്യത്യസ്തമായിരിക്കും.

പുരുഷന്മാര്‍ക്ക് അവരുടേതായ രീതിയില്‍ പ്രശ്നങ്ങള്‍ വരാം. പ്രധാനമായും നാല്‍പത് കടന്നവരാണ് ആരോഗ്യകാര്യങ്ങളില്‍ സാധാരണത്തേതിലും കരുതലെടുക്കേണ്ടത്. അത്തരത്തില്‍ നാല്‍പത് കടന്ന പുരുഷന്മാര്‍ കരുതലെടുക്കേണ്ട ഒരു വിഷയത്തെ കുറിച്ച് അറിയാം.

എപ്പോഴും തളര്‍ച്ച, ചുരുങ്ങിയ സമയത്തിനുള്ളില്‍ ശരീരഭാരം കുറയുക, മലത്തില്‍ രക്തം കാണുക, അല്‍പം ഭക്ഷണം കഴിക്കുമ്പോഴേക്ക് വയര്‍ വല്ലാതെ നിറഞ്ഞതായി തോന്നുക, ദഹനപ്രശ്നങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പതിവായി കാണുന്ന പക്ഷം പ്രത്യേകം ശ്രദ്ധിക്കുക. ഇത് ആമാശയ അര്‍ബുദത്തിലേക്കുള്ള സൂചനകളാകാം.

ഈ ലക്ഷണങ്ങള്‍ സ്ത്രീകളിലും സമാനം തന്നെയായിരിക്കും. എന്നാല്‍ ഇന്ത്യയില്‍ വയറ്റിലെ ക്യാന്‍സര്‍ സ്ത്രീകളെ താരതമ്യപ്പെടുത്തുമ്പോള്‍ പുരുഷന്മാരിലാണ് കൂടുതല്‍. രാജ്യത്ത് പുരുഷന്മാരില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂന്നാമത് ക്യാന്‍സറാണ് ഇത്. മദ്യപാനം, പുകവലി, അനാരോഗ്യകരമായ ഭക്ഷണരീതികള്‍ എന്നിവയെല്ലാമാണ് പുരുഷന്മാരില്‍ ആമാശയ ക്യാന്‍സര്‍ അധികമാക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നെഞ്ചെരിച്ചില്‍, ഗ്യാസ്ട്രബിള്‍, വയറുവേദന, ഓക്കാനം, ഭക്ഷണം കഴിക്കാന്‍ തന്നെ ബുദ്ധിമുട്ട് എന്നിങ്ങനെയുള്ള ലക്ഷണങ്ങളും ആമാശയ അര്‍ബുദത്തിന്റേതായി വരാം. ഇതില്‍ അല്‍പം ഭക്ഷണം അകത്തുചെല്ലുമ്പോള്‍ തന്നെ വയറ് നിറഞ്ഞതായി അനുഭവപ്പെടുന്ന ലക്ഷണമാണ് പ്രാഥമികമായി അധികപേരിലും പ്രത്യക്ഷപ്പെടുക. എന്നാലിത് പലപ്പോഴും നമ്മള്‍ കാര്യമായി എടുക്കില്ല.

അതുകൊണ്ട് തന്നെ രോഗം കണ്ടെത്താന്‍ ഏറെ സമയമെടുക്കുകയും ചെയ്യുന്നു. സമയത്തിന് രോഗനിര്‍ണയം നടക്കുകയെന്നത് ഇതില്‍ പ്രധാനമാണ്. മിക്ക കേസുകളും വൈകി മാത്രം സ്ഥിരീകരിക്കപ്പെടുമ്പോഴാണ് കൂടുതല്‍ സങ്കീര്‍ണതകളുണ്ടാകുന്നത്.

നേരത്തെയാണെങ്കില്‍ ഓപ്പണ്‍ സര്‍ജറി പോലും ആവശ്യമായി വരില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കീ ഹോള്‍ സര്‍ജറി തന്നെ ധാരാളമാണത്രേ. സമയം വൈകും തോറും രോഗം ഭേദമാകാനുള്ള സാധ്യതയും രോഗി രക്ഷപ്പെടാനുള്ള സാധ്യതയും കുറഞ്ഞുവരുന്നു.

40 വയസിന് മുകളിലുള്ളവരാണെങ്കില്‍, പ്രത്യേകിച്ചും പുരുഷന്മാര്‍ കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നത് ഉചിതമാണ്. മറ്റ് പല അസുഖങ്ങള്‍ കണ്ടെത്തുന്നതിനും ഇത് നല്ലതാണ്. സ്ത്രീകളും വര്‍ഷത്തില്‍ മുഴുവന്‍ ചെക്കപ്പുകളും ചെയ്യുന്നത് നല്ലതാണ്.

വയറ്റിലെ ക്യാന്‍സര്‍ കണ്ടെത്തുന്നതിന് എന്‍ഡോസ്‌കോപ്പിയോ, കൊളണോസ്‌കോപ്പിയോ ആണ് അധികവും ചെയ്യുന്നത്. മലം പരിശോധിക്കുന്നതിലൂടെയാണ് അധിക കേസുകളിലും സംശയം വരുന്നത്. എന്തായാലും ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും മെഡിക്കല്‍ ചെക്കപ്പ് ചെയ്യുന്നതാണ് എപ്പോഴും നല്ലത്.

ഇതോടൊപ്പം മദ്യപാനം പുകവലി പോലുള്ള ശീലങ്ങള്‍ നിയന്ത്രിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുക. കൂട്ടത്തില്‍ ആരോഗ്യകരമായ ജീവിതരീതികളും ഉറപ്പാക്കുക. നല്ല ഭക്ഷണം, ഉറക്കം, വ്യായാമം,വിനോദങ്ങള്‍, മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് അകലം പാലിക്കല്‍ എല്ലാം ആവശ്യമാണ്. പ്രായം കൂടുന്നതിന് അനുസരിച്ച് ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. എന്നാല്‍ നാം അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ വാര്‍ദ്ധക്യത്തിലാണെങ്കിലും യുവാക്കളെ പോലെ ജീവിക്കാം.